140 ഇശലുകളിൽ രാമായണം
text_fieldsകോഴിക്കോട്: ‘‘കൂറ്റൻ മതിൽ കെട്ടി
ആറ്റൽ ദശരഥൻ
സാമ്രാജ്യം കാത്താനേ - ആരിലും
കിടയറ്റൊരു ശക്തി മഹയുക്തി
ഉടവ്യക്തിയെനും കീർത്തി പെരുത്താനെ...’
ഒ.എം. കരുവാരക്കുണ്ട് ‘പാരം എനിക്കതാൽ’ എന്ന ഇശലിൽ രാമായാണം കഥ പറഞ്ഞുതുടങ്ങുകയാണ്. ബാലകാണ്ഡം മുതൽ ഉത്തരകാണ്ഡം വരെ രാമായണം കഥ 296 പേജിൽ 140 ഇശലുകളിൽ മാപ്പിളപ്പാട്ടായി പരിവർത്തനം ചെയ്ത ‘ഇശൽരാമായണം’ ടൗൺഹാളിലെ സദസ്സിൽ പ്രകാശനം ചെയ്തു. ‘രാമായണം ലോകം മുഴുവൻ വിവിധ കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മാപ്പിളപ്പാട്ടിന്റെ രൂപത്തിലുള്ള രാമായണം നവ്യാനുഭവമാണ്’ എന്ന മുഖക്കുറിപ്പോയൊണ് ഇശൽരാമായണം തുടങ്ങുന്നത്.
ഒ.എം. കരുവാരക്കുണ്ടിനെപോലൊരാൾ രാമായണത്തെ തൊട്ടാൽ പൊള്ളുന്നകാലത്ത് ഏറ്റവും മനോഹരവും അപഭ്രംശങ്ങളുമില്ലാതെ അദ്ദേഹം മാപ്പിളപ്പാട്ടിലേക്ക് പരിവർത്തിപ്പിച്ചിരിക്കുകയാണെന്ന് പുസ്തകം പ്രകാശനം ചെയ്ത ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അകറ്റിനിർത്തുന്ന മനുഷ്യരുടെ മനസ്സുകൾക്കിടയിലൂടെയുള്ള സാംസ്കാരികാലംഗനമാണ് ഇശൽരാമായണം എന്നും അദ്ദേഹം പറഞ്ഞു.
ആലങ്കോട് ലീലാകൃഷ്ണൻ ബാപ്പു വെള്ളിപറമ്പിന് കോപ്പി നൽകി പ്രകാശനം ചെയ്തു. ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി ദശവാർഷികത്തിന്റെ ഭാഗമായാണ് പുസ്തകപ്രകാശനം. മാപ്പിളകല അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ഫൈസൽ എളേറ്റിൽ പുസ്തകം പരിചയപ്പെടുത്തി. അസീസ് തരുവണ, രാഘവൻ മാടമ്പത്ത്, സലാം ഫോക്കസ് മാൾ, ഒ.എം. കരുവാരക്കുണ്ട് എന്നിവർ സംസാരിച്ചു. ഐ.പി. സിദ്ദീഖ്, എം.എ. ഗഫൂർ എന്നിവർ ഗാനമാലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.