ആധുനികത പിന്‍വാങ്ങിയ കാലത്തെ ആത്മാന്വേഷണങ്ങൾ
text_fieldsഅസ്തിത്വത്തെക്കുറിച്ചുള്ള വ്യഥകള്‍ കാലഹരണപ്പെടുന്നില്ല എന്ന നേരിലാണ് 'പിതാവും പുത്രനും' എന്ന റഫീക് പട്ടേരിയുടെ നോവൽ നിലയുറപ്പിക്കുന്നത്. അസ്തിത്വ സംത്രാസങ്ങൾ ആധുനികതയുടെ ഘട്ടത്തിൽ മലയാളനോവലിലെ പ്രധാന പ്രമേയമായിരുന്നു. നാഗരികത എങ്ങനെയാണ് മനുഷ്യനെ അന്യവത്കരിക്കുന്നതെന്ന കാലനിർധാരണമായിരുന്നു അക്കാലത്ത് നോവലുകൾ പ്രധാനമായും പറയാൻ ശ്രമിച്ചത്. ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്ന മനുഷ്യന്റെ വിചാര-വികാരങ്ങൾ സ്വീകരിക്കപ്പെട്ടു. ഗൃഹാതുര പരിസരങ്ങളിലേക്കും ഗ്രാമസ്വച്ഛതയിലേക്കും നാട്ടുമിത്തുകളുടെ പുനര്‍വായനയിലേക്കും ശ്രദ്ധകൊടുത്ത് ജീവിതത്തിന്റെ അർഥം ആരായുകയായിരുന്നു നോവലുകള്‍.
റഫീക് പട്ടേരിയുടെ 'പിതാവും പുത്രനും' ആധുനികതയുടെ ഹാങ്ഓവറിൽ ഒതുങ്ങിപ്പോകുന്ന രചനയല്ല. ഒറ്റപ്പെടല്‍, ജീവിതം എന്ന സമസ്യയുണര്ത്തുന്ന അമ്പരപ്പുകൾ, പ്രണയഭംഗ വിഷാദങ്ങള്‍, നഗരവേഗസന്ദിഗ്ധതകള് എന്നിവയെല്ലാം ഈ നോവലിലുണ്ട്. ആധുനികതയുടെ കാലത്ത് ഉപയോഗിച്ച പ്രമേയങ്ങളാണെങ്കിലും ജീവിതോന്മുഖമായ സത്യസന്ധതയും പാരസ്പര്യവും ആഴത്തിൽ ചേര്‍ത്തുവെച്ച് കഥപറയുന്നത് ഈ നോവലിലെ പ്രധാന വ്യത്യസ്തതയാണ്. പരത്തിപ്പറയുന്നതല്ല, പരമാവധി ഒതുക്കിപ്പറയുന്നതാണ് നോവലിന്റെ മേന്മ. നിത്യജീവിതവിഷാദങ്ങള്ക്കുമേൽ ഭൂതകാലനന്മയും മാനവികതയും ഹരിതാഭമായ പ്രകൃതിയും തണല്‍വിരിക്കുന്ന ഇടങ്ങൾ നോവലിലുണ്ട്. കാലവേഗതയില് മറന്നുവെച്ച, മായ്ച്ചുകളഞ്ഞ ഇടങ്ങള്‍ക്ക് നോവലിൽ കൃത്യമായ സ്ഥാനപ്പെടുത്തൽ ഭംഗിയായി നിര്‍വഹിക്കപ്പെടുന്നുമുണ്ട്. പൊന്നാനി നന്മയുടെ അടരുകൾ ചേര്‍ത്തുവെച്ചുകൊണ്ടാണ് ഗ്രാമത്തെ റഫീക് അവതരിപ്പിക്കുന്നത്. കായൽ പരിസരങ്ങളും മത്സ്യത്തൊഴിലാളികളും സൗഹൃദപായാരങ്ങളും നിരപേക്ഷമായ കുടുംബബന്ധങ്ങളും മാത്രമല്ല, ചിലജീവിതങ്ങളിലൂടെ നാടിന്റെ രാഷ്ട്രീയ-സാമൂഹിക ഗതികളും അവതരിപ്പിക്കപ്പെടുന്നു.
കാലഗതിയിൽ നാട്ടുനന്മകള്‍ക്ക് സംഭവിച്ച ക്ഷതങ്ങളിൽനിന്നാണ് നോവൽ ആരംഭിക്കുന്നത്. 'കാലങ്ങളുടെ പ്രവാഹത്തിൽ കായലിന്റെ സ്വഭാവശുദ്ധി നഷ്ടംവന്നു' 'മരണംകാത്തുകിടക്കുന്ന ഒരു വൃദ്ധന്റെ മുഖംപോലെ കായലിന്റെ നിസ്സഹായത. മൂകമായ നിലവിളി'. സ്വന്തം പരിസരങ്ങളെ ദൃശ്യാത്മകമായി വിന്യസിക്കുന്നു നോവലിസ്റ്റ്. മികച്ച ഫോട്ടോഗ്രാഫര്‍കൂടിയായ റഫീക് പട്ടേരി തൂലികകൊണ്ട് ഒപ്പിയെടുത്ത പ്രകൃതിമനുഷ്യചിത്രങ്ങൾ നോവലിനെ കലാത്മകമാക്കുന്നു. ഈ നോവലിലെ പ്രധാന കഥാപാത്രം നാട്ടുനന്മയുടെ കരുത്തില്‍ വളര്ന്നവനാണെങ്കിലും നഗരജീവിതത്തിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യനാണ്.
നാട്ടിലെ അതിസാധാരണക്കാരായ മനുഷ്യനോടുള്ള സൗഹൃദത്തിലാണ് അയാളുടെ ജീവിതത്തിന്റെ തെളിമ. നഗരം അയാളെ സംബന്ധിച്ച് പിടികിട്ടാത്ത, ഒരിക്കലും സ്വരച്ചേര്‍ച്ചയില്ലാത്ത ഒന്നാണ്. നഗരത്തിലെ വിദ്യാഭ്യാസകാലവും പ്രണയവും സൗഹൃദങ്ങളും അയാളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. തന്നെക്കുറിച്ചുള്ള ബോധ്യങ്ങള്‍, ഭൂതകാലതിക്തങ്ങൾ വേട്ടയാടുന്ന ഒരു മനുഷ്യന്റെ നിസ്സഹായതയും സങ്കീർണ വ്യക്തിത്വവും ദേവൻ എന്ന കഥാപാത്രത്തെ നിർണയിക്കുന്നുണ്ട്.
ദുരഭിമാനക്കൊലയും പകയും ചില മിത്തുകളിലൂടെ നോവലില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. പാടത്ത് നില്ക്കുന്ന ഓടക്കൂട്ടത്തെപ്പറ്റിയുള്ള മിത്ത് അപ്രകാരം ഒന്നാണ്. ചകിരി വാങ്ങാൻ വന്ന പെണ്ണുങ്ങളിലൊരാള്‍ അധികാരിയുടെ മകനുമായി പ്രണയത്തിലാകുന്നു. ഇഷ്ടപ്പെടാത്ത അധികാരി രണ്ടുപേരെയും കുഴിച്ച്മൂടി അവിടെ ഒരു ഓടത്തൈ നടുന്നു. അതാണ് പിന്നീട് തെഴുത്തുനില്ക്കുന്ന ഓടക്കൂട്ടം. ദുരഭിമാനത്തിെൻറ പകയുടെ ഫ്യൂഡല്വേരുകളിലേക്ക് ശ്രദ്ധകൊടുക്കുകയാണ് നോവലിസ്റ്റ്. പക്ഷേ, ദേവെൻറ ജീവിതത്തിൽ അച്ഛൻ അഭിമാനിയും എല്ലാവര്ക്കും സഹായിയുമായിരുന്നു. ദുരഭിമാനത്തിെൻറ മറ്റൊരു പ്രതലം അയാള്‍ നേരിടുന്നത് സ്മിത എന്ന കാമുകിയെ എന്നന്നേക്കുമായി നഷ്ടപ്പെടുമ്പോഴാണ്.
സ്മിതയുടെ പിതാവിെൻറ ദുരഭിമാനത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരുന്നു ദേവന്. ആദര്‍ശങ്ങൾ കലങ്ങി മറഞ്ഞ്, അപചയിച്ച ഒരുകാലത്തെ നോവൽ വിചാരണ ചെയ്യുന്നുമുണ്ട്. ദേവൻ ചങ്ങമ്പുഴക്കവിത ഇഷ്ടപ്പെടുമ്പോൾ സ്വാമിനാഥന് ചങ്ങമ്പുഴയുടെ ജീവിതം ഇഷ്ടപ്പെടുന്നു. നിഷേധത്തിെൻറ മറ്റൊരു സ്വരം സ്വാമിനാഥനില്‍നിന്ന് നാം കേള്‍ക്കുന്നു. നിരീശ്വരവാദം സത്യത്തില്‍ നല്ലതാണ്. നമ്മുടെ ബുദ്ധിയുടെ പകുതി അപഹരിക്കുന്നത് ദൈവങ്ങളാണ് എന്നാണ് സ്വാമിനാഥെൻറ അഭിപ്രായം. പ്രത്യയശാസ്ത്രങ്ങള്‍ തകര്‍ന്ന്, വിശ്വാസം നഷ്ടപ്പെട്ട ഒരാള്‍ മനോരോഗിയാകുന്നതും അവതരിപ്പിക്കപ്പെടുന്നുണ്ട്. കുഞ്ഞിബാപ്പു എന്ന ഇടതുപക്ഷ ചിന്താഗതിക്കാരന്. ആത്മാന്വേഷണത്തിെൻറ പ്രഹേളികയിൽ ജീവിതത്തെ അലട്ടലോടെ അനുഭവിപ്പിക്കുന്ന നോവലാണ് 'പിതാവും പുത്രനും' എന്ന് ചുരുക്കം.
l
പിതാവും പുത്രനും
റഫീക് പട്ടേരി
വില: 199
ഇൻസൈറ്റ് പബ്ലിക്ക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.