തെരഞ്ഞെടുപ്പിനു ശേഷം തൃശൂരിൽ 'ഇറ്റ്ഫോക്' നടത്താൻ ആലോചന സജീവം
text_fieldsതൃശൂർ: രാജ്യാന്തര നാടകോത്സവത്തിൻ്റെ (ഇറ്റ്ഫോക്) 13-ാം എഡിഷന് തിരശ്ശീല ഉയരാനുള്ള സാധ്യതകൾ വർധിപ്പിച്ച് ഇതുസംബന്ധമായ ചർച്ചകൾ സംഗീത നാടക അക്കാദമി സജീവമാക്കി. കോവിഡ് മൂലം ഇക്കുറി നാടകോത്സവം റദ്ദാക്കുമെന്ന അവസ്ഥയിൽ എത്തി നിന്ന ഘട്ടത്തിലാണ് ഇറ്റ്ഫോക് സംഘാടനത്തെ കുറിച്ച് അക്കാദമി ആലോചനകൾക്ക് ആക്കം കൂട്ടിയത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നാടകോത്സവം നടത്താനാണ് ആലോചന.
സാംസ്കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി അക്കാദമി സെക്രട്ടറിയുടെ അധികച്ചുമതല ഏറ്റെടുത്ത ശേഷമാണ് നാടകച്ചിന്തകൾ ഉണർന്നത്. വിവിധ അസുഖങ്ങൾ മൂലം എൻ. രാധാകൃഷ്ണൻ നായർ സെക്രട്ടറി പദം ഒഴിഞ്ഞതിനെ തുടർന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന് സംഗീത നാടക അക്കാദമിയുടെ അധികച്ചുമതല നൽകിയിരുന്നു. എന്നാൽ, രണ്ട് ഉത്തരവാദിത്തങ്ങൾ ഒന്നിച്ച് കൊണ്ടുപോകാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം സർക്കാരിനെ അറിയച്ചതിനെ തുടർന്നാണ് സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറി കൂടിയായ ഡോ. പഴശ്ശിക്ക് പുതിയ നിയോഗം വന്നത്. അദ്ദേഹം ചുമതലയേറ്റശേഷം ഇറ്റ്ഫോക് ചിന്തകൾക്ക് ജീവൻ വെക്കുകയായിരുന്നു.
ആകെ 10 നാടകങ്ങൾ നടത്താനാണ് പ്രാഥമിക ആലോചനയിൽ നിർദ്ദേശം ഉയർന്നിരിക്കുന്നത്. ഉദ്ഘാടന നാടകത്തെ കൂടാതെ വിദേശ, ദേശീയ, മലയാളം വിഭാഗങ്ങളിലായി മൂന്ന് വീതം നാടകങ്ങൾ - ഇതാണ് ആലോചന. ഇറ്റ്ഫോക് നിലച്ചുപോകരുതെന്ന ചിന്തയിൽ നിന്നാണ് ആർഭാടം ഒഴിവാക്കി നാടകോത്സവം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തി മേള സംഘടിപ്പിക്കാനാണ് അക്കാദമിയുടെ നീക്കം. സാധ്യമായ ഇടങ്ങളിൽ നിന്ന് വിദേശ നാടകങ്ങൾ കൊണ്ടുവരും. ഇതിൻ്റെ കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിലുണ്ടാകും.
അക്കാദമിയുടെ കയ്യിൽ ഫണ്ടുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുകയേ വേണ്ടൂ എന്ന് അക്കാദമി വൃത്തങ്ങൾ വെളിപ്പെടുത്തി. ഇടഞ്ഞു നിൽക്കുന്ന നാടക പ്രവർത്തകരെ അടുപ്പിക്കുകയും ഇതിൻ്റെ മറ്റൊരു ലക്ഷ്യമാണ്.
ഇറ്റ്ഫോക്ക് ഇത്തവണ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ നാടക പ്രവർത്തകർ നേരത്തെ കാമ്പയിൻ നടത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്തുള്ള അക്കാദമിയുടെ നീക്കത്തിന് സർക്കാർ നിലപാട് അനുകൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.