നിങ്ങളുടെ കല്ലേറിനൊന്നും എന്നെ വീഴ്ത്താന്‍ കഴിയില്ല- സുഗതകുമാരി
text_fieldsഓര്‍മകള്‍ ആവേശപ്പെടുത്തുകയാണോ? അതോ അസ്വസ്ഥപ്പെടുത്തുകയോ?
അച്ഛന്‍ മരിക്കാന്‍ കിടന്നനേരം എന്നെ നോക്കി കരഞ്ഞു. മോളേ നിനക്കൊന്നും ഞാന്‍ തേടിത്തന്നില്ലല്ലോ. കട്ടിലിന്‍ കീഴിലിരുന്ന ഞാന്‍ എഴുന്നേറ്റ് അച്ഛന്‍റെ കൈപിടിച്ചു. 'തന്നില്ലേ അച്ഛാ... എല്ലാം തന്നില്ലേ?'. 'എന്ത് തന്നു?' എന്നായി അച്ഛൻ. 'എന്‍റെ കൈയിലൊരു പേന വെച്ചുതന്നില്ലേ അച്ഛന്‍...പിന്നെ, ഒരു നട്ടെല്ല് തന്നില്ലേ? മതിയച്ഛാ...അതുമതി'-ഞാൻ പറഞ്ഞു. മരണക്കിടക്കയിലെ അച്ഛന്‍റെ വരണ്ട കണ്ണുകളില്‍ വെട്ടം തെളിയുന്നത് ഞാന്‍ കണ്ടു. ഒരുപക്ഷേ, ബോധേശ്വരന്‍റെ മകളല്ലായിരുന്നെങ്കില്‍ എനിക്കീ കൂരിരുള്‍വഴികള്‍ താണ്ടാന്‍ കരുത്ത് ഉണ്ടാകുമായിരുന്നുവോ? അറിയില്ല. കാരണം, അച്ഛന്‍ സ്വയം കത്തിയെരിഞ്ഞുകൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി പടനയിച്ച ആളായിരുന്നു.
നൂറോളം വര്‍ഷം മുമ്പ് നെയ്യാറ്റിന്‍കരയിലെ ധനവും പ്രതാപവുമുള്ള കുടുംബത്തിലായിരുന്നു അച്ഛന്‍റെ ജനനം. കവിതയെഴുതുകയും നല്ലവണ്ണം പാടുകയും പ്രസംഗിക്കുകയും ചെയ്യുന്ന ബോധേശ്വരന് ഗുസ്തിയിലും പ്രാവീണ്യമുണ്ടായിരുന്നു. ചെറുപ്പത്തിലെ സന്ന്യാസത്തോടായിരുന്നു പ്രിയം.
സ്വാമി വിവേകാനന്ദന്‍റെ ജീവിതത്തോടും ദര്‍ശനങ്ങളോടും വലിയ ആവേശമായിരുന്നു. അതിനിടയില്‍, ഒരുനാള്‍ വീട്ടില്‍നിന്നിറങ്ങി. ഇന്ത്യ മുഴുവന്‍ അലഞ്ഞുതിരിഞ്ഞശേഷം മടങ്ങിവന്നു. ശ്രീനാരായണ ഗുരുവിനെപോയി കണ്ടു. ശിഷ്യനാക്കണമെന്ന് അപേക്ഷിച്ചു. ഗുരു സമ്മതിച്ചില്ല. നിനക്ക് ഇതല്ല വഴിയെന്ന് ഗുരു കല്‍പിച്ചു. പിന്നെയും വാശിപിടിച്ചപ്പോള്‍ നാരായണഗുരു ചട്ടമ്പിസ്വാമിയെ പോയി കാണാന്‍ പറഞ്ഞു. ചട്ടമ്പിസ്വാമിയും സന്ന്യാസം വിധിച്ചിട്ടില്ലെന്ന് പറഞ്ഞ് മന്ദഹസിച്ചു.
ഇതിനെ തുടര്‍ന്നാണ് അച്ഛന്‍റെ ശ്രദ്ധ സ്വാതന്ത്ര്യസമരത്തിലേക്ക് തിരിയുന്നത്. വടക്കേ ഇന്ത്യയില്‍ കറങ്ങിത്തിരിയുമ്പോഴെ അച്ഛന്‍റെയുള്ളില്‍ ഈ തീജ്വാല വന്നുവീണിരുന്നു. നാലണവാങ്ങി മെമ്പര്‍ഷിപ് ചേര്‍ക്കാനും ആളെക്കൂട്ടി മീറ്റിങ്ങുകള്‍ നടത്താനും ഓടിനടന്ന് തുടങ്ങി. ഇതിനിടയിലായിരുന്നു വിവാഹം. ഗവ. വിമന്‍സ് കോളജിലെ അധ്യാപികയായ കാര്‍ത്യായനി അമ്മയെ അദ്ദേഹം വിവാഹം കഴിച്ചു. അങ്ങനെ അന്ന് ആറന്മുളയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പൂര്‍ണമായും പറിച്ചുനട്ടു. ഒരിക്കലും പ്രായോഗികവാദിയല്ലാത്ത അച്ഛന്‍റെയും ഞങ്ങള്‍ മൂന്ന് പെണ്‍മക്കളുടെയും ചുമതലകളൊക്കെ ഏറ്റെടുത്തിരുന്നത് അമ്മയായിരുന്നു. അമ്മ തീരെ മെലിഞ്ഞ ആളായിരുന്നു. ഒരു കൃശഗാത്രി. ഗുസ്തിക്കാരനും കരുത്തനുമായ അച്ഛനെ അപേക്ഷിച്ച് അമ്മയുടെ ശാരീരിക അവസ്ഥ ദയനീയമായിരുന്നു. പക്ഷേ, അവര്‍ ഒരു തീജ്വാലപോലെ കരുത്തുള്ള വ്യക്തിത്വമായിരുന്നു.
അച്ഛനെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ഓര്‍മവരുക കോര്‍ണര്‍ മീറ്റിങ്ങുകള്‍ മുതല്‍ മഹാ സമ്മേളനങ്ങള്‍ വരെയാണ്. വൈകുന്നേരങ്ങളില്‍ അച്ഛന്‍ ഞങ്ങളെയുംകൊണ്ട് നടക്കാനിറങ്ങും. പ്ലാമൂടും പേട്ടയിലുമൊക്കെ അച്ഛനെ കാണുമ്പോള്‍തന്നെ ആള്‍ക്കൂട്ടം ഉണ്ടാകും. സാഹിത്യഭാഷയില്‍ വര്‍ത്തമാനം പറഞ്ഞ് അവരെ ആവേശഭരിതമാക്കാന്‍ അച്ഛനൊരു പ്രത്യേക കഴിവായിരുന്നു. അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് മുഖരിതമായിരുന്നു എപ്പോഴും വീട്. എം.എന്‍. ഗോവിന്ദന്‍നായര്‍ അമ്മയുടെ സഹോദരന്‍റെ മകനായിരുന്നു. എം.എന്‍ വരും. ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, പട്ടംതാണുപിള്ള, പൊന്നറ ശ്രീധരന്‍, നാരായണപിള്ള, ചന്ദ്രശേഖരപിള്ള, കെ.സി. ജോര്‍ജ്, ആറന്മുള ഭാസ്‌കരന്‍നായര്‍, ഡോ. കെ.എം. ജോര്‍ജ്, വൈക്കം മുഹമ്മദ് ബഷീര്‍, പി. ഭാസ്‌കരന്‍ ഇവരൊക്കെ വീട്ടില്‍ വന്നിരുന്ന് പാടുന്നത് ഓര്‍ത്തുപോകുന്നു. അച്ഛന്‍ കോണ്‍ഗ്രസായിരുന്നിട്ടും കമ്യൂണിസ്റ്റുകളും വീട്ടില്‍ വരുമായിരുന്നു. ആര്‍. സുഗതന്‍, ടി.പി. തോമസ് എന്നിവരെല്ലാം.
എന്തുകൊണ്ടായിരുന്നു, ഒരു റെബലായിട്ടുകൂടി ബോധേശ്വരന്‍ കോണ്‍ഗ്രസായത്? സ്വഭാവപ്രകൃതിവെച്ച് കമ്യൂണിസത്തോട് ചേര്‍ന്നുനില്‍ക്കേണ്ട ആളല്ലേ?
അച്ഛന്‍ ജീവിതത്തിലുടനീളം ഒരു റെബലായിരുന്നു എന്നത് ശരിതന്നെയാണ്. പക്ഷേ, അതെല്ലാം നമുക്കുവേണ്ടിയുള്ള നിഷേധസ്വഭാവമായിരുന്നു. മാത്രമല്ല, ആധ്യാത്മികമായ ഒരടിത്തറയും അച്ഛന് ഉണ്ടായിരുന്നല്ലോ. അന്ന് രണ്ട് മഹാന്മാരായിരുന്നു ലോകത്തിനുമുന്നില്‍ പ്രധാനമായും നിലനിന്നിരുന്നത്. ഗാന്ധിയും സ്റ്റാലിനും. സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവക്കുവേണ്ടി വാദിച്ച അച്ഛന്‍ സ്വേച്ഛാധിപത്യത്തെ അതിശക്തമായി എതിര്‍ത്തു. അതുകൊണ്ടായിരുന്നു കമ്യൂണിസ്റ്റുകളോടുള്ള എതിര്‍പ്പ്. വീട്ടില്‍ കമ്യൂണിസ്റ്റുകളുമായി വര്‍ത്തമാനത്തില്‍ അങ്ങനെ സംഘര്‍ഷം ഉണ്ടാകാറുണ്ടായിരുന്നു. പിണങ്ങിപ്പോയാലും എം.എന്‍ ഒക്കെ പിന്നെയും വന്നുകയറും. യഥാര്‍ഥത്തില്‍ അന്ന് കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ലായിരുന്നു. കമ്യൂണിസ്റ്റുകളും ഒരുതരം ഗാന്ധിയന്മാരായിരുന്നു അന്ന്. മാത്രമല്ല, ഇരുകൂട്ടരും നാടിന് സ്വാതന്ത്ര്യം വേണം എന്ന ആവശ്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
സ്വാതന്ത്ര്യപോരാട്ടം ശക്തമായപ്പോള്‍ അച്ഛന്‍ ഒളിവില്‍പോയി. പൊലീസുകാര്‍ അച്ഛനുവേണ്ടിയും മറ്റ് നേതാക്കള്‍ക്കുവേണ്ടിയും നാടെങ്ങും അരിച്ച് പെറുക്കുന്നു. പാര്‍ട്ടി ലഘുലേഖകള്‍ നാടെങ്ങും എത്തിക്കാന്‍ അച്ഛന്‍ കണ്ട ഉപായം ഞങ്ങളെ അതിന്‍റെ വിതരണക്കാരാക്കുക എന്നതായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആയിരുന്നു രാജ്യത്തിന്‍റെ സ്വാതന്ത്ര്യപ്രഖ്യാപനം വന്നത്. അന്ന് മനസ്സിലുദിച്ച നിലാവിന്‍റെ അഴക് എത്രയോ ഇരട്ടിയായിരുന്നു.
നാടിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അച്ഛന്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു? എന്തുകൊണ്ടായിരുന്നു അദ്ദേഹം അധികാരരാഷ്ട്രീയത്തോട് പുറംതിരിഞ്ഞ് നിന്നുകളഞ്ഞത്?
അച്ഛന് എം.എല്‍.എയോ മന്ത്രിയോ ആകാനും അധികാരത്തിന്റെ മധുരം ആസ്വദിക്കാനുമൊന്നും കഴിയില്ലായിരുന്നു. ഒറ്റയാനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര പെന്‍ഷന് അപേക്ഷ കൊടുക്കാന്‍ ആരോ പറഞ്ഞപ്പോള്‍ അദ്ദേഹമൊന്ന് തറപ്പിച്ചുനോക്കി. പറഞ്ഞയാള്‍ ചൂളിപ്പോയി.
സുഗതകുമാരി കവിതയുടെ വഴിയെ നടന്നുതുടങ്ങിയത് എന്നുമുതല്‍ക്കാണ്?
കുട്ടിക്കാലം മുതലേ കവിതയുടെ നാമ്പുകള്‍ ഉള്ളില്‍ മുളപൊട്ടിയിരുന്നു. കോട്ടണ്‍ഹില്‍ സ്‌കൂളില്‍വെച്ച് എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതല്‍ വൈകുന്നേരം 4.30 വരെ സാഹിത്യവിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതെനിക്ക് ഗുണപ്പെട്ടു. കവിതയെ ഉള്ളില്‍കൊണ്ടുനടക്കുമ്പോഴും പഠനത്തില്‍ മോശമായിരുന്നു. വിദ്യാഭ്യാസം ഗൗരവമായി എടുക്കാത്ത ആളായിരുന്നു ഞാന്‍. എപ്പോഴും കളിയായിരുന്നു. കണക്കില്‍ തീരെ പിടിയില്ലായിരുന്നു. പത്താം ക്ലാസ് ഞാന്‍ തോല്‍ക്കുമെന്നായിരുന്നു വീട്ടില്‍ എല്ലാവരുടെയും ആധി. സി.പി ഗ്രൂപ്പ് സിസ്റ്റം കൊണ്ടുവന്നതുകൊണ്ടായിരുന്നു കണക്ക് ഒഴിവാക്കിയുള്ള ഗ്രൂപ്പ് തിരഞ്ഞെടുത്ത് പരീക്ഷയെഴുതി വിജയിക്കാന്‍ കഴിഞ്ഞത്. വിമന്‍സ് കോളജിലെത്തിയപ്പോഴും കളിച്ച് നടന്നു. യൂനിവേഴ്‌സിറ്റി കോളജിലെത്തിയപ്പോഴാണ് പഠനം ഗൗരവമായി എടുക്കണമെന്ന ചിന്തയുണ്ടായത്.
സ്‌കൂളുകളിലും വിമന്‍സ് കോളജിലും യൂനിവേഴ്‌സിറ്റി കോളജിലും പഠിക്കുമ്പോഴും കവിത ആരും കാണാതെ എഴുതിക്കൊണ്ടിരുന്നു. യൂനിവേഴ്‌സിറ്റി കോളജില്‍ മലയാളം, ഇംഗ്ലീഷ് കവിതാമത്സരങ്ങളില്‍ എസ്.കെ എന്ന പേരില്‍ ഞാന്‍ കവിതകള്‍ എഴുതി. അവക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. പക്ഷേ, പിന്നീട് എസ്.കെ ആരെന്ന് ആര്‍ക്കും അറിയില്ല. എന്‍. മോഹനന്‍ അടങ്ങുന്ന മാഗസിന്‍ കമ്മിറ്റി എസ്.കെ ആരെന്ന് അറിയിക്കുന്നവര്‍ക്ക് പത്തു രൂപ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടും ഫലം ഉണ്ടായില്ല.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനം തിരുവനന്തപുരത്ത് നടന്നപ്പോള്‍ കവിതാ മത്സരം നടത്തിയിരുന്നു. ഞാനതില്‍ ശ്രീകുമാര്‍ എന്നപേരില്‍ കവിതയയച്ചു. കവിതക്ക് ഒന്നാം സമ്മാനവും ലഭിച്ചു. പക്ഷേ, അച്ഛന്‍ അറിഞ്ഞപ്പോള്‍ ഫലം കാന്‍സല്‍ ചെയ്യിപ്പിച്ചു. അച്ഛനും ജഡ്ജിങ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നുവത്രെ. പിന്നീട്, അതേ കവിത എന്‍.വി. കൃഷ്ണവാര്യര്‍ക്ക് ശ്രീകുമാര്‍ എന്ന പേരില്‍ അയച്ചുകൊടുത്തു. കവിത മാതൃഭൂമിയില്‍ അച്ചടിച്ചുവന്നു. വീണ്ടും അയച്ച കവിതകളും വന്നു. ഇതിനിടയില്‍ ചേച്ചി ഞാനറിയാതെ എന്‍റെയൊരു കവിതയെടുത്ത് കോളജ് മാഗസിന് നല്‍കി. ആ കവിത ഞാന്‍ മാതൃഭൂമിക്ക് അയച്ചിരിക്കുകയായിരുന്നു. രണ്ടിലും കവിത വന്നപ്പോള്‍ ആരോ രണ്ടും വെട്ടിയെടുത്ത് എന്‍.വിക്ക് അയച്ചുകൊടുത്തു. എന്‍.വി അത് ശ്രീകുമാര്‍ എന്ന വിലാസത്തില്‍ എനിക്കയച്ചു. ഞാന്‍ രണ്ടുപേരും ഒരാളെന്ന സത്യംവെളിപ്പെടുത്തുകയും മാപ്പ് അപേക്ഷിച്ചുകൊണ്ട് കത്ത് എഴുതുകയും ചെയ്തു. അതിനുശേഷം ഞാനൊരു തൂലികാനാമവും കടമെടുത്തിട്ടില്ല.
ഇതിനിടയില്‍ എം.എക്ക് ഒന്നാം റാങ്ക് ലഭിച്ചു. പിഎച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്തു. അവിടെവെച്ച് അധ്യാപകനായ ആളെ കണ്ടുമുട്ടി. പരിചയപ്പെട്ടു. പ്രണയിച്ചു. വിവാഹനിശ്ചയത്തിനുശേഷം അഞ്ച് വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം. ഇതിനിടയില്‍ കുറെക്കാലം ദല്‍ഹിയില്‍. രോഗങ്ങളോടുള്ള ഒരു മല്ലിടലായിരുന്നു ആ കാലം. യൗവനം രോഗങ്ങള്‍ക്കൊപ്പമായിരുന്നു എന്ന് പറയാം. 1970കളിലൊക്കെ എത്തിയപ്പോഴാണ് അല്‍പമെങ്കിലും ആശ്വാസം ലഭിച്ചത്. ഇതിനിടയില്‍ തളിര് പത്രാധിപയായി. അതിനിടയിലായിരുന്നു സൈലന്റ്വാലി പ്രക്ഷോഭത്തിലേക്ക് നയിക്കപ്പെട്ടത്. അത് എന്‍റെ ജീവിതത്തിലെ ഒരു ടേണിങ് പോയന്‍റായിരുന്നു. അതില്‍ ചെന്നുപെടാതിരിക്കാന്‍ കഴിയില്ലായിരുന്നു. അത്രക്ക് ശക്തമായിരുന്നു കാടിന്‍റെ നിലവിളി. സൈലന്റ്വാലിയുമായി ബന്ധപ്പെട്ടപ്പോള്‍തന്നെ അട്ടപ്പാടിയിലെയൊക്കെ ആദിവാസികളുടെ ദയനീയ ജീവിതം അടുത്തറിയാന്‍ കഴിഞ്ഞു. അതും മറ്റൊരുതരത്തിലുള്ള നടുക്കത്തിന് കാരണമായി. അതിനെ തുടര്‍ന്നാണ് 'നാട്ടുരാശാക്കളേ ആദിവാസികള്‍ക്ക് പൈക്കുന്നു' എന്ന ലേഖനം എഴുതിയത്. അങ്ങനെ ഒരേസമയംതന്നെ ഞാന്‍ കവിതയുടെയും കാടിന്‍റെയും ആദിവാസിമനുഷ്യരുടെയും ഒക്കെ ഭാഗമായി. ആ കാലം കവിതകള്‍ ശരിക്കെഴുതി.
അക്കാലത്തെ കവിതകളില്‍ കൂടുതല്‍ കൃഷ്ണകവിതകളായിരുന്നു?
കൃഷ്ണനെക്കുറിച്ചുള്ള എന്‍റെ കവിതകള്‍ അത് പ്രകൃതിയുടെയും ആത്മബോധത്തിന്‍റെയും ഒക്കെ പ്രതിഫലനങ്ങളാണ്. അല്ലെങ്കില്‍ത്തന്നെ ആരുടെ മനസ്സിലാണ് കൃഷ്ണന്‍ എന്ന വികാരം അല്ലാത്തത്. കൃഷ്ണനെ നമുക്കെങ്ങനെവേണമെങ്കിലും സങ്കല്‍പിക്കാം. വെണ്ണ കട്ടുതിന്നുന്ന, ഓടക്കുഴല്‍ വായിക്കുന്ന, കുരുക്ഷേത്ര ഭൂമിയിലെ ആചാര്യനായ, സര്‍വോപരി ഈശ്വരനായ... ഇങ്ങനെ പലതരത്തില്‍ രൂപപ്പെട്ടുകിടക്കുന്ന ഒരാള്‍ വിശ്വസാഹിത്യത്തിലില്ല. അതാണ് യാഥാര്‍ഥ്യം.
അഭയയുടെ രൂപവത്കരണം എങ്ങനെയായിരുന്നു?
ഊളമ്പാറ മാനസികാരോഗ്യ ആശുപത്രിയിലെ മനോരോഗികളായ സ്ത്രീകളെ തൊട്ടടുത്തുള്ള പൊലീസ് ക്യാമ്പില്‍ വില്‍പന നടത്തുന്നെന്ന് ഒരു വിവരം ലഭിച്ചു. അറിഞ്ഞപ്പോള്‍തന്നെ ഒന്നുരണ്ടുപേരുമായി അവിടേക്ക് പോയി. ആശുപത്രിക്ക് അകത്തുകയറാനുള്ള അനുവാദമൊക്കെ മുകളില്‍നിന്ന് വാങ്ങിയിരുന്നു. 1985ലായിരുന്നു ഈ സംഭവം. അവിടെ ചെന്നുകണ്ട കാഴ്ചകള്‍ നടുക്കുന്നതായിരുന്നു. മാനസികാരോഗ്യ ആശുപത്രികള്‍ അല്ലെങ്കില്‍തന്നെ അടഞ്ഞ ജയിലുകളായിരുന്നു അന്നെല്ലാം. അവക്കകത്തെല്ലാം എന്ത് സംഭവിക്കുന്നൂവെന്ന് ആരും തിരക്കാറില്ല. ഭ്രാന്ത് പിടിപെടുന്നവരെ പിടിച്ചുകെട്ടി അവിടെ കൊണ്ടുചെന്നാക്കിയശേഷം ഉറ്റവര്‍ മുങ്ങുകയാണ് പതിവ്. രക്തബന്ധം ഉള്ളവര്‍പോലും പിന്നീട് തിരിഞ്ഞുനോക്കാറില്ല. മരിച്ചതറിഞ്ഞാല്‍പോലും അന്ത്യകര്‍മങ്ങള്‍ നടത്താന്‍വരെ പലരും എത്താറില്ല.
മനോരോഗാശുപത്രിയില്‍ ചെന്നുകണ്ട കാഴ്ചകള്‍... ഇടുങ്ങിയ സെല്ലുകള്‍, വിസര്‍ജ്യങ്ങളുടെ കഠിനമായ ദുര്‍ഗന്ധം, തറയെല്ലാം ഇടിഞ്ഞുപൊളിഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നു. ചൊറി പിടിച്ച, ജടപിടിച്ച പെണ്ണുങ്ങള്‍ വിശക്കുന്നേയെന്ന് അലറി വിളിക്കുന്നു. പലരുടെയും വസ്ത്രങ്ങള്‍ അലക്കിയിട്ട് കാലമേറെ. പൊലീസ് ക്യാമ്പും മാനസികാരോഗ്യ ആശുപത്രിയും തമ്മിലുള്ള അതിര് ഒരു മതിലാണ്. അതാകട്ടെ, പലേടത്തും ഇടിഞ്ഞിരിക്കുന്നു. ആശുപത്രിയിലെ കാണാന്‍ കൊള്ളാവുന്നതും ആരോഗ്യമുള്ളവരുമായ സ്ത്രീകളെ രാത്രി പൊലീസ് ക്യാമ്പിലേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു പതിവ്. ആശുപത്രിയിലെ കീഴ് ജീവനക്കാരും പൊലീസുകാരും തമ്മിലുള്ള ഇടപാട്.
മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഞാനും തമ്മില്‍ പൊരിഞ്ഞ വഴക്ക് നടന്നു. ഇത് പന്നിക്കൂട്ടങ്ങളല്ല, അമ്മപെങ്ങന്മാരാണെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞുപോയപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍വികാരതയോടെ 'ഇവിടെ ഇങ്ങനെയൊക്കയേ പറ്റൂ' എന്നാണ് പറഞ്ഞത്. അന്ന് ആശുപത്രിയില്‍നിന്നിറങ്ങി അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ചു. ആ വൈകുന്നേരംതന്നെ 'അഭയ' ഉണ്ടായി. ലക്ഷ്യം മനോരോഗാശുപത്രിയിലെ ദുരന്തങ്ങള്‍ അവസാനിപ്പിക്കണം എന്നതായിരുന്നു.
എന്തൊക്കെ ചെയ്യണമെന്നൊന്നും വ്യക്തമായിരുന്നില്ല. എന്തെല്ലാം കഴിയും അതെല്ലാം ചെയ്യണം എന്നായിരുന്നു തുടക്കത്തിലേ ഉണ്ടായിരുന്നത്. എന്തിനും താങ്ങായി എന്‍റെ ഭര്‍ത്താവ് ഒപ്പം നിന്നു. ഒപ്പം പ്രകൃതിസംരക്ഷണ സമിതിയിലെ കുറച്ച് പ്രവര്‍ത്തകരും. അങ്ങനെ ഒരു വലിയ ദൗത്യം ആരംഭിച്ചു. യഥാര്‍ഥത്തില്‍ അതിനകത്ത് അടയ്ക്കപ്പെട്ടവര്‍ ആരായിരുന്നു. എനിക്ക് ഒരു പരിചയവും ഇല്ലാത്തവര്‍. ഞാനൊരിക്കലും കണ്ടിട്ടേയില്ലാത്തവര്‍.
ചിലരൊക്കെ പറഞ്ഞു- 'എന്തേ സുഗതേ ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നത്. ഭ്രാന്ത് പിടിച്ചവര്‍ക്കുവേണ്ടി...'.മറ്റ് ചിലര്‍ ചോദിച്ചത് 'എന്തിനാണ് ഇങ്ങനെ ഈ ജീവിതം മുഴുവന്‍ കൊടിയും പിടിച്ച് ഇങ്ങനെയൊക്കെ... ഇതുകൊണ്ടൊക്കെ എന്താകാന്‍?' എന്നാണ്. എം.എല്‍.എയും എം.പിയുമാകാനാണെങ്കില്‍ ഇതല്ല വഴിയെന്ന് ഓര്‍മിപ്പിച്ചവരുമുണ്ട്. എനിക്കവരോട് ഉത്തരമില്ലായിരുന്നു. ഇതുകൂടി തലയില്‍ കെട്ടിവെക്കണോ എന്ന് ചോദിച്ചവരോട് അന്നും ഞാന്‍ പറഞ്ഞത് ഇതായിരുന്നു-ഒരിക്കല്‍ നരകദര്‍ശനം ഉണ്ടായാല്‍ പിന്നെ അതില്‍നിന്ന് ആര്‍ക്കും മോചനമില്ല.
ഇതിനിടയില്‍, ആരോഗ്യവകുപ്പ് സെക്രട്ടറി കൃഷ്ണമൂര്‍ത്തി ഐ.എ.എസ് മറ്റ് ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ കൂടി എന്നോട് അഭ്യര്‍ഥിച്ചു. അതിനായി തൃശൂര്‍, കോഴിക്കോട് ആശുപത്രി സന്ദര്‍ശിക്കാനുള്ള പാസുകള്‍കൂടി അദ്ദേഹം കൊടുത്തയച്ചു. ആശുപത്രികളില്‍ ചെന്നപ്പോള്‍ അവിടെയും മനംപിരട്ടുന്ന കാഴ്ചകള്‍. മനസ്സ് തകര്‍ക്കുന്ന രൂപങ്ങള്‍. ഒരു മതസംഘടനയും കൂടെയില്ല. ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയില്ല. എന്നിട്ടും ഈ പാവങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ പിന്തുണ ചോദിച്ച് തെരുവിലേക്കിറങ്ങി. ഞങ്ങള്‍ ജാഥ നടത്തി. മെഡിക്കല്‍ കോളജിലെ പിള്ളേരും അജിതയും സുഹൃത്തുക്കളും ഒക്കെ ജാഥയില്‍ പങ്കാളികളായി. നാട് മുഴുവന്‍ ഞങ്ങള്‍ ബോധവത്കരണം നടത്തി. 'മനോരോഗാശുപത്രികളെ മാനവീയവത്കരിക്കുക' എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഈ ഒരു പോരാട്ടത്തിനിറങ്ങിയപ്പോള്‍ പൊതുജനത്തിന്‍റെ പിന്തുണ ഏറിവന്നു. ഒരു സമരത്തിന്‍റെ ധാര്‍മികത, മാനുഷികതയൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കുന്നവരാണ് ജനം. അവര്‍ നാം നടത്തുന്ന ഒരു പോരാട്ടത്തില്‍ വന്നുനിന്ന് ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ചെന്ന് വരില്ല. പക്ഷേ, അവരുടെ അനുഭാവം പലവിധത്തില്‍ എന്നെത്തേടിയെത്തി. ഒഴിവ് സമയങ്ങളില്‍ എന്നെത്തേടിയെത്തുന്നവര്‍, എനിക്ക് കത്തെഴുതിയവര്‍. അവരുടെ എണ്ണം പെരുകിവന്നു. ഒരു മഹാ സഞ്ചയം എന്നെ അനുഗ്രഹിക്കുംപോലെ തോന്നി.
ഇതിനിടയില്‍ ജയകുമാര്‍ ഐ.എ.എസ് എന്നെ വന്നു കണ്ടു. ഇതൊന്നുംകൊണ്ട് സര്‍ക്കാര്‍ കുലുങ്ങില്ല. കോടതിയെ സമീപിച്ചാലേ കാര്യമായ മാറ്റം ഉണ്ടാകൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശം. അങ്ങനെ കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹരജി കൊടുത്തു. കോടതി ഈ വിഷയത്തെ അടിയന്തര പ്രാധാന്യത്തോടെതന്നെ പരിഗണിച്ചു. മാനസികാരോഗ്യ ആശുപത്രികളിലെ പ്രവര്‍ത്തനങ്ങളെകുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് നരേന്ദ്രന്‍ കമീഷനെ അതിനായി രൂപവത്കരിച്ചു. കോടതി ഇടപെടലിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന മനോരോഗ ആശുപത്രികളുടെ കവാടങ്ങള്‍ തുറക്കപ്പെട്ടു. അവിടേക്ക് കാറ്റും വെളിച്ചവും കടന്നുവന്നു. കാന്‍റീനിലെ ഭക്ഷണക്കടത്ത് അവസാനിപ്പിച്ചു. വിശക്കുന്നേയെന്ന നിലവിളിനിന്നു. പെണ്ണുങ്ങളെ വില്‍പന നടത്തുന്നത് നിര്‍ത്തി. ചെറിയ സെല്ലുകള്‍ മാറ്റി. വാര്‍ഡുകളിലേക്ക് രോഗികളെ പ്രവേശിപ്പിച്ചു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം മെച്ചപ്പെടുത്തി. കുറെ ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലുമായി. ഈശ്വരന്‍റെ കഴിവ് എന്നേ പറയാന്‍ കഴിയൂ. ഞങ്ങള്‍ കേവലം അതിനുള്ള ഉപകരണങ്ങളായി മാറുകമാത്രമായിരുന്നു.
അങ്ങനെ അഭയ പ്രവര്‍ത്തനം തുടര്‍ന്നു. ഒരു മൂലധനവുമില്ല. കാര്യമായ രൂപരേഖയില്ല. മനോരോഗികളുടെ ക്ഷേമം എന്നത് മാത്രമായിരുന്നു ചിന്ത. ആദ്യത്തെ അഞ്ച് വര്‍ഷം മനോരോഗാശുപത്രിക്ക് അകത്തായിരുന്നു പ്രവര്‍ത്തനം. രോഗികളെ ഇടക്ക് സന്ദര്‍ശിക്കുക, അവരെ വൃത്തിയാക്കുക, പരിചരിക്കുക എന്നിവ. പതിയെ ലൈബ്രറി, തൊഴില്‍ പരിശീലനം എന്നിവയിലേക്കും കടന്നു. ഇതിനൊപ്പം കോടതി വെച്ചിട്ടുള്ള മോണിറ്ററിങ് സമിതിയും ആശുപത്രി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍, മറ്റൊരു യാഥാര്‍ഥ്യവും ഞങ്ങള്‍ മനസ്സിലാക്കി. രോഗം മാറുന്ന സ്ത്രീകളുടെ മുന്നില്‍ പുറംലോകം തിരിഞ്ഞുനില്‍ക്കുന്നു. അവരെ കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടുകാര്‍പോലും തയാറാകുന്നില്ല. ശാസ്തമംഗലത്ത് വാടകകെട്ടിടത്തില്‍ ഞങ്ങള്‍ പുനരധിവാസ കേന്ദ്രം തുടങ്ങി. പതിയെ അഭയയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മനോരോഗികളല്ലാത്തവരും അഭയയിലേക്ക് വന്നുതുടങ്ങി. മദ്യവും പുരുഷപീഡനങ്ങള്‍കൊണ്ട് വശംകെട്ടവരും ഒക്കെയായിട്ടുള്ളവര്‍. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയായവര്‍. അഭയയിലെ തുടക്കത്തിലേക്കുള്ള കെ.വി. സുരേന്ദ്രനാഥ് എന്ന ആശാൻ പ്രസിഡന്‍റും ഞാന്‍ സെക്രട്ടറിയുമായിരുന്നു.
അഭയയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. എവിടെ നിന്നെല്ലാം സഹായം ലഭിച്ചു? പ്രത്യേകിച്ച്, സാമ്പത്തികം.
ഞാന്‍ നേരത്തേ പറഞ്ഞപോലെ അണിയറയില്‍ അഭയക്ക് പിന്‍ബലം നല്‍കാന്‍ ആരുമില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരുന്നു. സംഘടനകളോ ബിസിനസുകാരോ ആരുമില്ല. ആകെയുള്ളത് കുറച്ച് നന്മയുള്ള മനുഷ്യര്‍ മാത്രം. കവയിത്രി എന്ന നിലയില്‍ എനിക്കുള്ള വിശ്വാസ്യത അഭയക്കുവേണ്ടി പരമാവധി ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഗള്‍ഫിലും വിദേശ രാജ്യങ്ങളിലും ഒക്കെ പരിപാടികള്‍ക്ക് ക്ഷണിക്കാന്‍ വരുമ്പോള്‍ ഞാനവരോട് നിര്‍ബന്ധം പിടിച്ചിരുന്നു, 'അഭയക്ക് എന്തെങ്കിലും തരണം'. അങ്ങനെ നിരവധി വിദേശ മലയാളി സംഘടനകള്‍ എന്നെ കൂട്ടിക്കൊണ്ടുപോയപ്പോള്‍ ഞാനെങ്ങും ഷോപ്പിങ്ങിന് പോയില്ല. ഗിഫ്റ്റുകള്‍ വാങ്ങിയില്ല. ഞാന്‍ അഭയയെക്കുറിച്ചും അവിടത്തെ അനാഥ മനുഷ്യരെക്കുറിച്ചും അവരെയെല്ലാം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു നെറ്റ്‌വര്‍ക്കുണ്ടായി. ചെറുതും വലുതുമായ തുകകള്‍ അഭയക്ക് ലഭിച്ചുതുടങ്ങി. പത്തും പതിനഞ്ചും ദിനാറൊക്കെ അഭയയുടെ പേരില്‍ പതിവായി അയക്കുന്ന പാവങ്ങളുണ്ട്. ഇതാണ് ഞങ്ങളുടെ സാമ്പത്തിക പിന്‍ബലം. ഒരുതരത്തിലുള്ള ഫണ്ടിങ് ഏജന്‍സികളുടെയോ സാമ്പത്തിക സഹായം ഞങ്ങള്‍ ഇന്നേവരെ സ്വീകരിക്കുന്നില്ല.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഗ്രാന്‍റുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോള്‍ അഭയയുടെ കീഴില്‍ എട്ടോളം സ്ഥാപനങ്ങളാണുള്ളത്. മൂന്ന് വയസ്സുമുതല്‍ പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള അഭയബാല, അഗതികളായ സ്ത്രീകള്‍ക്കായുള്ള അത്താണി, അഭയ ഗ്രാമത്തിലെ മനോരോഗികള്‍ക്കായുള്ള കര്‍മ, മദ്യ-മയക്കുമരുന്ന് ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് അവരുടെ സ്വയംചെലവില്‍ ചികിത്സിക്കുന്ന മിത്ര, പൂജപ്പുരയിലുള്ള സൗജന്യ ലഹരി വിരുദ്ധ ചികിത്സാ കേന്ദ്രമായ ബോധി, മനോരോഗികള്‍ക്കുള്ള പകല്‍വീട്, തെരുവ് പെണ്‍കുട്ടിക്കള്‍ക്കായുള്ള ഹെല്‍പ് ലൈന്‍, അദാലത്ത് എന്നിവയാണവ.
അഭയയില്‍ അഴിമതി സാര്‍വത്രികമാണെന്നും സുഗതകുമാരിയും മകളും ഒത്തുകളിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടല്ലോ?
സുഗതകുമാരിയോ മകളോ അല്ല അഭയയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. അതിന് ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിച്ചും വര്‍ഷംതോറും തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്ന ഭരണസമിതിയുണ്ട്. മറ്റൊരു ആശുപത്രിയില്‍ സൈക്യാട്രിസ്റ്റായിരുന്ന എന്‍റെ മകള്‍ ലക്ഷ്മിയെ അഭയയിലെ കര്‍മയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവന്നത് കമ്മിറ്റിയായിരുന്നു. കമ്മിറ്റി എന്നുപറയുന്നത് എന്‍റെ സില്‍ബന്തികളോ ബന്ധുക്കളോ അല്ല. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ കമ്മിറ്റിയിലുള്ളവര്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിശദമായ ഓഡിറ്റിങ്ങുകള്‍ നടക്കുന്ന സ്ഥാപനം കൂടിയാണിത്. അഴിമതിയുണ്ടെങ്കില്‍ അവരല്ലേ അത് ചൂണ്ടിക്കാട്ടേണ്ടത്.
അഭയയില്‍നിന്ന് പലരും രാജിവെച്ചുപോയല്ലോ, കെ.വി. സുരേന്ദ്രനാഥ് അടക്കമുള്ളവര്‍?
ആശാന്‍ രാജിവെച്ചത് വാര്‍ധക്യസഹജമായ അസുഖം കടുത്തപ്പോഴാണ്. കമ്മിറ്റിയില്‍ ഒക്കെ വന്നിരിക്കുമ്പോള്‍, തീരെ കേള്‍ക്കാന്‍ വയ്യാത്ത നിലയൊക്കെ ആയപ്പോള്‍ ആശാന്‍ സ്വയം രാജിവെക്കുകയായിരുന്നു. ആശാനും ഞാനുമായി ഒരു ഭിന്നതയും ഇല്ലായിരുന്നു. അഭയ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അതിനകത്ത് വിവിധ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരുണ്ടാകും. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുണ്ടാകാം. പിണങ്ങിപ്പോയവര്‍ ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാത്ത ഏതെങ്കിലും സംഘടന നിലവില്‍ പ്രവര്‍ത്തിക്കുന്നതായി പറയാന്‍ കഴിയുമോ? കൂടപ്പിറപ്പുകള്‍ മാത്രം ഒത്തുചേര്‍ന്നുള്ള സംരംഭങ്ങളില്‍പോലും വിദ്വേഷവും വൈരവും നിമിത്തം ഭിന്നതകള്‍ സംഭവിക്കുന്നില്ലേ?
നിര്‍ഭാഗ്യവശാല്‍ അഭയ ഭരണസമിതിയിലും ഈഗോയെ അടിസ്ഥാനമാക്കിയുള്ള ചില ഭിന്നതകള്‍ സംഭവിച്ചിട്ടുണ്ട്. അതിന്‍റെ പേരില്‍ ചിലര്‍ പ്രവര്‍ത്തനം നിര്‍ത്തിപ്പോയിട്ടുണ്ട്. പ്രചാരണം നടത്തുന്നുണ്ട്. എന്നെയും അഭയയെയും വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ചളിവാരിയെറിയാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പത്ത് വര്‍ഷത്തോളമായി ഇത് തുടരുന്നു. എനിക്ക് അവരുടെയൊന്നും പിണക്കം മാറ്റാന്‍ കഴിയില്ല. അതിനുള്ള സമയം ഈ വാര്‍ധക്യത്തിലില്ല എന്നു പറയുന്നതാകാം ശരി.
അഭയയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം അന്വേഷിച്ചോട്ടെ. സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം ഗവണ്മെേന്റ ഏതെങ്കിലും കേന്ദ്രങ്ങളോ വ്യക്തമായി പരിശോധിച്ചോട്ടെ. ഒന്നുകൂടി പറഞ്ഞോട്ടെ, അഭയഗ്രാമത്തിന് തച്ചോട്ടുകാവില്‍ ശിലയിട്ടത് ദലൈലാമയായിരുന്നു. ശിലയിട്ടശേഷം അദ്ദേഹം ഒരു ബോധിവൃക്ഷത്തൈ നട്ടു. 'സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്ന എല്ലാ അഗതികള്‍ക്കും തണല്‍ നല്‍കി ഈ മരം വളരട്ടെ' എന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞു. ലാമയുടെ കണ്ണീര്‍ വീണ് വിശുദ്ധമായ മണ്ണാണ് അഭയഗ്രാമം. ആ കണ്ണീരിന് ഈശ്വരാനുഗ്രഹം ഉള്ളതുകൊണ്ടായിരുന്നു അഭയ വളര്‍ന്നത്. ലോകമെമ്പാടുമുള്ള മലയാളികളുടെ, സജ്ജനങ്ങളുടെ പിന്തുണയാണ് അതിനെ കാത്തത്. അവിടെനിന്ന് കട്ടെടുത്താല്‍ മോക്ഷം കിട്ടുമോ? ഈശ്വരന്‍റെ ശാപത്തില്‍പ്പെട്ട് വാടിപ്പോകില്ലേ?
അഭയഗ്രാമത്തില്‍വെച്ച് ഒരു അന്തേവാസി ബലാത്സംഗത്തിന് ഇരയായതായി പരാതി ഉയര്‍ന്നിരുന്നല്ലോ?
എട്ട് വര്‍ഷം മുമ്പ് മനോരോഗത്തിന് ചികിത്സയിലായിരുന്ന ഒരു സ്ത്രീ അവരുടെ ഭര്‍ത്താവുമായി പിണങ്ങി അഭയയിലെത്തി. കുറെക്കാലം അവിടെ കഴിഞ്ഞ അവര്‍ പെട്ടെന്നൊരുനാള്‍ വീട്ടിലേക്ക് മടങ്ങണം എന്നുപറഞ്ഞു. എന്നാല്‍, അവര്‍ക്കൊപ്പം പോകാന്‍ കുട്ടിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. അഭയയില്‍നിന്ന് പെട്ടെന്ന് ഒരു ദിവസം ഇറങ്ങിപ്പോയ അവര്‍ മൂന്ന് ദിവസങ്ങള്‍ക്കുശേഷം മടങ്ങിവന്ന് ബലാത്സംഗം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം പച്ചക്കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. ആരോപണത്തിനുപിന്നില്‍ ചില കേന്ദ്രങ്ങളുണ്ടായിരുന്നു. ഒരു പത്രത്തിലെ ആള്‍ക്കാര്‍, സ്ത്രീ പരാതി കൊടുക്കാന്‍ സ്‌റ്റേഷനില്‍ പോയപ്പോള്‍ ഒപ്പം ഉണ്ടായിരുന്നുവത്രെ. ബലാത്സംഗം നടന്നു എന്നു പറഞ്ഞ മുറിയാകട്ടെ എല്ലാവരുടെയും ശ്രദ്ധയെത്തുന്ന സ്ഥലത്തായിരുന്നു. അഭയയില്‍ ബാലവേലയുണ്ടെന്ന്, മറ്റ് സനാഥരായ ആദിവാസി കുട്ടികളെ കൊണ്ടുവന്ന് എണ്ണം തികച്ച് ഫണ്ട് നേടുന്നെന്ന് അങ്ങനെ നൂറുനൂറ് ആരോപണങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതെല്ലാം അന്വേഷിക്കട്ടെ എന്ന് പറയാനേ എനിക്ക് കഴിയൂ.
ഫ്ലാറ്റ് സംസ്‌കാരത്തിനെതിരെ വര്‍ത്തമാനം പറയുന്ന സുഗതകുമാരിക്ക് സ്വന്തമായി ഫ്ലാറ്റുണ്ടോ? അതുപോലെ , അഭയയിലെ പെണ്‍കുട്ടിയെ താങ്കളുടെ വീട്ടില്‍ വേലക്ക് നിര്‍ത്തിയിരുന്നോ?
കടം കയറി നില്‍ക്കക്കള്ളിയില്ലാതെ വന്ന സമയത്ത്, പത്തിരുപത് വര്‍ഷം മുമ്പ് എന്‍റെ അമ്മയുടെ നന്ദാവനത്തുള്ള ഭൂമിയുടെ എന്‍റെ ഓഹരി എനിക്ക് വില്‍ക്കേണ്ടിവന്നു. അത് വാങ്ങിയ ആള്‍ കടം വീട്ടാനുള്ള പണം തന്നശേഷം അതിന്‍റെ ഒരു ഭാഗത്ത് രണ്ട് ചെറിയ ഫ്ലാറ്റുകള്‍ എനിക്ക് തരുകയും ചെയ്തു. ഫ്ലാറ്റ് എന്നു പറഞ്ഞാല്‍ ഒന്നോ രണ്ടോ ഫാമിലിക്ക് കഴിയാനുള്ള കെട്ടിടങ്ങള്‍. അടുത്ത ആരോപണത്തെ കുറിച്ചും പറയാം. അഭയയിലെ കുറച്ച് പെണ്‍കുട്ടികള്‍ക്ക് ഹോം നഴ്‌സിന്‍റെ ട്രെയിനിങ് മുമ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ച്‌പേരെ ചില വീടുകളിലേക്ക് ഹോം നഴ്‌സിങ്ങിന് അയച്ചിരുന്നു. സുരക്ഷിതത്വവും മാന്യമായ പ്രതിഫലവും നല്‍കുന്ന സ്ഥലങ്ങളിലേ അയച്ചിരുന്നുള്ളൂ. എന്‍റെ ഭര്‍ത്താവ് കടുത്ത രോഗംബാധിച്ചു കിടന്ന നാളുകളില്‍ ഞാനും ഒരു ഹോം നഴ്‌സിനെ അഭയയില്‍നിന്ന് നിയമിച്ചിരുന്നു. ഇപ്പോള്‍ അഭയയില്‍ ഹോം നഴ്‌സുമാരായി ആരെയും എങ്ങോട്ടും അയക്കുന്നില്ല.
അഭയയുടെ അടുത്ത അനന്തരാവകാശി സുഗതകുമാരിയുടെ മകളായിരിക്കുമോ?
അഭയയില്‍ നടക്കുന്നത് കുടുംബവാഴ്ചയല്ലെന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഒരു കമ്മിറ്റിയുണ്ട്. അവര്‍ തീരുമാനിക്കും. എന്‍റെ മകള്‍ക്ക് അവരുടെ ഇപ്പോഴത്തെ ജോലി ചെയ്യാന്‍ കഴിയും. പക്ഷേ, അഭയയെ നയിക്കാനുള്ള മാനസികാവസ്ഥയൊന്നും ഒരിക്കലും ഉണ്ടാകില്ല. കാരണം, ഇതൊരു മുള്‍ക്കിരീടമാണ്. എന്‍റെ മകളെ എന്‍റെ അനന്തരാവകാശിയാക്കാന്‍ എനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് താല്‍പര്യം ഉണ്ടായേക്കും. പക്ഷേ, എനിക്കില്ല.
ശത്രുക്കള്‍ എത്രത്തോളമുണ്ട്? ഭയം തോന്നാറുണ്ടോ?
യഥാര്‍ഥത്തില്‍ ശത്രുക്കളുടെ നടുവിലായിരുന്നു ഞാനെപ്പോഴും. ഒരു പൂവ് എനിക്കുനേരെ നീട്ടുമ്പോള്‍തന്നെ, അതേസമയം നൂറ് കൊലക്കത്തികള്‍ എന്‍റെ നേരെ നീട്ടപ്പെടുകയാണ്. ഒരു കാലത്ത് കേട്ടപഴി ഞാന്‍ സവര്‍ണ ഫാഷിസ്റ്റ് എന്നായിരുന്നു. ആ ആരോപണം പക്ഷേ, സ്വയംതന്നെ കെട്ടടങ്ങി. അത് പറഞ്ഞപ്പോള്‍ ഒരു രസകരമായ സംഭവം ഓര്‍ക്കുന്നു. ഒരിക്കല്‍ അമേരിക്കയില്‍ പോയപ്പോള്‍ ചെറിയാന്‍ കെ. ചെറിയാന്‍ എന്ന കവി പറഞ്ഞു, അഭയക്കുവേണ്ടി അവിടത്തെ ക്രിസ്ത്യാനി പുരോഹിതന്മാരോട് പറഞ്ഞ് സാമ്പത്തിക സഹായം സംഘടിപ്പിക്കാമെന്ന്.
പിറ്റേദിവസം ചെറിയാന്‍ വിഷമത്തോടെ എന്‍റെയടുത്ത് വന്നു. നടക്കില്ല ടീച്ചറെ, ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനിക്കല്ലേ കൊടുക്കേണ്ടത് എന്ന് അവര്‍ ചോദിക്കുന്നു. ഞാന്‍ ചെറിയാനെ വഴക്ക് പറഞ്ഞു, എന്‍റെ അനുവാദം ഇല്ലാതെ അങ്ങനെ ഒരു അഭ്യര്‍ഥന നടത്തിയതിന്. അടുത്ത ദിവസംതന്നെ എന്നെ തിരക്കി ഒരാളെത്തി. ഷികാഗോയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വി.എച്ച്.പി നേതാവ്. അദ്ദേഹം കാര്യമൊക്കെ അറിഞ്ഞാണ് വന്നിരിക്കുന്നത്.'ഞങ്ങള്‍ സാമ്പത്തിക സഹായം ചെയ്യാം. അഭയയെ പക്ഷേ, ഹിന്ദു ഓര്‍ഗനൈസേഷന്‍ സംഘടനയാക്കണം. പിന്നെ, അഭയയിലെ പ്രാര്‍ഥനാ മുറിയില്‍ നിന്ന് കൃഷ്ണവിഗ്രഹത്തിനടുത്തുള്ള കുരിശ് എടുത്തുമാറ്റണം'-അയാൾ പറഞ്ഞു.
ഞാന്‍ പറഞ്ഞു-' അഭയയില്‍ പ്രാര്‍ഥനാമുറിയില്‍ കുരിശ് മാത്രമല്ല, നമസ്‌കാരകുപ്പായവും ഖുര്‍ആനും ഉണ്ട്. ഒരു മതത്തിന്‍റെയും സംഘടനയുടെയും മാത്രം കോട്ടണിയാന്‍ അഭയക്ക് താല്‍പര്യമില്ല'. അതുകേട്ട് വി.എച്ച്.പി നേതാവ് ഇറങ്ങിപ്പോയി. ഇതറിഞ്ഞ് വി.കെ. മാധവന്‍കുട്ടി പത്രത്തിലെ തന്‍റെ കോളത്തിലെഴുതിയിരുന്നു, 'അഭയക്ക് കുരിശിന്‍റെയും കാവിയുടെയും കനിവില്ലെന്ന്'. ഈ സംഭവം കൂടി കേള്‍ക്കുക: ഒരു രാത്രി ഒരു പരമ സുന്ദരിയായ പെണ്ണ് അഭയയില്‍ വന്ന് കയറി.
മലപ്പുറത്തു നിന്ന് വരുന്ന അവളുടെ കൈയിലെ കീറക്കടലാസില്‍ 'സഗതകുമാരി തിരന്തരം' എന്നാരോ എഴുതിക്കൊടുത്തിരുന്നു. അടികൊണ്ടു ചതഞ്ഞ ശരീരവുമായി വേച്ചുവേച്ച് വന്നു കയറിയ അവള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അടിയന്തരമായി അവളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവള്‍ക്ക് എ നെഗറ്റീവ് രക്തം നല്‍കിയത് ക്രിസ്ത്യാനി പുരോഹിതനായ ചെറിയാന്‍ ചെമ്മാച്ചനായിരുന്നു. അവളുടെ വയറ്റിലെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചുപോയെങ്കിലും അവള്‍ രക്ഷപ്പെട്ടു. നോക്കുക, ഒരു മുസ്‌ലിം പെണ്ണിന് ക്രിസ്ത്യാനി പുരോഹിതന്‍ രക്തം നല്‍കി ഹിന്ദുക്കള്‍ പരിചരിച്ചു.ഇതാണ് എന്‍റെ സങ്കല്‍പത്തിലെ ഇന്ത്യ. ഞാന്‍ സ്വപ്‌നം കാണുന്ന ഇന്ത്യ ഇതാണ്.
കരള്‍ കൊത്തിനുറുക്കപ്പെട്ട മറ്റൊരു അനുഭവംകൂടി പറയേണ്ടി വരുന്നു: ഒമ്പത്‌വയസ്സുള്ള കൊച്ചൊരു മകള്‍ വന്നു എന്നോട് ചോദിച്ചു- 'ടീച്ചറമ്മ, എന്‍റെ വയറ്റില്‍ കുഞ്ഞുവാവ ഉണ്ടോ' എന്ന്. എന്‍റെ ഹൃദയം തകര്‍ന്നുപോയി. ഞാന്‍ അമ്പരന്നു ചോദിച്ചു- 'എന്തേ ഇങ്ങനെ ചോദിക്കാന്‍?'. തന്നെ ഉപദ്രവിച്ച ആൾ വയറ്റിൽ കുഞ്ഞുവാവ ഉണ്ടാകുമെന്ന് പറഞ്ഞു എന്നായിരുന്നു അവളുടെ മറുപടി. ഇങ്ങനെയൊരു ലോകത്താണ് എന്‍റെ വാസം. നിങ്ങളൊരിക്കലും കേട്ടിട്ടില്ലാത്ത വിലാപങ്ങള്‍, വ്യസനങ്ങള്‍, വിതുമ്പലുകള്‍ ഞാന്‍ കേട്ടുകൊണ്ടേയിരിക്കുന്നു. മറ്റൊരു ദിവസം അത്താണിയിലെ കുറെ കുട്ടികള്‍ എന്‍റെയടുക്കല്‍ വന്നു. തമിഴും തെലുങ്കും ചുവയുള്ള മലയാളത്തില്‍ അവര്‍ പറഞ്ഞു 'ടീച്ചറെ ഞങ്ങള്‍ക്ക് പ്രോമിസ് തരണം'എന്ന്. 'എന്തു പ്രോമിസ്?'എന്ന് ചോദിച്ചപ്പോൾ 'ടീച്ചറമ്മ ഒരിക്കലും മരിക്കരുത്' എന്നായി അവർ. ഞാന്‍ പറഞ്ഞു അതെല്ലാം നിശ്ചയിക്കുക മറ്റൊരാളാണെന്ന്്. എന്നിട്ടും അവര്‍ ആവശ്യപ്പെട്ടുകൊേണ്ടയിരുന്നു. ആ പിഞ്ചുമക്കളുടെ കരച്ചില്‍ നിര്‍ത്താന്‍വേണ്ടിമാത്രം ഞാന്‍ പറഞ്ഞു-'ശരി... ഞാന്‍ മരിക്കില്ല'. അവര്‍ അന്നേരംതന്നെ കരച്ചില്‍ നിര്‍ത്തുകയും ചെയ്തു.
ഇത്രയൊക്കെ മതി എന്നെനിക്ക് തോന്നുന്നു. ഈശ്വരന്‍ അനുവദിക്കുന്ന കാലത്തോളം ഞാനീ പാവങ്ങള്‍ക്കുവേണ്ടി, മൂകയായ പ്രകൃതിക്കുവേണ്ടി, കണ്ണീരൊലിപ്പിച്ച് എന്‍റെ അടുക്കല്‍ എത്തുന്ന പിള്ളേര്‍ക്കുവേണ്ടി പണിയെടുത്തുകൊണ്ടേയിരിക്കും. നിങ്ങളുടെ കല്ലേറിനൊന്നും എന്നെ വീഴ്ത്താന്‍ കഴിയില്ല. വീഴ്ത്താന്‍ കഴിയുന്ന ഒരേയൊരു കരം സ്‌നേഹമൂര്‍ത്തിയായ ഈശ്വരന്‍േറത് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.