വത്സല ടീച്ചർ, എനിക്ക് മാതൃകയായിരുന്ന എഴുത്തുകാരി
text_fieldsഇന്നുള്ളതുപോലെ എഴുത്തുകാരികൾ വളരെയൊന്നും ഇല്ലാതിരുന്ന കാലത്ത് ഫിക്ഷന്റെ ലോകത്ത് അതിശക്തയായി നിറഞ്ഞുനിന്ന എഴുത്തുകാരിയാണ് പി. വത്സല. മലയാള സാഹിത്യത്തിന്, അത് ഫിക്ഷനിലും നോവലിലും വലിയ സംഭാവനയാണ് ടീച്ചർ നൽകിയത്. വയനാട് എന്ന ഭൂമികയെ മലയാള സാഹിത്യത്തിൽ അത്രയേറെ പരിചയപ്പെടുത്തിയ എഴുത്തുകാരിയാണ് വത്സല. വയനാടിനെ വിഷകന്യകയായി പരാമർശിച്ചുള്ള പൊറ്റേക്കാടിന്റെ എഴുത്തുകളായിരുന്നു അതിന് മുമ്പുണ്ടായിരുന്നത്. അവിടെ ചെന്നുപെട്ട മനുഷ്യർ എങ്ങനെയെല്ലാം മരിച്ചുവെന്നും നിസ്വരായി തിരിച്ചുവന്നുവെന്നുമുള്ള കഥയാണ് പൊറ്റേക്കാട് പറഞ്ഞത്. ഭൂമിവെട്ടിപ്പിടിച്ച് പലതരത്തിൽ തോൽവിയേറ്റുവാങ്ങിയ മനുഷ്യരായിരുന്നു പൊറ്റേക്കാടിന്റെ എഴുത്തിൽ.
എന്നാൽ, വത്സലയുടെ എഴുത്ത് അതിനേക്കാൾ അപ്പുറത്തായിരുന്നു. ആറ് മാസം പ്രായമുള്ള തന്റെ കൈക്കുഞ്ഞുമായി വയനാട്ടിലേക്ക് പോയി അവർക്കിടയിൽ ജീവിച്ച് അവരുടെ പ്രശ്നങ്ങൾ പഠിച്ച്, എങ്ങനെയാണ് കുറേ മനുഷ്യർ അവിടെ കഴിയുന്നതെന്ന് ഒരു ഫിക്ഷനിലൂടെ നമുക്ക് മനസ്സിലാക്കി തന്നു. ആദിവാസികളുടെ ജീവിതം വത്സല ടീച്ചറുടെ മനസ്സിലുണ്ടാക്കിയ വലിയ അനുതാപമായിരുന്നു അവരുടെ എഴുത്തിലൂടെ പുറത്തുവന്നത്. വയനാട് എന്ന ഭൂമികയിൽ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ അത്രമാത്രം പാർശ്വവത്കരിക്കപ്പെട്ട ജീവിതത്തെ കാണിക്കുന്നതായിരുന്നു ആ എഴുത്തുകൾ. കൈക്കുഞ്ഞുമായി ആനയിറങ്ങുന്ന സ്ഥലത്തുപോലും താമസിച്ചായിരുന്നു അവിടത്തെ ജീവിതത്തെകുറിച്ച് ടീച്ചർ പഠിച്ചതും എഴുതിയതും. ഒരു നോവലിനെ യാഥാർഥ്യവുമായി ബന്ധപ്പെടുത്താൻ കാണിച്ച ആ ത്യാഗം എനിക്ക് വലിയ മാതൃകയായിരുന്നു. ഞാൻ അതിനെ കൊതിയോടെ നോക്കിക്കണ്ടിരുന്നു. എനിക്ക് അങ്ങനെയൊന്നും പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എഴുത്തിന്റെ ലോകത്ത് വത്സല ടീച്ചർ നിറഞ്ഞുനിന്ന ഒരു കാലം ഉണ്ടായിരുന്നു. അതി സമ്പന്നമാണ് ടീച്ചറുടെ എഴുത്തിന്റെ ലോകം. ‘ഉണ്ണിക്കോരന് ചതോപധ്യായ’ എന്നൊരു കഥ ഇപ്പോഴും ഓർമയുണ്ട്.
ഹാസ്യം ഇത്രമനോഹരമായി ടീച്ചർക്ക് വഴങ്ങുമെന്ന് തെളിയിച്ച കഥ കൂടിയാണത്. ഒരുകാലഘട്ടത്തിൽ ബംഗാളി നോവലുകളിൽ ഹരംപിടിച്ച മലയാളിയെയാണ് അവർ ഈ കഥയിൽ ചിത്രീകരിച്ചത്. അതുപോലെ ഒരുപാട് കഥകളും നോവലുകളും ടീച്ചറുടെ കനത്ത സംഭാവനയായി എന്നും ഇവിടെ അവശേഷിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.