ഓർമയുടെ മറുതീരത്ത്
text_fieldsഓരോ ഓണവും കഴിഞ്ഞുപോകുമ്പോൾ ഓർമകൾക്കൊപ്പം മറ്റു ചിലതുകൂടി ഉള്ളിൽ പുനർജനിക്കുന്നു. സന്തോഷത്തിന്റെയും ചിലപ്പോഴത് ദുഃഖത്തിന്റേതുമാകാം. ആർപ്പു വിളിയും ആരവങ്ങളുമായി ഉള്ളം തിങ്ങിനിറയുന്നതാണ് അതിലൊന്ന്. നാട്ടരങ്ങുകളും പുലികളിയും പിന്നെ അത്തപ്പൂക്കളവുമൊക്കെ സമ്മാനിക്കുന്ന ഓർമകൾ ഉള്ളിൽ അനുഭൂതി നിറച്ച് കടന്നുപോകും. ഓണക്കാലം ജീവിതത്തിന്റെ പല ഏടുകളെയും മറിച്ചു നോക്കാൻ പ്രേരിപ്പിക്കുന്നവയാണ്. പ്രത്യേകിച്ച് ബാല്യകാലത്തിലേത്. പല ദിക്കും പല നാടും, പല ബന്ധങ്ങളും പരസ്പരം സന്തോഷം പങ്കുവെക്കലും പരിചയപ്പെടലുകളും എല്ലാം നിറഞ്ഞ സന്തോഷംതരുന്ന നാളുകൾ.
ഓർമയുടെ തിരതള്ളൽ മനസ്സിൽനിന്ന് നാവിലേക്കു വന്നാൽ അടപ്രഥമൻ മുതൽ പതിനെട്ടു കൂട്ടം കറികളുടെ രുചി നാവിൽ ജലതരംഗം ഉണ്ടാക്കി മറ്റൊരു ഓർമയുടെ ലോകത്തേക്ക് കൊണ്ടുപോകും. ചിലരെങ്കിലും അപ്പോഴാണ് വയറു നിറച്ച് ആഹാരം കഴിച്ചിരുന്നത് എന്ന ഓർമയും കൂടി ചേർക്കേണ്ടിയിരിക്കുന്നു. എന്നാലും, ഓർമകളിൽ എന്നും ഓണം ഉണ്ടാവും. എല്ലാവരും ആഘോഷപൂർവം ഓണം കൊണ്ടാടുമ്പോഴും പ്രവാസലോകത്ത് ചിലരെ കണ്ടിട്ടുണ്ട്. കണ്ണു നിറയാതെ, ഒന്ന് വിതുമ്പാതെ, ആ സമയങ്ങളിൽ നാട്ടിലേക്കു വിളിക്കാൻ കഴിയാതെ ചിലർ. ജീവിതത്തിന്റെ പ്രാരബ്ദം കാരണം നാട് വിട്ടിട്ട് ഒരുപാട് നാളായിട്ടുണ്ടാവാം. എന്നാലും ഓണം ആകുന്നതിനു മുമ്പ് വീട്ടിലേക്കുള്ള പണവും വസ്ത്രങ്ങളും നേരത്തേതന്നെ വാങ്ങി അയച്ചിട്ടുണ്ടാവും. എന്നിട്ട് എനിക്കിവിടെ സുഖമാണ്, സന്തോഷമാണ് എന്ന പതിവ് കളവും പറഞ്ഞ് കഴിഞ്ഞുകൂടുന്നവർ. അവർക്ക് ഓർമകളിൽ മാത്രമാണ് ഓണം. ഇത്തരക്കാരുടെ എണ്ണം എടുത്താൽ അത് ഇന്ന് വീടുകളിൽ ഓണം ആഘോഷിക്കുന്നവരേക്കാൾ ഇരട്ടി ആയിരിക്കും. ഇത്തവണയും കണ്ടു അത്തരം ഒരുപാടുപേരെ.
നാടു വിട്ടുനിൽക്കാൻ ആർക്കും ഇഷ്ടമുണ്ടായിട്ടല്ല, ജീവിത സാഹചര്യങ്ങളാണ് പലരെയും പ്രവാസിയാക്കുന്നത്. സ്വന്തങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നുമൊക്കെ വളരെ ദൂരേക്കു മാറിനിൽക്കുമ്പോൾ പിന്നെ എന്ത് ഓണം! സ്ത്രീകളും ഇതിൽനിന്ന് പുറത്തല്ല. സ്വന്തക്കാരോടൊപ്പം, ഭർത്താവിനോടൊപ്പം, കുഞ്ഞുങ്ങളോടൊപ്പം ഓണം ആഘോഷിച്ചിട്ടു ഒരുപാട് നാളായ എത്രയോ പേർ നമുക്കുചുറ്റുമുണ്ട്. നാട്ടിലേക്കുള്ള ഒരു ഫോൺ വിളിയിൽ ആശംസ അറിയിച്ച് അതിൽ സംതൃപ്തി കണ്ടെത്തി വളരെ വേഗം ജോലിയിലേക്ക് പ്രവേശിച്ചു കർമനിരതരാകുന്ന സ്ത്രീകൾ. അമ്മയും ഭാര്യയും സഹോദരിയും മകളുമായവരൊക്കെ ഇതിലുണ്ടാകും. ഉറ്റവർ ആരുമില്ലാത്ത നേരത്ത് എന്തൊക്കെ ഓർമകളാവും അവരെ അലട്ടുന്നുണ്ടാകുക! ചെറിയ കുട്ടികളുണ്ടാവാം, ആദ്യത്തെ ഓണമാവാം. വിവാഹത്തിനു ശേഷം ആദ്യ ഓണം ആവാം, ഇനി ഒരു ഓണത്തിന് ആയുസ്സ് ഉണ്ടോ എന്ന് ചിന്തിക്കുന്നവരുമാകാം, അങ്ങനെയുള്ള ഒരുപാട് മുഖങ്ങൾ ഈ ഓണനാളിലും കണ്ടു. ഓർമകളിൽ പൂക്കളം തീർത്ത് അങ്ങനെ ഒരു ഓണക്കാലം കൂടി കടന്നുപോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.