ആധുനിക കേരള സൃഷ്ടിയിൽ പി. ഭാസ്കരന്റെ സംഭാവന വിലമതിക്കാനാകാത്തത് -ജി.പി. രാമചന്ദ്രൻ
text_fieldsബംഗളൂരു: ആധുനിക കേരള സൃഷ്ടിയിൽ കവിയും ഗാനരചയിതാവുമായ പി. ഭാസ്കരന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ‘ജനകീയ കലകളും ആധുനിക കേരളവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കേരളം എങ്ങനെയാണ് നിർമിക്കപ്പെട്ടതെന്ന ചോദ്യത്തിന് ദേശീയ പ്രസ്ഥാനം, തൊഴിലാളി യൂനിയനുകൾ, കർഷക മുന്നേറ്റം, സാമുദായിക പരിഷ്കരണം, ഐക്യകേരളത്തിന് വേണ്ടിയുള്ള സമരങ്ങൾ എന്നിങ്ങനെ ലഭിക്കുന്ന ഉത്തരത്തോടൊപ്പം സാധാരണക്കാരന്റെ വികാരങ്ങളെ ദ്യോതിപ്പിക്കുകയും അവരെ ചിന്തിപ്പിക്കുകയുമൊക്കെ ചെയ്ത എഴുത്തുകാരും കലാകാരന്മാരും കലാസൃഷ്ടികളും ഒക്കെയുണ്ട്. ഈ നിരയിൽ വലിയ സംഭാവന നൽകിയ പി. ഭാസ്കരന്റ പങ്ക് അമൂല്യമാണ്. കേരളവും മലയാളവും ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ രചനകൾ നിലനിൽക്കും. അതുകൊണ്ടാണ് ആധുനിക കേരളത്തെ സൃഷ്ടിച്ച മഹോന്നതന്മാരിൽ സുപ്രധാനസ്ഥാനമാണ് പി. ഭാസ്കരൻ മാഷിനുള്ളതെന്നും ജി.പി. രാമചന്ദ്രൻ പറഞ്ഞു. ഭാസ്കരൻ മാസ്റ്ററുടെ ചലച്ചിത്ര സംഭാവനകളെക്കുറിച്ചും കവിതകളുടെയും ഗാനങ്ങളുടെയും സവിശേഷതകളെ പറ്റിയും ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം വിവരിച്ചു.
ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. രാജൻ, വി.കെ. സുരേന്ദ്രൻ, ആർ.വി. ആചാരി, ടി.എം. ശ്രീധരൻ, പൊന്നമ്മ ദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. സുഷമ ശങ്കറിന്റെ ‘അച്ഛന്റെ കല്യാണം’ എന്ന നോവൽ, സമാജം പ്രസിഡന്റ് മുരളീധരൻ നായർക്ക് നൽകി ജി.പി. രാമചന്ദ്രൻ പ്രകാശനം ചെയ്തു. ഡോ. സുഷമ ശങ്കർ, മോഹൻ ദാസ്, തങ്കമ്മ സുകുമാരൻ, എൻ.കെ. ശാന്ത, സംഗീത ശരത്, സ്മിത, ഓമന, സൗദ റഹ്മാൻ, ഷമീമ, സുമ മോഹൻ, അബ്ദുൽ അഹദ്, ജയപ്രകാശ്, പ്രതിഭ പി.പി., സുനിൽ ശിവൻ എന്നിവർ പി. ഭാസ്കരന്റെ കവിതകളും ഗാനങ്ങളും ആലപിച്ചു.
സാഹിത്യവിഭാഗം കൺവീനർ കുഞ്ഞപ്പൻ, എജുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ, സോണൽ സെക്രട്ടറി വിശ്വനാഥൻ എന്നിവർ അതിഥികളെ ആദരിച്ചു. ഡെന്നിസ് പോൾ പരിപാടി നിയന്ത്രിച്ചു. ട്രഷറർ എം.കെ. ചന്ദ്രൻ ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.