കവിത: ഒലിവുമരങ്ങൾ കരയാറില്ല
text_fieldsപാതിരാപ്രാർത്ഥനയിൽ മുഴുകവേ
പടിവാതിൽക്കലാരോ
നിദ്രവെടിഞ്ഞതിൽ കനം തൂങ്ങും
മുഖവുമായൊരാൾ വന്നു കെഞ്ചി
പരദേശങ്ങൾ താണ്ടി വന്നതാണ്
കിടക്കാനിടത്തിന് കനിഞ്ഞീടണം
അഭയം തേടുന്നവനെ അതിഥിയാക്കുക
നീട്ടുന്ന കൈകളിൽ നിറയേ നൽകുക
ദൈവദൂതമന്ത്രമോർത്ത വലീദ്
വലതുകൈ നീട്ടി വരവേറ്റു
പോകുവാനൊരിടമില്ലാത്തോർക്ക്
കൂടിയുള്ളതാണെന്നിടം
ദിവസങ്ങളേറെ കൊഴിയുംതോറും
വന്നൂ ചിലർ പലദിക്കിൽനിന്നും കൂടപ്പിറപ്പെന്നും
കൂട്ടുകാരാണെന്നും
ഓരോരോ പേരിൽ പുരനിറഞ്ഞു
ഒലിവുമരങ്ങൾ കരയാറില്ല
പിന്നെയെൻ നേരെയായ് ശണ്ഠ കൂടി
എന്റെ കുടിലിൽ ഞാനന്യനായ്
ആക്രോശത്തോടവരാജ്ഞാപിച്ചു.
ഈ വീട്ടിൽനിന്നും നീ പുറത്തുപോകൂ
കാരണം ചോദിച്ചതോർമമാത്രം
കരണത്തിൽ കൈയിൻ പടം നിറഞ്ഞു
സങ്കടത്താലെൻ മകൻ ചൊടിച്ചു
എന്നോമനയെയവർ കൊന്നുതള്ളി
ചേതനയറ്റ ശരീരം നോക്കി
മാലോകരൊന്നായ് പിറുപിറുത്തു
ചെക്കൻ ചൊറിയുവാൻ പോയതെന്തേ?
അതേ ഞങ്ങളീ മണ്ണിന്റെ നേരവകാശികൾ
സ്വന്തം ഭൂവിലഭയാർത്ഥികളാം
ഹതഭാഗ്യർ
അധിനിവേശത്തിന്നടിമപ്പെട്ടരഞ്ഞ ജന്മങ്ങള്
ജനിച്ച മണ്ണിൽ ആഴത്തിലോടിയ
വേരുകളുമവർ പിഴുതെറിഞ്ഞു
ഞങ്ങൾ നട്ട ഒലിവുമരങ്ങളും
ഓറഞ്ച് മരങ്ങളുമുണക്കിയല്ലോ
സ്വന്തമായൊരിടവുമില്ല
തിന്നാനൊരുപിടി വറ്റുമില്ല
ഞങ്ങൾക്കില്ല ദേശവും ദേശീയഗാനവും
ആയിരം കുഞ്ഞിനെ കൊന്നശേഷം
കാപട്യ യോഗങ്ങൾ ചേർന്നീടുന്നു.
ഐക്യരാജ്യത്തിൻ തലവരൊന്നായ്
ചുമ്മാതെ കണ്ണീർ പൊഴിച്ചീടുന്നു
പാൽ കൊടുക്കും കൈകൾ
കൊത്തീടുവാൻ പിന്നിലൂടെ പരിശീലനവും
തെരുവുനായ്ക്കള്ക്കൊപ്പമെത്തീയവർ
നിസ്സഹായരാം ഞങ്ങളെ കടിച്ചുകീറാൻ
കാതുതുളക്കുന്നു
വെടിതീർത്ത ശബ്ദങ്ങൾ
കൺമുന്നിൽ നൃത്തമാടുന്നു
ക്രൂരപ്പിശാചുക്കൾ
ഒലിവുമരങ്ങൾ തന്നെ സാക്ഷി
പതറില്ല തളരില്ല ഒന്നുകൊണ്ടും
ഖാലിക്കും മാലിക്കുമേകനെന്ന
വിശ്വാസം ദൃഢമുള്ള കാലത്തോളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.