ഓർമയിലെ പൂവിടും ഓണം
text_fieldsബാല്യ-കൗമാരക്കാർക്ക് സ്വാതന്ത്ര്യത്തിന്റെയും അടിച്ചുപൊളിക്കലിന്റെയും കാലം; അതാണ് ഓർമയിലെ ഓണം. ആഘോഷങ്ങളെല്ലാം കുട്ടികൾക്കാണെന്ന് തോന്നിയിരുന്ന കാലം. കുട്ടികൾക്ക് ഓണക്കോടിയും കളിപ്പാട്ടങ്ങളും കിട്ടുന്ന കാലം. തുമ്പപ്പൂവും മുക്കുറ്റിയും പറിക്കാൻ പാടവരമ്പിലൂടെ ഓണത്തുമ്പികൾക്കൊപ്പം പാറിപ്പറന്ന് നടന്ന കാലം.
കാലം മാറി, കഥ മാറി. ഇന്ന് ഫേസ്‌ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും ട്വിറ്ററും ജീവിതത്തിന്റെ ഭാഗമായപ്പോൾ കൊയ്ത്തുകഴിഞ്ഞ വയലിന്റെ ഗന്ധമില്ല. ആർപ്പിന്റെയും കുമ്മികളിയുടെയും കുരവയുടെയും ശബ്ദമുഖരിതമായ അന്തരീക്ഷവും ഇന്നെവിടെയും കാണാനില്ല. പകരം എല്ലായിടത്തും ഇവന്റ് മാനേജ്മെന്റ് നടത്തുന്ന പെയ്ഡ് പ്രോഗ്രാമുകൾ മാത്രം. പൂക്കള ചന്തവും പൂവിളിയും മൊബൈൽ ഗാലറിയിൽ ഒതുങ്ങി, ഉത്രാടപ്പാച്ചിൽ ഇന്ന് അതിജീവനത്തിന്റെ പാച്ചിലായി മാറി. ഓണം ടി.വിയിൽ താരമുഖങ്ങൾ കണ്ടും പരസ്യം മാത്രമുള്ള സിനിമകൾ കണ്ടും തീർക്കുന്ന ഒരുകൂട്ടർ.
മറ്റുചിലർ, പ്രത്യേകിച്ചും യുവത്വം ഗ്ലാസുകളിൽ പതഞ്ഞുയരുന്ന ലഹരിയുടെ കൂടെയായി. ഓണസദ്യയൊരുക്കാനുള്ള ശ്രമങ്ങളില്ല, വീടുകളിലെ അടുക്കളയിലെ കലപില ശബ്ദം ഇല്ല. അടുപ്പിൽ പുകപോലും ഉയരാത്ത ഓണം. നമുക്ക് ഓർക്കാൻപോലും കഴിയാത്ത ആ സ്ഥിതിയിൽ ആയിരിക്കുന്നു ഇന്ന്. നമ്മെ സംബന്ധിച്ചിടത്തോളം ഓണം ഒരുതരം ഗൃഹാതുരത്വമാണ്. ഒരുമിക്കലിന്റെ, കൂടിച്ചേരലിന്റെ, മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനുള്ളതാകണം ഓണം.
വര: ഇസ്ഹാഖ് നിലമ്പൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.