സ്വന്തമാക്കിയിട്ടും സ്വന്തമല്ലാതാകുന്നത്
text_fieldsമനുഷ്യവംശത്തിന്റെ വിശ്രുത ലോകത്തിലേക്ക് നമ്മെ ശീഘ്രത്തിൽ കൂട്ടിക്കൊണ്ടുപോകുന്ന വഴികാട്ടിയാണ് നോവലും കവിതയും മറ്റു സർഗാത്മക സാഹിത്യങ്ങളും. അതിലൂടെ നാം നമ്മളല്ലാത്ത മനുഷ്യരിലേക്ക് ഉത്സാഹത്തോടെ സഞ്ചരിക്കുന്നു. അവരുടെ ആഹ്ലാദങ്ങളിലേക്ക്, വിഷാദസംഘർഷങ്ങളിലേക്ക്, പോരാട്ടങ്ങളിലേക്ക്, സങ്കടപ്പാടുകളിലേക്ക്, ഉന്മാദങ്ങളിലേക്ക്, വിശ്രാന്തിയിലേക്ക്... അപ്പോൾ നാം നമ്മുടെ ജീവിതത്തിൽനിന്നും സ്വയം വിമോചിപ്പിക്കപ്പെടുകയും മനുഷ്യവംശത്തിന്റെ മഹാപ്രകാരനിരയിലേക്ക് അനവദ്യമായി കണ്ണിചേർക്കപ്പെടുകയും ചെയ്യുന്നു. ഇതിന് ഏറ്റവും ഉപയുക്തമായ വായനാ സാമഗ്രി നോവൽ സ്വരൂപം തന്നെയാണ്. ആ മഹാ നോവൽ ശ്രേണിയിലെ പ്രമുഖമായൊരു രചനയാണ് കവിയും നാടകകൃത്തും കൂടിയായ ബാപ്പു വെള്ളിപ്പറമ്പിന്റെ ‘പ്രണയം പൂക്കുന്ന അധോലോകം’.
മനുഷ്യമനസ്സ് എത്രമാത്രം സങ്കീർണവും ആച്ഛാദിതവുമാണെന്നും അത് അവനവനെയും അപരനെയും പരിഗണിക്കുന്നത് എങ്ങനെയൊക്കെയാണെന്നും അതിസൂക്ഷ്മമായി അന്വയിക്കുന്നൊരു രചന. ചാലിയാർ തീരത്തെ തെക്കേകരയെന്ന ഒരു ഏറനാടൻ ഗ്രാമമാണ് നോവലിന്റെ കഥാസ്ഥാനം. പ്രത്യേകിച്ച് തെക്കേക്കരയിലെ അങ്ങാടിമുക്കും അവിടെയുള്ളൊരു ചായമക്കാനിയും. കുഞ്ഞാലിയുടെ ആ ചായക്കടയിൽനിന്നാണ് തെക്കേക്കരയിൽ സൂര്യൻ ഉദിക്കുന്നതും അത് ആ ദേശജീവിതത്തിന് ചുറ്റും തെളിമയോടെ കറങ്ങുന്നതും. മുക്രി സൈതാലിയുടെ സുബ്ഹ് ബാങ്ക് വിളിയോടെയാണ് തെക്കേകര ജീവിതത്തിലേക്ക് ഉണരുന്നത്. ബ്രോക്കർ കുഞ്ഞാമുവും ഇരുമ്പൻ നാണുവും അട്ടിമറി ബീരാനും കടത്തുകാരൻ മമ്മൂട്ടിയും പോക്കിരി ചന്തുവും ജപ്പാൻ അബൂബക്കറും മഹല്ല് പള്ളിയിലെ ആലി മുസ്ലിയാരും മുതൽ അതിരാവിലെതന്നെ ദേശം ഭരിക്കാൻ എത്തുന്നത് ഏറെയും വെറും സാധാരണ മനുഷ്യർ. പക്ഷേ അവർക്കൊന്നും ആ ദേശ ജീവിതത്തിൽ നിർവാഹകത്വമില്ല. അവരൊക്കെയും വെറും പെറുക്കികളും നേരംപോക്കികളും. ഏത് ഗ്രാമത്തിലെയും പോലെ തെക്കേക്കരയിലെയും പ്രമാണിയാണ് ബീരാൻ ഹാജി.
ബീരാൻ ഹാജിയുടെ കൈവിരലിൽ ചക്കപ്പശ ഉണ്ടെന്നാണ് ചായമക്കാനിയിലെ നാട്ടുകൂട്ടം ഗവേഷണം ചെയ്തു കണ്ടെത്തിയത്. ഏത് സ്വത്തും ആ വിരലിലൊട്ടും. അയാൾ തെക്കേക്കരയിൽ തൊട്ടതൊക്കെയും സ്വന്തമാക്കുന്നു. ഒന്നുമില്ലായ്മയിൽനിന്നാണ് ബീരാൻ പുതു പണക്കാരനായത് എന്നതൊന്നും നാട്ടുകൂട്ടത്തിന് വിഷയമല്ല. തെക്കേക്കരയിലെ ഒരു ഇല്ലപ്പറമ്പ് വിൽക്കാൻ വെച്ചതാണ് കഥയുടെ മർമം. ബീരാൻ ഹാജി അതിൽ കണ്ണുവെച്ചിരുന്നു. അതയാൾക്ക് പക്ഷേ ചുളുവിലക്ക് കിട്ടണം. അങ്ങനെ താളവും തഞ്ചവും നോക്കി ലാക്ക് പിടിക്കുമ്പോഴാണ് പരദേശത്തുനിന്ന് ഒരാൾ മുത്ത് വിലക്ക് ഇല്ലപ്പറമ്പ് വാങ്ങുന്നതും അവിടെ ജിന്നുകൾ ഇറങ്ങിയത് പോലെ പൊടുന്നനെയൊരു വെൺ മാളികയും പടിപ്പുരയും ഉയരുന്നതും. അത് വരുത്തനായ സലീമിന്റെ മിടുക്ക്. പക്ഷേ, യഥാർഥത്തിൽ സലീം ബിനാമിയാണ്. അത് തെക്കേക്കരയിൽനിന്ന് എന്നോ നാടുവിട്ടുപോയ ഇല്ലിക്കാത്തൊടി അബുട്ടിക്ക് വേണ്ടിയായിരുന്നു. ഒരുനാൾ ഇല്ലിക്കാത്തൊടി അബൂട്ടി ബംഗ്ലാവിലേക്ക് താമസത്തിനെത്തി. അബൂട്ടി ഒറ്റയാൾത്തടിയാണ്. പെണ്ണും പെടക്കോഴിയുമില്ല.
ബംഗ്ലാവിൽ താമസക്കാരെത്തിയതോടെ തെക്കേക്കര തിളച്ചുമറിയാൻ തുടങ്ങുന്നു. ശരിക്കും ബീരാൻ ഹാജിക്ക് ഒരു പുതിയ പ്രതിയോഗിയായി വളർന്നു ഇല്ലിക്കാത്തൊടി അബൂട്ടി. പിന്നെ ആ ദേശം കുരുക്ഷേത്രമായി. അക്ഷൗഹിണികൾ നിരന്നു. കൊമ്പുംകുഴൽ വിളിയും മുഴങ്ങി. പട കുടീരങ്ങൾ ഉണർന്നു. ആ യുദ്ധഗാഥയാണ് ഈ പുസ്തകം. ആർത്തിയും പ്രതികാരവും സൂനാമിത്തിര പോലെ ഇരമ്പി മറിയുന്ന മനുഷ്യജീവിതത്തിന്റെ അസാധാരണവും ഒപ്പം വികാര തീക്ഷ്ണവുമായ അനുഭവങ്ങളാണ് ഈ നോവൽ നമ്മോട് സംസാരിക്കുന്നത്.
എത്ര സങ്കീർണവും നിഗൂഢവുമായാണ് മനുഷ്യമനസ്സ് പ്രവർത്തിക്കുന്നതെന്നും അപ്രതീക്ഷിതമായ നൂറു നൂറ് ഊടുവഴികളിലൂടെയത് നെടുകെയും കുറുകെയും സഞ്ചരിക്കുന്നതെന്നുമറിയാൻ നാം ഈ നോവൽ വായിക്കണം. മനുഷ്യമനസ്സിന്റെ നിഗൂഢ ഭാവവും അവിടെ നടക്കുന്ന കുരുക്ഷേത്രയുദ്ധ തീക്ഷണതയുമറിയാൻ ഈ പുസ്തകം ധാരാളം മതിയാവും. ‘പ്രണയം പൂക്കുന്ന അധോലോകം’ വായിക്കുമ്പോൾ നമ്മെ നമ്മിൽനിന്ന് നാമറിയാതെ നാം തന്നെ വിമോചിപ്പിക്കുകയും അപര ജീവിതങ്ങളിലെ നിഗൂഢ ലോകത്തിലേക്ക് ശീഘ്രത്തിൽ കൊണ്ടുപോവുകയും ചെയ്യുന്നു. ഇവിടെ അപരത്വവും നമ്മളുമായി ആരോഗ്യകരമായൊരു താരതമ്യം സംഭവിക്കുന്നു. അതൊരു വിമലീകരണ പ്രവർത്തനമാണ്. വലിയൊരു സാധ്യതയാണത് നമുക്ക് തുറന്നുതരുന്നത്. വിനയപ്പെടലിന്റെ സാന്ദ്രിമ മുറ്റിയ സാധ്യത. ആ നിലയിൽ സാമാന്യ വായന ആവശ്യപ്പെടുന്ന ഒരു നോവൽ തന്നെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.