ഒഴുകാനുണ്ടിനിയും
text_fieldsഒരു രാജ്യത്തിന്റെ അതിർത്തിയിലും
ഞാൻ നുഴഞ്ഞുകയറിയിട്ടില്ല
എങ്കിലും ഇന്നെനിക്ക്
കയറാൻ എന്റെ വീടുപോലുമില്ല.
ആരെയും ഞാൻ അകറ്റിയിട്ടില്ല
എന്നാലിന്നെനിക്ക് കൂടെ നിർത്താനാരുമില്ല
ആരെയും ഞാൻ ഒറ്റുകൊടുത്തിട്ടില്ല
എങ്കിലും ഞാൻ ഈ മണ്ണിൽ ഒറ്റക്കായി.
ആരുടെ കിരീടവും ചെങ്കോലും
ഞാനാഗ്രഹിച്ചിട്ടില്ല
എന്നാലിന്നെനിക്ക് അണിയാൻ
ഒരിലതൊപ്പിപോലുമില്ല
എന്റെ കയ്യിലെ ഈ പാവ ഞാൻ
എന്റെ കൂട്ടുകാരന്റെ കൈയിൽനിന്ന്
കട്ടെടുത്തതല്ല എന്നാൽ അവനിന്ന്
എവിടെയാണെന്നുപോലും എനിക്കറിയില്ല
അനാഥരും ആലംബഹീനരുമായ
ഒരു മനുഷ്യജീവിയെയും ഞാൻ
അപഹസിച്ചിട്ടില്ല.
എന്നാലെന്റെ കണ്മുന്നിൽ നിന്നാണ്
എന്റെ മാതാപിതാക്കളെ എനിക്കിന്ന് നഷ്ടമായത്
ഇന്ന് ഈ പൊട്ടിയ കെട്ടിടത്തിന്
കീഴെ ഞാൻ നിശ്ചലനാണ്
കഴുകന്റെ കണ്ണുകളിലെ
വിശപ്പ് പകയായി മാറുന്ന
നേരമാ കഴുകന്റെ കൊക്കിൽ
ഏതോ മനുഷ്യന്റെ മാംസമുണ്ടായിരുന്നു
ആ കണ്ണിലെ പകയടങ്ങാൻ
ഇനിയുമെത്ര ഒഴുകണം?
തകർന്ന വിദ്യാലയത്തിലെ
കത്തിയെരിഞ്ഞ പുസ്തകങ്ങളിൽ നോക്കിയപ്പോളെൻ
മനസ്സിൽ ഒഴുകിയതുമതുതന്നെ
ഇനിയെന്നെരിയാത്ത പുസ്തകങ്ങൾ
എന്നെ തൊട്ടുണർത്തും?
ചുവപ്പു നദികൾ തെളിയാൻ
ഇനിയും ഒഴുകേണ്ടിയിരിക്കുന്നു
പരക്കുന്ന കാറ്റിലെ രൂക്ഷഗന്ധം മാറി
കസ്തൂരിയാകാൻ
ഇനിയും ഒഴുകേണ്ടിയിരിക്കുന്നു
രക്തക്കളത്തിലൊരു പൂ വിരിയാൻ
ഒലീവില തേടി വെള്ളരിപ്രാവുകളിറങ്ങാൻ
കാതങ്ങൾ ഒഴുകാനുണ്ടിനിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.