പല കാലങ്ങളെ, പല ജീവിതങ്ങളെ യു.എ. ഖാദർ തൃക്കോട്ടൂർ ചരടിൽ കോർത്തു -സ്പീക്കർ
text_fieldsതിരുവനന്തപുരം: പല കാലങ്ങളെ, പല ജീവിതങ്ങളെ തൃക്കോട്ടൂർ ചരടിൽ കോർത്തതാണ് തൃക്കോട്ടൂർ കഥാകാരന്‍റെ പെരുമയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അദ്ദേഹത്തിന്‍റെ വിയോഗം കേരളത്തിന്‍റെ സാഹിത്യ - സാംസ്കാരിക മേഖലളിൽ നികത്താനാവാത്ത നഷ്ടമാണെന്നും സ്പീക്കർ പറഞ്ഞു.
ബാല്യത്തിൽ തന്‍റെ അച്ഛന്‍റെ കൈപിടിച്ച് എത്തിയ കൊച്ചു ഗ്രാമത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ്, ജീവിത തുടിപ്പുകളെ മനസ്സിലേറ്റു വാങ്ങി നാടിന്‍റെ കഥാകാരനായി മാറിയ എഴുത്തുകാരനാണ് യു.എ. ഖാദർ. വടകര ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണുങ്ങളുടെയും മേപ്പയൂരിലെ കണാരപണിക്കരുടേയും പോലുള്ളവരുടെ ജീവിതങ്ങൾ മാത്രമല്ല, പുലിമറ ദൈവത്താരുടേയും ഭഗവതിച്ചൂട്ടും മറ്റുമായി നാടിന്‍റെ പഴങ്കഥകളും വിശ്വാസങ്ങളും ആ കഥകളിൽ ഇതൾ വിരിഞ്ഞു.
നാട്ടു ജീവിതങ്ങളും നാട്ടുകഥകളും മാത്രമല്ല, നാട്ടുമൊഴിവഴക്കങ്ങളും കൂടിയാണ് ഖാദറിനെ ഗ്രാമത്തിന്‍റെ കഥാകാരനാക്കിയത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ മലയാളത്തിന്‍റെ സ്വന്തം കഥാകാരൻ. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ്പ്രസിഡന്‍റ്, കേരള ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, പുരോഗമനകലാസാഹിത്യ സംഘം പ്രസിഡന്‍റ് എന്നിങ്ങനെ കേരളത്തിന്‍റെ കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചൊരാൾ. എഴുത്തിന്‍റെ പെരുമയിൽ അദ്ദേഹം അനശ്വരനായിരിക്കട്ടെയെന്നും സ്പീക്കർ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.