ജന്മം മാത്രം
text_fieldsഒരു രാത്രിയിലായിരുന്നു അവൻ ഈ കാലത്തിലേക്ക് ജനിച്ചുവീണത്. ഇരുട്ടിൽനിന്ന് ഇരുട്ടിലേക്ക്... തലകീഴായി പിറന്നുവീഴുമ്പോൾ, ഭൂമി അവന്റെ തലക്കു മീതെ ആയിരുന്നല്ലോ. അവനോർത്തു, ഏറെ ഭയത്തോടെ, ഒത്തിരി അഹങ്കാരത്തോടെ, ഇനി എല്ലാം തന്റെ തലയിൽ തന്നെ. അതുകൊണ്ട് അവൻ കരഞ്ഞു. കള്ളക്കരച്ചിൽ.
കൈകാലുകൾ ഇളക്കി അവൻ പറക്കാൻ ശ്രമിച്ചു. ദാഹിച്ചപ്പോൾ നിലത്തു ആഞ്ഞു ചവിട്ടി, പക്ഷേ എവിടെ ചവിട്ടും... ഭൂമി അവന്റെ തലയിലല്ലേ. എന്നിട്ടും ഭൂമി പിളർന്നു. അവനു മനസ്സിലായി, ഇപ്പോൾ ഭൂമി തന്റെ കാൽക്കീഴിൽ ആണെന്ന്. നേരത്തേ തലയിലായിരുന്നതെല്ലാം അവനിപ്പോൾ കാൽക്കീഴിലാക്കിയിരിക്കുന്നു.
അവൻ ചിരിക്കാൻ തുടങ്ങി, ആർത്തു ചിരിക്കാൻ തുടങ്ങി. അതോടെ അവനു പരിചാരകരായി. കൈപിടിച്ചു നടത്താനും പാലൂട്ടാനും കുളിപ്പിക്കാനും ആളുകളായി. തന്റെ കാൽക്കീഴിലെ സാമ്രാജ്യം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. സമയം കാത്തുനിൽക്കില്ലെന്ന തിരിച്ചറിവ് അവനിലുണ്ടായി. അതു കൊണ്ടാവണം, അവൻ ഓടാനും പഠിച്ചു. ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അവൻ കാൽക്കീഴിലാക്കി. നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന അവന് മരണമില്ല പോലും. ജന്മം മാത്രം.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.