ഉവൈസി വോട്ട് ഭിന്നിപ്പിച്ചെന്ന വാദത്തിൽ കഴമ്പില്ല- എൻ.എസ് മാധവൻ
text_fieldsകൊച്ചി: ഉവൈസി വോട്ട് ഭിന്നിപ്പിച്ചതുകൊണ്ട് ബിഹാറില്‍ എൻ.ഡി.എ എവിടെയും ജയിച്ചതായി കണക്കുകൾ കാണിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മലയാള ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് എന്‍.എസ് മാധവന്‍റെ നിരീക്ഷണം.
ഉവൈസിയെ, എൻ.ഡി.എയുടെ ബി ടീമെന്നു പറഞ്ഞു മഹാസഖ്യം വിമർശിക്കുന്നതിൽ കാമ്പില്ല. അദ്ദേഹം വോട്ട് ഭിന്നിപ്പിച്ചതുകൊണ്ട് എൻ.ഡി.എ എവിടെയും ജയിച്ചതായി കണക്കുകൾ കാണിക്കുന്നില്ല. ഒരുപക്ഷേ അദ്ദേഹം, ഉത്തരേന്ത്യയിലെ ഭാവിയിലെ മുസ്‌ലിം രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായിരിക്കുമെന്നും എന്‍.എസ് മാധവന്‍ ലേഖനത്തിൽ പറയുന്നു.
ബിഹാർ തിരഞ്ഞെടുപ്പിന്‍റെ ഗതി മാറ്റിയതിൽ വലിയ പങ്കു വഹിച്ച രണ്ടു പേരാണ് സിപിഐ(എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യയും എഐഎംഐഎമ്മിന്‍റെ അസദുദ്ദീൻ ഉവൈസിയും. ഭോജ്പുർ - മധ്യ ബിഹാർ മേഖലകളിൽ നിതീഷിന്‍റെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയത് സിപിഐ (എംഎൽ) ആണെങ്കിൽ, സീമാഞ്ചൽ മേഖലയിൽ മഹാസഖ്യത്തിന് അനുകൂലമായിരുന്ന കളിനിയമം മാറ്റിയെഴുതിയത് ഉവൈസി ആണെന്നും നിതീഷ്കുമാറിന്‍റെ ജെഡിയുവിനു നാടകീയമായ രീതിയിൽ സീറ്റുകൾ കുറഞ്ഞതിലും വിരലിലെണ്ണാവുന്ന സീറ്റുകളുടെ കുറവിൽ തേജസ്വി യാദവിനു മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടതിലും ഇവർക്കുള്ള പങ്കു വലുതാണെന്നും എന്‍.എസ് മാധവന്‍ ചൂണ്ടിക്കാട്ടുന്നു.
ബിഹാറിന്‍റെ അതിർത്തിയിലുള്ള, മുസ്‌ലിം ബാഹുല്യമുള്ള സീമാഞ്ചൽ എപ്പോഴും കോൺഗ്രസിനെയും ആർജെഡിയെയും തുണച്ചിരുന്നു. ഇത്തവണ ഉവൈസിയുടെ എഐഎംഐഎം അവിടത്തെ കളിനിയമങ്ങൾ മാറ്റി. സീമാഞ്ചലിൽനിന്നു പതിവുപോലെ സീറ്റുകൾ കിട്ടിയിരുന്നെങ്കിൽ മഹാസഖ്യത്തിനു നിശ്ചയമായും ഭൂരിപക്ഷത്തിലെത്താമായിരുന്നു. ഇതിനു മുൻപ് ഉവൈസിയുടെ പാർട്ടി രണ്ടു തവണ ബിഹാറിൽനിന്നു മത്സരിച്ച് ദയനീയമായി പരാജയപ്പെടുകയുണ്ടായി. മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥ മനസ്സിലാക്കി ഉവൈസി പ്രവർത്തിച്ചതുകൊണ്ടാണ് ഇത്തവണ സ്ഥിതി മാറിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബംഗ്ലദേശിൽനിന്നുള്ള 'നുഴഞ്ഞുകയറ്റക്കാരെ' പുറത്താക്കുന്നതിനെപ്പറ്റി സംസാരിച്ചപ്പോഴും സീമാഞ്ചലിലെ വോട്ടെടുപ്പിനു തലേന്ന്, അമിത് ഷാ തൊട്ടയൽപക്കത്തെ ബംഗാളിൽനിന്ന് അതേ വിഷയത്തെപ്പറ്റി പ്രസംഗിച്ചപ്പോഴും പ്രതികരിച്ചത് ഉവൈസി മാത്രമാണെന്നും മനോരമ ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.