ഒ.എൻ.വി സാഹിത്യ പുരസ്കാരം സി. രാധാകൃഷ്ണന്
text_fieldsതിരുവനന്തപുരം: ഒ.എൻ.വി കൾചറൽ അക്കാദമി ഏർപ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് സി. രാധാകൃഷ്ണന്. മൂന്നു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനും പ്രഭാവർമ, റോസ് മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നിസർഗ സുന്ദരവും സുതാര്യവിശുദ്ധവുമായ കഥാഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യരംഗത്ത് മൗലികവും താരതമ്യമില്ലാത്തതുമായ സംഭാവനകളാണ് സി. രാധാകൃഷ്ണൻ നൽകിയതെന്ന് സമിതി അഭിപ്രായപ്പെട്ടു.
സുഗതകുമാരി, എം.ടി. വാസുദേവൻ നായർ, അക്കിത്തം, ഡോ.എം. ലീലാവതി, ടി. പത്മനാഭൻ എന്നിവർക്കാണ് മുൻവർഷങ്ങളിലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത്. 2023 ലെ ഒ.എൻ.വി യുവസാഹിത്യ പുരസ്കാരത്തിന് നീതു സി. സുബ്രഹ്മണ്യൻ, രാഖി ആർ. ആചാരി എന്നിവരെ തെരഞ്ഞെടുത്തു.
കവി പ്രഭാവർമ അധ്യക്ഷനും നോവലിസ്റ്റ് മഹാദേവൻ തമ്പി, കവയിത്രി ഉദയകല എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്. ശിൽപത്തിനും പ്രശസ്തിപത്രത്തിനും പുറമേ, 50,000 രൂപ ഇവർക്ക് തുല്യമായി വിഭജിച്ച് നൽകും. ഒ.എൻ.വി ജയന്തിദിനമായ മേയ് 27ന് തിരുവനന്തപുരത്ത് പുരസ്കാരങ്ങൾ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.