ആ 42ാം പേജും പണ്ഡിറ്റ് കറുപ്പനും
text_fieldsഇന്ന് നമുക്ക് അവിശ്വസനീയമായി തോന്നും. ക്ലാസ് മുറിയാകെ കലമ്പിമറിയുകയാണ്. കാരണം, മാഷ് അംബേദ്കറെക്കുറിച്ചുള്ള പാഠം പഠിപ്പിച്ചു. മഹാറുകളുടെ മാത്രം നേതാവായ അംബേദ്കറെക്കുറിച്ചുള്ള പാഠം ഞങ്ങളുടെ മക്കൾക്ക് പഠിക്കേണ്ടതില്ലെന്നവർ ആേക്രാശിച്ചു. അങ്ങനെയൊരു പാഠം പാഠപുസ്തകത്തിൽ ഉണ്ടാവില്ലെന്നും, മാഷ് നുണപറയുകയാണെന്നും അവർ ശഠിച്ചു. പാഠപുസ്തകമുയർത്തി, അംബേദ്കറുള്ള ആ നാൽപത്തിരണ്ടാം പേജ് മാഷ് ഉയർത്തികാണിച്ചു. അവരത് വാങ്ങി ആ പേജ് കീറിയെറിഞ്ഞു. കുട്ടികളോടും അപ്രകാരം ചെയ്യാൻ പറഞ്ഞു. പ്രസ്തുത സന്ദർഭത്തെ സാക്ഷിയാക്കി ശരൺ കുമാർ ലിംബാളെ ‘ഹിന്ദു’ എന്ന കൃതിയിൽ എഴുതി: കീറിയ പേജുകൾ ചുരുട്ടി അവർ ഗുരുജിയുടെ നേർക്കെറിഞ്ഞു. ജയഭേരി മുഴക്കി ആൾക്കൂട്ടം പുറത്തേക്കിറങ്ങി; കൂടെ കുട്ടികളും. നിമിഷാർധംകൊണ്ട് ക്ലാസ്മുറി കാലിയായി. ബാബാ സാഹബിന്റെ പടം അച്ചടിച്ചിരുന്ന നിരവധി പുസ്തകത്താളുകൾ ക്ലാസിൽ പറന്നുനടന്നു. കസ്ബെഗുരുജി അവ ഒന്നൊന്നായി പെറുക്കിയെടുത്തു. ഓരോ കടലാസിലും അദ്ദേഹം ബാബാ സാഹബ് അംബേദ്കറെ കാണുന്നുണ്ടായിരുന്നു. (ഹിന്ദു: ശരൺ കുമാർ ലിംബാളെ) സൂക്ഷിച്ചുനോക്കിയാൽ നമുക്കതിൽ പണ്ഡിറ്റ് കറുപ്പൻ മുതൽ നിരവധി കീഴാളപ്രതിഭകളെയും ശരിക്കും കാണാനാവും. ഇന്നും നാം പണ്ഡിറ്റ് കറുപ്പൻ മുതൽ എത്രയെത്രയോ പേരെ ഇതുപോലെ ജാതിമേൽക്കോയ്മാ ശക്തികൾ കീറിയെറിയുന്നത് കണ്ടുകൊണ്ടിരിക്കുന്നു. പക്ഷേ, ഒരു വ്യത്യാസമുണ്ട്, മുമ്പുള്ളതിനേക്കാൾ ഇന്ന് അതിനെതിരെ അത്രതന്നെ ചെറുത്തുനിൽപുകളും ഉണ്ടാവുന്നുണ്ട്. അത്രയെളുപ്പം ഇന്ന് ആർക്കും മുമ്പെന്നപോലെ ആ 42ാം പേജ് കീറിയെറിയാനാവില്ല! അതാണ് മാറ്റത്തിന്റെ മഹത്ത്വവും സൗന്ദര്യവും! അതാണ് കീഴാള പ്രതിരോധത്തിന്റെ വീര്യവും വിസ്മയവും!
‘ജാതി ധിക്കാരമല്ലയോ’ എന്നൊരൊറ്റ ചോദ്യത്തിലൂടെ, കൊച്ചി കായലിൽ കനൽ കോരിയിട്ട, ശുദ്ധ മടയത്തമല്ലാതെ മറ്റെന്താണ് നിങ്ങളീ പറയുന്ന ജാതികേമത്തങ്ങൾ എന്ന് ഉച്ചത്തിൽ ചോദിച്ച് വിദ്വൽസദസ്സുകളെയാകെ പ്രകമ്പനം കൊള്ളിച്ച,
‘നാൽക്കാലികളെക്കാളും താഴെയാണോ ഇക്കാണും മാനുഷ സോദരന്മാർ’
എന്ന് ദിഗന്തങ്ങൾ ഞെട്ടുമാറ് വിളിച്ചുപറഞ്ഞ, കാഷ്ഠം ഭുജിച്ചു നടന്നിടുന്ന പട്ടിക്കു കൊടുക്കുന്ന പരിഗണന പോലും പാവം മനുഷ്യർക്ക് നൽകാത്ത ജാതിച്ചട്ടങ്ങളെല്ലാം മാറ്റാനുള്ള സമയമതിക്രമിച്ചെന്ന്, കുമാരനാശാന് മുമ്പേ മലയാളിയെ ബോധ്യപ്പെടുത്തിയ, കേരളത്തിന്റെ ലിങ്കൺ എന്ന് പ്രശംസിക്കപ്പെട്ട, കവിതിലകൻ പണ്ഡിറ്റ് കറുപ്പന് ഇന്ന് അടിക്കുറിപ്പുകളും ആമുഖങ്ങളും വിവരണങ്ങളും ആവശ്യമില്ല. എന്നാൽ മുമ്പ് ആഢ്യ സദസ്സുകളിൽ സ്വന്തം പ്രതിഭയുടെ കരുത്തുകൊണ്ട്, ഇടം കിട്ടിയപ്പോഴും അന്നേ പ്രശസ്തനായ ആ കവിയുടെ പേര് ചേർത്തിരുന്നത്, കറുപ്പൻ എന്നല്ല, ചേരാനല്ലൂർ കണ്ടത്തിൽപ്പറമ്പിൽ വാലൻ കറുപ്പൻ എന്നായിരുന്നു! പേരുമാത്രം കേട്ടിട്ട് ഇയാൾ താഴ്ന്ന ജാതിക്കാരനാണ് എന്നാർക്കെങ്കിലും മനസ്സിലായില്ലെങ്കിലോ എന്ന് വിചാരിച്ചാണ്, പ്രത്യേകിച്ച് ഒരാവശ്യവുമില്ലാതെ, നാട്ടു-വീട്ടു പേരുകൾക്കൊപ്പം അവർ ജാതിപ്പേരും ചേർത്ത് പരത്തി പകിട്ട് കൂട്ടിയത്. കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ പ്രശസ്തമായ, ‘ബാലാകലേശം’ എന്ന നാടകത്തെ, പിന്നീട് വാലാകലേശം എന്ന് തിരുത്തി വിളിച്ചതിന് പിറകിൽ പ്രവർത്തിച്ചതും ഇതേ ജാതിപ്രത്യയശാസ്ത്രമാണ്. 1912ലാണ് ഫ്യൂഡൽ നാടുവാഴിത്ത മൂല്യങ്ങളെ നിവർന്നുനിന്ന് വിചാരണചെയ്യുന്ന, ‘ബാലകലേശം’ നാടകം പണ്ഡിറ്റ് കറുപ്പനെഴുതിയെന്നുള്ളത് മറക്കരുത്. കൊച്ചി മഹാരാജാവിന്റെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായുള്ള നാടകമത്സരത്തിൽ, ഒന്നാം സമ്മാനാർഹമായ പ്രസ്തുത നാടകത്തിനെതിരെയാണ്, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിൽ ജാതി പറഞ്ഞുള്ള തരംതാഴ്ത്തൽ ശ്രമം നടന്നതെന്നുള്ളത്, പ്രശസ്തമായ പുരോഗമനത്തിനകത്തെ പെട്ടെന്ന് കാണാത്ത ഇരുട്ടിനെയാണ് ദൃശ്യപ്പെടുത്തുന്നത്!
ഒയ്യാരത്ത് ചന്തുമേനോൻ ‘ഇന്ദുലേഖ’യിൽ വഷളനായ സൂരി നമ്പൂതിരിപ്പാടിനും ബുദ്ധിമാനായ ചെറുശ്ശേരി നമ്പൂതിരിക്കുമാണ് പിറവി നൽകിയതെങ്കിൽ; ‘ബാലാകലേശ’ത്തിലെ തുപ്പൻ നമ്പൂതിരിയിൽ ഇത് രണ്ടും ഒത്തുചേർന്നിരിക്കുന്നു. മാത്രവുമല്ല, ആ നാടകത്തിലെ മറ്റൊരു കഥാപാത്രമായ കൃഷ്ണനുമായുള്ള സംഭാഷണത്തിലൂടെ സ്വന്തം പരിമിതികളിൽനിന്നും പുറത്തുകടക്കുന്ന, വളരുന്നൊരു കഥാപാത്രമായാണ് ആ നമ്പൂതിരി നിവർന്നുനിൽക്കുന്നത്. നരച്ച നാടുവാഴിത്തത്തിനെതിരെ നിറപ്പകിട്ടുള്ള ആധുനികതയെയാണ് നാടകം ആഘോഷിക്കുന്നത്. ആധുനികതയുടെ അടയാളങ്ങളിൽ ഒന്നായ തീവണ്ടിക്കെതിരെ ആദ്യം മ്ലേച്ഛമുദ്ര ചാർത്തുന്ന നമ്പൂതിരിതന്നെ പിന്നെ അതിനെ പിന്തുണക്കുന്ന അവസ്ഥയിലേക്ക് വളരുകയാണ്. ‘ബാലാകലേശ’ത്തിൽ തീവണ്ടിയെ അവതരിപ്പിച്ചിരിക്കുന്നത്, സാക്ഷാൽ പരബ്രഹ്മമായിട്ടാണ്. മാറ്റത്തിന്റെ മഴ ഏറെ തിമിർത്ത് പെയ്തിട്ടും മനസ്സ് മാറാത്തവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നൊരു കിടിലൻ രൂപകം! ജാതിഭേദനരനെ
കൊത്തുന്ന കാർേക്കാടകൻ എന്നൊ രൊറ്റ പ്രയോഗം മതി, തീവണ്ടിവിപ്ലവത്തിന്റെ മഹത്ത്വം മനസ്സിലാക്കാൻ. ‘ഇന്ദുലേഖ’യെ കാണാൻ മുട്ടി ക്ലേശകരമായ വഴിയിലൂടെ മഞ്ചലിൽ സഞ്ചരിക്കുന്ന സൂരിനമ്പൂതിരിപ്പാടിന്റെ വഴിയുടെ ദുർഘടം മഞ്ചൽ ചുമക്കുന്നവർക്കല്ലേ, നമുക്കല്ലല്ലോ എന്നു പറഞ്ഞുള്ള ആ വഷളൻ ചിരിക്കു നേരെയാണ് കൂവിവിളിച്ചുകൊണ്ട് കറുപ്പന്റെ തീവണ്ടി ചീറിപ്പാഞ്ഞത്. നാടുവാഴിത്തം ജാതി തകർക്കുന്ന കാർക്കോടകനായി തീവണ്ടിയെ ആക്ഷേപിച്ചപ്പോൾ; അതേ തീവണ്ടിയെ ജാതി അസമത്വം താൽക്കാലികമായെങ്കിലും തട്ടിനിരപ്പാക്കുന്ന, ജാതിഭേദ നരനെ മാത്രം കൊത്തുന്ന കാർക്കോടകനായി തിരിച്ച് അവതരിപ്പിക്കുകയാണ് ‘ബാലാകലേശം’ നാടകം. കൃഷ്ണൻ പറയുന്നതൊക്കെ യുക്തിയുള്ള വാക്കുകളാണ് എന്ന് തുപ്പൻ നമ്പൂതിരി ശരിവെക്കുന്നു. അതോടെ, ഇളകിമറിയുന്നത് പരമ്പരാഗത ജാതി ശീലങ്ങളാണ്! പ്രശസ്തമായ ദുരവസ്ഥാ കാവ്യത്തിന് മുന്നോടിയായ, ആശാൻ അതെഴുതുന്നതിനും പതിനേഴു കൊല്ലം മുമ്പ് 1905ൽ എഴുതിയ, അക്കാലം മുതൽതന്നെ സനാതനികളുടെ സന്ധ്യാവന്ദനത്തിനും ഹരിനാമകീർത്തനത്തിനും ബദലായി അടിസ്ഥാന ജനവിഭാഗങ്ങളിലെ ഒരു വിഭാഗം വീടുകളിൽ ചൊല്ലിപ്പോന്ന, മലയാള സാഹിത്യത്തിന്റെ വഴി തിരിച്ചുവിട്ട, ജാതിവിരുദ്ധ സാഹിത്യത്തിന്റെ തീപ്പന്തമായിതീർന്ന, ഏതൊരു കൃതിയുടെ പേർ വിട്ടുപോയാൽ മലയാള കവിതാസാഹിത്യചരിത്രം അപര്യാപ്തമാകുമോ, ആ കൃതിയുടെ പേരാണ് പണ്ഡിറ്റ് കറുപ്പന്റെ ‘ജാതിക്കുമ്മി’. അടിസ്ഥാന ജനതയുടെ നീതിക്കുവേണ്ടി പൊരുതുന്ന സംഘടനയുടെപോലും പിറവിക്ക് നിമിത്തമായ, ഏതർഥത്തിലും ഇന്നും കൂടുതൽ വായനകൾ ആവശ്യപ്പെടുന്നൊരു കൃതിയാണത്. ബഹുകുന്തം, കോപ്രായം, കുണ്ടാമണ്ടി, കൊലക്കുടുക്ക്, ശുദ്ധമടയത്തം, ധിക്കാരം തുടങ്ങിയ പ്രത്യക്ഷ ജാതിവിമർശന കിടിലൻ പ്രയോഗങ്ങളാൽ പ്രകാശപൂർണമായ ജാതിക്കുമ്മിയാണ് പുലയരുടെ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനത്തിന് (1909/1913) പ്രചോദനമായത്. ജാതി ഭീകരതകൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ്, ഉള്ളു വെന്തുപോകുന്നല്ലോ എന്നൊരു പൊള്ളിപ്പിടയലുണ്ട് പണ്ഡിറ്റ് കറുപ്പെന്റ ജാതിക്കുമ്മിയിൽ! ഒരു കടൽ വെള്ളത്തിനും തണുപ്പിക്കാനാവാത്തത്ര ചൂടുണ്ടതിന്! അതുകൊണ്ടാണ് കൊച്ചിക്കായലിന് ഒരു നൂറ്റാണ്ടിനുമുമ്പ് തീ പിടിച്ചത്.
ദയാ പച്ചാളത്തിന്റെ ശ്രദ്ധ അർഹിക്കുന്ന ‘കൊച്ചിക്കായൽ’ എന്ന കവിതയിൽ ആ ചരിത്ര സംഭവം ഹൃദയസ്പർശിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു ശതാബ്ദം മുന്നേ അയിത്തമനാചാര-/ക്കരുത്തു കുരുത്തൊരു ധാർഷ്ട്യത്തിൻ നേരെ നോക്കി/ കൂട്ടമാം കീഴാളർക്കായാേക്രാശിച്ചാ മനീഷി/ കൂട്ടിക്കെട്ടീസ്സമരവഞ്ചികൾ വരികളായ്/ ആഴക്കിഴവനച്ചാൽ മീതെ ജാതിവൈരത്തെ/വാഴുന്നോർ, നാടുവാഴി, കൊച്ചിരാജാവും ഞെട്ടി!.
പണ്ടുകാലത്ത് കൊലശിക്ഷക്ക് വിധിക്കപ്പെട്ടവരെ കെട്ടിത്താഴ്ത്തിയ കൊച്ചിക്കായലിലെ ഏറ്റവും കൂടുതൽ ആഴമുള്ള കിഴവനച്ചാലിന് മുകളിലാണ്, ചളികയറ്റുന്ന വഞ്ചികൾ കൂട്ടികെട്ടി ആദ്യത്തെ പുലയസമ്മേളനം പണ്ഡിറ്റ് കറുപ്പന്റെ പ്രചോദനത്തിലും നേതൃത്വത്തിലും നടന്നത്! സ്വന്തം സങ്കടങ്ങൾ വിളിച്ചു പറയാൻ, ഒരു സമ്മേളനം ചേരാൻപോലും അന്ന് സ്ഥലമനുവദിക്കാത്തവരാണ് മറ്റുള്ളവർക്ക് സഹിഷ്ണുതയുടെ മാഹാത്മ്യത്തെക്കുറിച്ച് ഇന്ന് ക്ലാസെടുക്കുന്നത്! എന്നിട്ടും എൻ.വി. കൃഷ്ണവാര്യരെപ്പോലുള്ള പുരോഗമനവാദികളായ മഹാപണ്ഡിതർ, പണ്ഡിറ്റ് കറുപ്പന്റെയും സഹോദരൻ അയ്യപ്പന്റെയും പ്രവർത്തനങ്ങളെ ചെറിയ തോതിലെങ്കിലും കൊച്ചി രാജാവിന്റെ ഔദാര്യത്തിലാണ് ചേർത്തുകെട്ടുന്നത്. അല്ലാതെ കീഴാളർ നടത്തിയ പ്രക്ഷോഭങ്ങളിലല്ല!
എന്നാൽ, ഇന്ന് നമുക്കറിയാവുന്നതുപോലെ, രാജവാഴ്ചക്കാലത്തെ കീഴാളവിനയപ്രകടനംപോലും സാംസ്കാരികരംഗത്തെ ഫ്യൂഡൽ മുതൽമുടക്കുകൾ പൊളിക്കുന്ന ഒരു പ്രക്ഷോഭമായിരുന്നു 1926ൽ കറുപ്പൻ മാഷെഴുതിയ ‘ഉദ്യാനവിരുന്ന് അഥവാ ഒരു ധീവരന്റെ ആവലാതി’ എന്ന കാവ്യം മാത്രം പരിശോധിച്ചാൽ, ആ കാര്യം കൃത്യം വ്യക്തമാവും. ധീവരന്റെ ആവലാതി ഒഴിച്ചുനിർത്തലിനെതിരെയുള്ള സമരമാവുന്നതുെകാണ്ടാണ്, ആ ഉദ്യാനവിരുന്നിന് ഇന്നും ഊർജം ഉൽപാദിപ്പിക്കാൻ കഴിയുന്നത്. രാജഭരണം അവസാനിച്ചുവെങ്കിലും കീഴാളരെ കഴിയുന്നത്ര പല പ്രകാരങ്ങളിൽ ഒഴിച്ചു നിർത്തലും മാറ്റിനിർത്തലും ഇന്നും അവസാനിച്ചിട്ടില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഗോഷൻപ്രഭുവിന്റെ സന്ദർശനാർഥം െകാച്ചി രാജാവ് തൃപ്പൂണിത്തുറ കൊട്ടാരത്തിൽ ബഹുകേമമായി നടത്തിയ വിരുന്നിൽ എല്ലാ എം.എൽ.സിമാരെയും ക്ഷണിച്ചു. കവിതിലകൻ, പണ്ഡിറ്റ്, പ്രശസ്ത അധ്യാപകൻ, ഫോക് ലോറിസ്റ്റ്, നവോത്ഥാന പ്രതിഭ, അതിനൊക്കെ പുറമെ എം.എൽ.സി. ഇതൊക്കെയായിട്ടും കറുപ്പൻ മാഷെ മാത്രം വിളിച്ചില്ല. തന്നെ വിരുന്നിന് വിളിച്ചില്ലല്ലോ എന്ന വ്യക്തിഗത വിലാപമല്ല, അർഹതയെ കൊന്ന് കൊലവിളിക്കുന്ന ജാതിമേൽക്കോയ്മക്കെതിരെയുള്ള കലാപമാണ്, ‘ഉദ്യാനവിരുന്ന്’! ചേലൊത്ത വാലത്തിന്നാലോലാമല നീലനീരദമിഴി–ത്തുമ്പിന്റെ വമ്പല്ലയോ വാഴ്ത്തപ്പെടുന്ന ആർഷ സംസ്കാരം എന്നൊരു വെല്ലുവിളിയാണതിൽ മുഴങ്ങുന്നത്. വാലത്തരുണിയുടെ കടക്കണ്ണിൽ വിരിഞ്ഞ മഹാഭാരതവും ശാകുന്തളവും സ്വീകരിക്കപ്പെടുന്നെങ്കിൽ, അതേ വാലത്തരുണികളുടെ മക്കളെ മാറ്റി നിർത്തുന്നതിന്റെ ജാതിയുക്തിയെയാണത് പൊളിക്കുന്നത്. ഉദ്യാനവിരുന്നിൽ കവി സമർപ്പിക്കുന്നത് രാജാവ് വിളമ്പിയ ഭക്ഷണബാക്കിക്കു വേണ്ടിയുള്ള ദയാഹർജിയല്ല, മനുഷ്യരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള സമരമാണ്. രാജഭരണ കാലപരിധിക്കകത്തുനിന്നുള്ള സമരോത്സുക ഇടപെടൽ എന്ന അർഥത്തിലാണ്, ‘ഉദ്യാനവിരുന്ന്’ പ്രസക്തമാകുന്നത്. രാജാവിനെ നേരിട്ട് സംബോധന ചെയ്യുന്ന കവിതയിലെ പിന്നെയെന്തടിയനെ–ക്കാപ്പിക്കു തോൽപ്പിക്കുവാൻ എന്ന ചോദ്യത്തിലെ വിനയപ്രകടനത്തിന് മുമ്പുള്ള ‘സദ്ധീവരൻ’ എന്ന പ്രയോഗവും മുന്നേ സൂചിപ്പിച്ച പരാശര മുനിയുടെ മനസ്സ് കീഴ്പ്പെടുത്തിയ വാലത്തരുണിയുടെ അനുസ്മരണവും അടിവരയിടുന്നത് നിങ്ങളുടെ കളി ഞങ്ങളോട് വേണ്ട കൂട്ടരേ എന്ന താക്കീതുകൂടിയാണ്!
ധീവരശബ്ദത്തിന് മഹാപണ്ഡിതനായ എം.പി. ശങ്കുണ്ണിനായർ ദ്വീപവാസി എന്നർഥം നൽകിയപ്പോൾ, പണ്ഡിറ്റ് കറുപ്പൻ മാഷ് ആ പദത്തിന് ബുദ്ധിമാന്മാരിൽവെച്ച് േശ്രഷ്ഠൻ എന്നർഥമാണ് നൽകിയതെന്നുള്ളതും ഇവിടെ ഓർക്കാവുന്നതാണ്. എം.പി. ശങ്കുണ്ണിനായർ മത്സ്യഗന്ധിയായ സത്യവതി എന്ന മിത്തിന്റെ പശ്ചാത്തലത്തിനാണ് പ്രധാന്യം കൊടുത്തതെങ്കിൽ; കറുപ്പൻമാഷ് അതിന്റെ സൂക്ഷ്മതലസ്പർശിയായ പൊരുളിനെയാണ് ‘ധീമാതാംവര ധീവര’ എന്നതിലൂടെ ആവിഷ്കരിച്ചത്. ‘രാജഭക്തി എന്ന രാഷ്ട്രീയം’ എന്ന പേരിൽ മലയാള നവോത്ഥാന ചരിത്രത്തിലെ മഹാത്ഭുതം എന്നുതന്നെ എന്തുകൊണ്ടും വിളിക്കാവുന്ന വേലുക്കുട്ടി അരയൻ ആ കാലത്തെ അടയാളപ്പെടുത്തിയതിങ്ങനെ: എല്ലാ സമുദായങ്ങളും കൂടുതൽ കൂടുതൽ രാജഭക്തി കാണിക്കുന്നതിൽ ഉന്മുഖവും ഉത്സാഹവും പ്രകടിപ്പിക്കുക എന്നുള്ളതായിരുന്നു അക്കാലത്തെ രാഷ്ട്രീയം. തിരുവയർ വാണാൽ, തിരുവയറൊഴിഞ്ഞാൽ, ആട്ടത്തിരുനാളുകൾ വന്നാൽ എന്നു തുടങ്ങിയ കാരണങ്ങളെ അടിസ്ഥാനമാക്കി നാടുനീളെ അലങ്കാരങ്ങളും ആഘോഷങ്ങളും അനുമോദനയോഗങ്ങളും നടത്തി രാജഭക്തി പ്രകടിപ്പിക്കുന്നതിൽ ഓരോ ദേശവും ജനവിഭാഗവും മുൻപന്തിയിലേക്ക് നീങ്ങി മത്സരിച്ചിരുന്നു. പത്രങ്ങൾ എല്ലാംതന്നെ ആട്ടത്തിരുന്നാൾ വിശേഷപ്രതികൾ ഇറക്കി രാജഭക്തി പ്രകടനം ചെയ്തിരുന്നു. രാജഭക്തി പ്രകടിപ്പിക്കാനുള്ള ആട്ടത്തിരുന്നാൾ മാസംതോറും വരുന്നില്ലല്ലോ എന്നു കരുതി കവികളും മഹാകവികളും അക്ഷമ കാണിക്കുന്ന കാലമായിരുന്നു അത്.
അക്കാലത്തുതന്നെയാണ് പണ്ഡിറ്റ് കെ.പി. കറുപ്പനും വേണ്ടുവോളം രാജഭക്തി പ്രകടനം നടത്തി, ജാതിമേൽക്കോയ്മക്കെതിരെ പ്രക്ഷോഭം നടത്തിയത്.
എന്താണ് ഞങ്ങൾക്ക് നിവൃത്തി? വീണ്ടും
കന്നാലിമട്ടിൽ കഴിയേണമെന്നോ?
ആ ദുർനയം ഞങ്ങൾ പൊറുക്കുകില്ല
ആരൊക്കെയെന്തോന്നു പുലമ്പിയാലും
എന്ന് കറുപ്പൻ മാഷെ അനുസ്മരിച്ച് ‘ഗുരുസമക്ഷം’ എന്ന കവിതയിൽ എം.പി. അപ്പൻ. കൊച്ചിയിലെ സെന്റ് ആൽബർട്ട് ഹൈസ്കൂളിൽ ചേർന്ന പുലയ മഹാസഭയുടെ സമ്മേളനത്തിൽ കറുപ്പൻ മാഷ് ഒരു പത്രിക എഴുതി വായിച്ചു. അതിങ്ങനെ:
പശുക്കളെ അടിച്ചെന്നാലുടമസ്ഥർ തടുത്തിടും
പുലയരെ അടിച്ചെന്നാലൊരുവനില്ല
റോട്ടിലെങ്ങാനും നടന്നാൽ ആട്ടുകൊള്ളുമതുകൊണ്ടു
തോട്ടിലേക്കൊന്നിറങ്ങിയാൽ കല്ലേറുകൊള്ളും.
കറുപ്പൻ മാഷിന്റെ ധർമകാഹളം എന്ന കവിത പങ്കുവെക്കുന്നതും മഹാജാതിപ്പിശാചിന് കീഴ്പ്പെട്ട്, സഹോദരസ്നേഹം മറന്ന്, ഇരിക്കും കൊമ്പിന്റെ കട മഴുകൊണ്ട് കൊത്തിമുറിക്കുന്ന, വിവേകശൂന്യന്മാരോടുള്ള പ്രതിഷേധമാണ്. അതിനാൽ ധീരരേ! മഹോദ്യമമാകും, അരിവാളൂരിപ്പിടിച്ചുകൊള്ളുക എന്നതിൽ ആ പ്രതിഷേധത്തെ സംഗ്രഹിക്കാവുന്നതാണ്. അതോടൊപ്പം അതേ ‘ധർമകാഹളം’ എന്ന കവിതയിലെ തുടർന്നുവരുന്ന വരികളും ഓർമിക്കണം,
കരങ്ങളും കെട്ടിയൊരുമിച്ചു നിന്നു
കരഞ്ഞെന്നാൽ മതിയവരെ വെല്ലുവാൻ
ശരിക്കു നമ്മുടെ മിഴിനീർക്കായലിൽ
മരിക്കുവാനേയുള്ളൂ അവരെല്ലാം കൂടി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.