വ്യക്തിപരമായ ദുഃഖങ്ങളല്ല എഴുത്തിന് കാരണം -സുഭാഷ് ചന്ദ്രൻ
text_fieldsതിരുവനന്തപുരം: ഹിംസയെ രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനമാക്കിയ ആളുകൾ ലോകത്ത് നിരവധിയാണെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. നിയമസഭാ പുസ്തകോത്സവ വേദിയിൽ എഴുത്തിന്റെയും വായനയുടെയും അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
മഹാത്മ ഗാന്ധിയുടെ ജീവിതവും ആശയങ്ങളും എപ്രകാരം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിവരിച്ചു. മനുഷ്യന്റെ ദുഃഖവും ബുദ്ധിമുട്ടുകളും ദുരിതങ്ങളും ഒക്കെയാണ് ഒരാളെ എഴുത്തുകാരനാക്കുന്നതെന്ന് മുമ്പ് ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ ദുഃഖങ്ങളല്ല എഴുത്തിന് കാരണമെന്ന് പിന്നീട് മനസ്സിലായി.
മലയാളികളുടെ ഗാനഗന്ധർവൻ യേശുദാസിന്റെ ജീവിതമാണ് തനിക്ക് എഴുത്തുകാരനാകാൻ ആത്മവിശ്വാസം നൽകിയതെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. ‘ഈഡിപ്പസിന്റെ അമ്മ’, ‘ജഡമെന്ന സങ്കൽപം’, ‘ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം’, ‘മനുഷ്യന് ഒരു ആമുഖം’ തുടങ്ങിയ രചനകൾ എഴുതാനുണ്ടായ പശ്ചാത്തലം അദ്ദേഹം വായനക്കാരുമായി പങ്കുവെച്ചു. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ സ്വാംശീകരിക്കുന്ന സാഹിത്യസൃഷ്ടികളെ ആളുകൾ മാനിക്കും.
എല്ലാ മനുഷ്യരിലും എഴുതാനുള്ള സർഗശേഷിയുണ്ട്, എന്നാൽ, അഗ്നിപർവതങ്ങളെപ്പോലെ ഉള്ളിൽ തിളയ്ക്കുന്ന കഥകൾ പുറത്തേക്കിടുന്ന ദുർബല മനസ്സുള്ളവരാണ് എഴുത്തുകാരാകുന്നത്. എഴുത്തു ജീവിതത്തിലെ നീണ്ട ഇടവേള സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ എഴുത്തുകാരനെക്കുറിച്ച് നല്ല വാക്ക് പറയാൻ വായനക്കാർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.