സാഹിർ അൽഗാഫിരി -ഓർമ്മക്കുറിപ്പ്
text_fieldsഎന്റെ കൊച്ചുഗ്രാമത്തിലെത്തുമ്പോൾ ഞാനിന്നും ദുഃഖാർത്തനാകും. പക്ഷേ, ആ ദുഃഖത്തിൽനിന്നാണ് എഴുത്ത് സംഭവിക്കുന്നത്. ഗർഭാശയത്തിലേക്ക് മടങ്ങുന്നതിന്റെ അനുഭവ സാന്ദ്രതയിൽനിന്നാണ് പുതിയ സൃഷ്ടികളുടെ പിറവി.
സെപ്റ്റംബർ 21ന് അർധരാത്രി പെട്ടെന്ന് ഉറക്കമുണർന്നപ്പോൾ അരികെ കിടന്ന കൈ ഫോണിൽ വിരലോടിച്ചതായിരുന്നു. അപ്പോൾ ഈയടുത്ത് ഒരു പോഡ്കാസ്റ്റ് പരിപാടിയുമായി ബന്ധപ്പെട്ട് യു.എ.ഇ നോവലിസ്റ്റും പത്രപ്രവർത്തകയുമായ രീം കമാലിയുടെ ‘എക്സി’ലെ പോസ്റ്റാണ് സ്ക്രീൻവെളിച്ചത്തിൽ ശ്രദ്ധയിൽപെട്ടത്. പ്രമുഖ ഒമാനി കവി സാഹിർ അൽഗാഫിരിയുടെ ചരമവാർത്തയായിരുന്നു ഉള്ളടക്കം. മസ്കത്ത് പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോൾ ഒരുകൂട്ടം എഴുത്തുകാരോടൊപ്പം തന്നെ അദ്ദേഹം വീട്ടിൽ സൽക്കരിച്ചതും അതൊരു കാവ്യാലാപനസദസ്സായി മാറിയതും കുറിപ്പിൽ രീം അനുസ്മരിച്ചിരുന്നു.
ഒമാനിലെ മലയാളി സാംസ്കാരിക പ്രവർത്തകരുമായി അടുത്തബന്ധം പുലർത്തിയ കവിയായിരുന്നു സാഹിർ. 2010ൽ ‘ഇടം’ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സമകാലിക ഒമാനി കവിതകളുടെ പ്രകാശനം നടന്ന സദസ്സിൽവെച്ചാണ് സാഹിറിനെ ആദ്യമായി കാണുന്നത്. ‘ഇടം’ പ്രവർത്തകരായ കെ.എം. ഗഫൂറിന്റെയും (കൊടുങ്ങല്ലൂർ) സുനിൽ സലാമിന്റെയും (കൊടിയത്തൂർ) ഉത്സാഹത്തിൽ ഈയുള്ളവനായിരുന്നു ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ആ സമാഹാരത്തിന്റെ വിവർത്തകൻ. മൂലകൃതിയിൽ കവിതകൾ തിരഞ്ഞെടുത്ത ഡോ. ഹിലാൽ അൽഹജ്രിയോടൊപ്പം സാഹിറും മറ്റുചില കവികളും സ്റ്റേജിൽ ഉപവിഷ്ടരായിരുന്നു. സാഹിറിന്റെ രണ്ട് കവിതകൾ കൂടാതെ സാംസ്കാരിക വിമർശകനായ ഷാജഹാൻ മാടമ്പാട് അദ്ദേഹവുമായി നടത്തിയ അഭിമുഖം കൂടി ഉണ്ടായിരുന്നു എന്നതാണ് ആ സമാഹാരത്തിന്റെ മറ്റൊരു സവിശേഷത. ഒമാൻ സിവിൽ ഏവിയേഷൻ ക്ലബിൽ ആ സംഭാഷണം നടക്കുമ്പോൾ ഒമാനിലെ ഉന്നത പദവിയിലിരിക്കുന്ന ചില ഉദ്യോഗസ്ഥരും അവിടെ സന്നിഹിതരായിരുന്നു. ഷാജഹാനെയും ഒമാനിൽ അദ്ദേഹത്തിന്റെ ആതിഥേയരായ ഗഫൂറിനെയും സുനിലിനെയും ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിക്കൊടുത്തശേഷം അവരോട് സാഹിർ ഒരു ചോദ്യം ചോദിച്ചു, ‘നിങ്ങൾ സത്യജിത്ത് റായിയെ കുറിച്ച് കേട്ടിട്ടുണ്ടോ?’ ഇല്ലെന്നാണ് അവർ ഒന്നടങ്കം തലയാട്ടിയത്. അപ്പോൾ ഗാഫിരി ചിരിച്ചു; ‘ബോളിവുഡ് ചിത്രങ്ങൾ ഒന്നുപോലും ഒഴിവാക്കാതെ കാണുന്നവരാണ് ഇവരെല്ലാം പക്ഷേ, ഇവർക്ക് റായിയെ അറിയില്ല. കഷ്ടം തന്നെ’.
ഒമാനി കവിതകളുടെ മലയാള വിവർത്തന ഉദ്യമത്തെ മുക്തകണ്ഠം പ്രശംസിച്ച ഗാഫിരി ഇന്ത്യയും ഒമാനും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിന്റെ ഇന്നത്തെ ജഡാവസ്ഥയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് സംസാരം ആരംഭിച്ചത്. ഇന്ത്യൻ തൊഴിലാളികളിൽ പരിമിതമായിപ്പോയ ആ ബന്ധങ്ങൾ സാംസ്കാരിക വിനിമയ സാധ്യതകളിലേക്ക് വികസിക്കാഞ്ഞതിൽ ദുഃഖിതനായിരുന്നു അദ്ദേഹം. സാംസ്കാരിക വിഷയങ്ങളിൽ തൽപരരായ അറബ് എഴുത്തുകാരൊക്കെ പങ്കിടുന്ന ആധിയാണിത്. ദശകങ്ങൾക്കുമുമ്പ് ഖത്തറി പത്രമായ ‘അർറായ’യിലെ തന്റെ കോളത്തിൽ എഴുത്തുകാരി ബുഷ്റാ നാസിറും ഇതേ വ്യസനം പങ്കുവെച്ചത് ഓർക്കുന്നു. ‘ഖദ്ദാമ’കളെയും വീട്ടു ഡ്രൈവർമാരെയും വെച്ച് ഇന്ത്യക്കാരെ അളക്കുന്ന പൊതുപ്രവണത വിമർശിക്കുകയായിരുന്നു അവർ. ഞങ്ങൾ തമ്മിൽ നടന്ന ദീർഘമായ ഇ-മെയിൽ ചാറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു അവരുടെ ആ കുറിപ്പ്.
എല്ലാ വ്യാഴാഴ്ച രാത്രിയും ടെലിവിഷനുമുന്നിൽ ചടഞ്ഞിരുന്ന് ഹിന്ദി ഫിലിം കാണുന്ന ‘ഖലീജി’കളോട് സംഗം ഫിലിമിനെക്കുറിച്ചോ ബച്ചനെക്കുറിച്ചോ ചോദിച്ചാൽ വാതോരാതെ അവർ സംസാരിക്കുന്നത് കേൾക്കാം. എന്നാൽ, ‘പഥേർ പാഞ്ചാലി’യെക്കുറിച്ച് ചോദിച്ചുനോക്കൂ. അവർ മിഴിച്ചിരിക്കുകയേ ഉള്ളൂ.
ഗൾഫ് സ്വദേശികളുടെ ഈ നടുമുറിയുടെ നെടിയ നിഷേധമായിരുന്നു ഒമാനി കവിതയുടെ ഉടലും ഉയിരും അഴിച്ചുപണിയാൻ മുന്നിൽനിന്ന സാഹിർ അൽഗാഫിരി. അപരസംസ്കാരത്തെയും ജനതകളെയും ആഴത്തിൽ അറിയാൻ തൽപരനായ ഗാഫിരി ജീവിതത്തിന്റെ ഗണ്യമായൊരു ഭാഗം കഴിഞ്ഞത് കിഴക്കും പടിഞ്ഞാറുമുള്ള അനേകം രാജ്യങ്ങളിലെ അലച്ചിലിലായിരുന്നു. ഈ അലച്ചിലിനിടയിൽ അദ്ദേഹം ചങ്ങാത്തം കൂടിയത് എഡ്വേർഡ് സഈദ്, ഗായത്രി ചക്രവർത്തി സ്പിവക്ക്, ഇഖ്ബാൽ നെഹ്മദ്, ഹോമി ജെ. ഭാഭ തുടങ്ങിയ പ്രതിഭാകുബേരന്മാരുമായിട്ടായിരുന്നു.
1956ൽ ഒമാനിൽ സുറളൂർ ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങുന്നത് ഇറാഖിലാണ്. 1968ൽ ബഗ്ദാദിലെത്തിയ ഗാഫിരി അവിടെ ഒരനാഥാലയത്തിലെ അന്തേവാസിയായി. ‘അനാഥത്വം എന്നിലുണ്ടാക്കിയ വേദനകളിൽനിന്നുള്ള മുക്തിയായിരുന്നു എനിക്ക് എഴുത്തും കവിതയും’, ഗാഫിരി പറയുന്നു. ‘രചനയിലേക്ക് ഞാൻ എന്നെ ഉന്തിത്തള്ളുകയായിരുന്നു. അനാഥത്വത്തോടൊപ്പം പ്രവാസത്തിന്റെ അനുഭവവും. പ്രവാസം സമയത്തെക്കുറിച്ചുള്ള വിചിത്രമായ വിഹ്വലതകൾ ജനിപ്പിക്കുന്നു. ഞാനില്ലാത്ത വർഷങ്ങളിൽ എന്റെ നാടും എന്റെ ഗ്രാമവും കടന്നുപോകുന്ന അനുഭവവൈവിധ്യങ്ങൾ. അവ എനിക്ക് നിഷേധിക്കപ്പെടുന്നു. അതേസമയം, പ്രവാസം അനുഭവങ്ങളുടെ വേറൊരു ലോകത്ത് നമ്മെ എത്തിക്കുന്നുമുണ്ട്. ഇന്നാലോചിക്കുമ്പോൾ ഗൃഹാതുരത്വമൊന്നും തോന്നുന്നില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ വേറൊരു തരത്തിലുള്ള ഗൃഹാതുരത്വമാണ് എന്നെ ചൂഴ്ന്നുനിൽക്കുന്നത്. അതെന്നെ വ്യത്യസ്തമായ, തന്ത്രപരമായ ഒരാശ്ലേഷണത്തിന് വിധേയനാക്കുന്നു. ഭാവിബദ്ധമായ ഗൃഹാതുരത്വമെന്ന് ഞാനിതിനെ വിളിക്കും. ഭാവിയെക്കുറിച്ചുള്ള സുവ്യക്തമായ ദർശനംകൂടി ഉൾക്കൊള്ളുന്ന, വികാരനിർമുക്തമല്ലെങ്കിലും വിചാരപ്രധാനമായ ഒരുതരം ഗൃഹാതുരത്വം ഭൂതകാലത്തെക്കുറിച്ച് ഇന്നെന്നിൽ നിറയുന്നുണ്ട്. എന്റെ കൊച്ചുഗ്രാമത്തിലെത്തുമ്പോൾ ഞാനിന്നും ദുഃഖാർത്തനാകും. പക്ഷേ, ആ ദുഃഖത്തിൽനിന്നാണ് എഴുത്ത് സംഭവിക്കുന്നത്. ഗർഭാശയത്തിലേക്ക് മടങ്ങുന്നതിന്റെ അനുഭവ സാന്ദ്രതയിൽനിന്നാണ് പുതിയ സൃഷ്ടികളുടെ പിറവി.’ ഷാജഹാൻ മാടമ്പാടിന് നൽകിയ അഭിമുഖത്തിൽ ഗാഫിരി തന്റെ രചനാസങ്കേതത്തിന്റെ ചെപ്പ് തുറന്നത് ഇങ്ങനെയാണ്.
ആധുനിക അറബിക്കവിതയുടെ പേറ്റെടുത്ത നാസിക മലാഇക്കയുടെയും ബദ്ർ ശാകിബ് സച്ചാബിന്റെയും ഇറാഖിൽ സാഹിറിന്റ കാവു സംസ്കാരം തിടംവെച്ചത് സ്വാഭാവികം. ‘പരദേശി’ എന്ന കവിതയിൽ കവി ആത്മാവിഷ്‍കാരം നടത്തുന്നത് കാണുക:
‘നീ ഉറങ്ങുക എന്ന്
അച്ഛനും അമ്മയും പറയുന്നില്ല; കട്ടിലും.
എനിക്ക് ലഭിച്ചതിലെല്ലാം നഷ്ടം സുനിശ്ചിതം
എനിക്ക് വസതിയില്ല.
ദൈവികമായ ഉൾക്കാഴ്ചയില്ല.
ഏതോ നക്ഷത്ര വെളിച്ചത്തിന് പിന്നിൽ
കെട്ടുപോയ അസ്തിത്വമാണ് ഞാൻ
ഖേദം എന്റെ സ്നേഹജനങ്ങളുടെ
വസ്ത്രമുരിയുന്നു.
എന്റെ അവയവങ്ങൾ ഇപ്പോഴും ശുഭമാകുന്നു.
അതുകൊണ്ടാണ് ഞാൻ കൈ പൊക്കുന്നത്
ഇങ്ങനെ എഴുതാൻ
മരുഭൂമികളിൽ
സ്തംഭങ്ങളാൽ സൗധങ്ങൾ പണിത ഇറം ഗോത്രം
എന്റെ അമൂല്യ കനികൾ
ഉപവിഷ്ടർ പരദേശിയെ ഗൗനിക്കുന്നില്ല
ഈ രാത്രി നടപ്പാതകൾ ശലഭനിർഭരം
മുറിവേറ്റ കാട്ടാട്
നീരുറവക്ക് സമീപം
അതിന്റെ മുട്ടിൽ രക്തം കിനിയുന്നു
ഞാൻ നടക്കുന്നു; ഒരു ശബ്ദം കേൾക്കുന്നു
മന്ദമാരുതനെപ്പോലെ എന്റെ കൈയിൽ
വന്നിരുന്ന് ശബ്ദം പറയുന്നു:
ജീവിതമില്ല; മുൻഗാമികളുടെ സ്തന്യ സ്ഥലിയുമില്ല.’
നീ അവിടേക്ക് പോവുക, ആ കാനനത്തിലേക്ക്
അവിടെ പുലിക്കണ്ണിലെ തീനാളം
നിനക്ക് വഴികാട്ടും
പോവുക
മൂടൽമഞ്ഞിൽ മറചെയ്യപ്പെട്ട
കുംഭത്തിന് പിന്നിൽ ഏകാകിയായി
മരണത്തെ പുൽകുക’
പത്ത് വർഷം ഇറാഖിൽ കഴിഞ്ഞ ഗാഫിരി പിന്നീട് പോയത് മൊറോക്കോവിലേക്കാണ്. റബാത്തിലെ മുഹമ്മദ് അഞ്ചാമൻ യൂനിവേഴ്സിറ്റിയിൽ ഫിലോസഫി പഠിക്കാൻ. തുടർന്ന് പാരിസ്, ന്യൂയോർക്, ലണ്ടൻ, സ്റ്റോക്ഹോം എന്നിവിടങ്ങളിൽ കറങ്ങിനടന്നു. ഇറാഖിൽനിന്ന് കവിതക്കൊപ്പം അസ്മാർ (കനികൾ എന്നർഥം) എന്ന കൂട്ടുകാരിയെയുമായി നാൽപത് വർഷങ്ങൾക്കുശേഷമാണ് കവി സ്വദേശത്തേക്ക് മടങ്ങുന്നത്. ഗാഫിരിയുടെ വിരുന്നു സൽക്കാരവേളയിൽ കവിത വായിച്ച അസ്മാറിന്റെ സ്വരരാഗസുധയെ യു.എ.ഇ എഴുത്തുകാരി രീം കമാലി എക്സിൽ വർണിക്കുന്നുണ്ട്. പ്രവാസിയായി ജീവിതം തുടങ്ങിയ സാഹിർ ഒടുവിൽ പ്രവാസിയായിതന്നെ സ്വീഡനിലാണ് ജീവിതം അവസാനിപ്പിച്ചത്. കുറേ കാലമായി കുടുംബസമേതം സ്വീഡനിലെ മാലോവിൽ താമസിച്ചുവരുകയായിരുന്നു അദ്ദേഹം. ഗാഫിരിയുടെ വലിയൊരു ദൗർബല്യമായിരുന്നു മദ്യം. മദ്യം അദ്ദേഹത്തിന്റെ കരളിനെ വല്ലാതെ സ്നേഹിച്ചെന്ന് തോന്നുന്നു. ലിവർ സിറോസിസ് രോഗത്തെ തുടർന്ന് മാലോ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
ആകെ ഒരുതവണ മാത്രമാണ് ലേഖകൻ അദ്ദേഹത്തെ കണ്ടത്. എങ്കിലും അദ്ദേഹം എന്നെ മറന്നിരുന്നില്ല. മസ്കത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ എം.എൻ. കാരശ്ശേരിയോട് അദ്ദേഹം എന്നെ അന്വേഷിച്ചതായി പറഞ്ഞിരുന്നു. കവിത എന്ന കലാരൂപത്തോടുള്ള അഗാധതല സ്പർശിയായ പ്രതിബദ്ധതയില്ലാത്തവന് കവിയാകാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സുതാര്യതക്കുള്ള അന്വേഷണമാണ് തന്റെ കാവ്യസപര്യയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കവിയാകാൻ ജനിച്ചവനായിരുന്നു ഗാഫിരി. തന്റെ കവിതയോടൊപ്പം അദ്ദേഹവും കാലത്തെ അതിജീവിക്കുമെന്നു വേണം വിശ്വസിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.