‘മക്കയിലേയ്ക്കുള്ള പാത’യിലൂടെ വായിച്ചറിഞ്ഞ മരുഭൂമിയെ കുറിച്ച് കവി പി.എൻ. ഗോപീകൃഷ്ണൻ
text_fieldsമരുഭൂമി, സങ്കല്പിക്കാൻ പ്രയാസമുള്ള ഒന്നായിരുന്നു. നമുക്ക് പരിചയമുള്ള ഒന്നല്ലാത്തത് കൊണ്ടു തന്നെ. മുഹമ്മദ് അസദ് രചിച്ച്, എം.എൻ. കാരശ്ശേരി മാഷ് മലയാളത്തിലാക്കിയ ‘മക്കയിലേയ്ക്കുള്ള പാത’ വായിച്ചാണ് മരുഭൂമിയിൽ വ്യാമുഗ്ദ്ധനാകുന്നത്. പിന്നീട് ലോറൻസ് ഓഫ് അറേബ്യ കണ്ടും മുസഫർ അഹമ്മദിനേയും ബെന്യാമിനെ വായിച്ചും . സുഹൃത്തും പത്രപ്രവർത്തകനുമായ ഹസ്സൻ കോയയാണ് വളരെ പിന്നീട് തെസീഗറിനെ വായിക്കാൻ പറഞ്ഞത്. അത് മരുഭൂമിയെ മനസ്സിൽ വിരിച്ചിട്ടു.
2011 ലാണെന്ന് തോന്നുന്നു , ഇടം മസ്ക്കറ്റ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനായി ഗഫൂർക്ക മസ്ക്കറ്റിലേയ്ക്ക് ക്ഷണിക്കുന്നത്. അറബിക്കവിതകളുടെ മലയാളം പരിഭാഷ പ്രകാശനം ചെയ്യാൻ. ആ പോക്കിലാണ് ഒമാനിലെ മരുഭൂമി സന്ദർശിക്കുന്നത്. ഗഫൂർക്ക ,എന്നെയും ബി രാജീവൻ മാഷേയും വി എ കബീറിനേയും മരുഭൂമിയിലേയ്ക്ക് ആനയിച്ചു. ആദ്യമായി കടൽ കണ്ട ഹർഷം , കണ്ണുകളെ വീണ്ടും പിടി കൂടി. ബി. രാജീവൻ മാഷ് ,സ്പിനോസയേയും ഡെല്യൂസിനേയും പറ്റി വാ തോരാതെ പറയുന്നുണ്ടായിരുന്നു. പ്രത്യാശ എന്നത് ജീവനിൽ നിർലീനമായ ഒന്നാണ് എന്നതായിരുന്നു സാരം. മരുഭൂസ്ഥലിയിൽ നമ്മുടെ മനസ്സിലാക്കലുകൾ മറ്റൊരു ആഴത്തിലാണ് സംഭവിക്കുക. ഞാൻ സ്വയം പറഞ്ഞു.
പിന്നീട് ,യു.എ.ഇയിൽ പ്രമോദിന്റെ കൂടെ മരുഭൂമി കണ്ടു. മണൽക്കുന്നുകളിൽ കയറി മറിഞ്ഞ് കസർത്ത് കാണിക്കുന്ന അനുഭവം അന്നായിരുന്നു അറിഞ്ഞത്. 2020 ൽ ആദ്യമായി ഖത്തറിൽ ചെന്നപ്പോൾ, ബാബുവും നിക്സണുമാണ് മരുഭൂമിയെ തൊട്ടു കിടക്കുന്ന കടൽ കാണിച്ചത്. റേഷൻ പീടികയിൽ നിന്ന് കൃത്യമായ അളവിൽ ചെറുപ്പത്തിൽ അരിയും പഞ്ചസാരയും വാങ്ങിക്കുന്ന പോലുള്ള മരുഭൂ അനുഭവങ്ങൾ ആയിരുന്നു ഇവയൊക്കെ.
2024 നവംബർ 15 ന് ,ഖത്തറിലെ അടയാളം നടത്തിയ പരിപാടി കഴിഞ്ഞ് രാത്രിയിൽ ഇൻലാൻ്റ് സീ കാണാൻ പുറപ്പെടുമ്പോഴും ഇതുതന്നെയായിരുന്നു മനസ്സിൽ. കുറച്ചു മരുഭൂ അനുഭവം റേഷനായി വീണ്ടും ലഭിക്കുന്ന സന്തോഷം. പ്രദോഷ് കൂടെയുണ്ട്. മുർഷിദും ഇക്ബാലും ഷാൻ റിയാസും നിഴൽ പോലുണ്ട്. സിത്താരയും മനോജ് നീലകണ്ഠനും അരുണും നീതുവും കൂടെ ച്ചേരും.
പാതിരാവിൻ്റെ വക്കത്ത് ഞങ്ങൾ മരുഭൂമിയിലേയ്ക്ക് കടന്നു. ' നിത്യ ഭാസുര നഭശ്ചരങ്ങൾ ' ആകാശത്ത് പതിവുപോലെ അനന്തമായ നാടകം കളിച്ചു കൊണ്ടിരിക്കുന്നു. കുളിരിൻ്റെ അദൃശ്യമായ അരുവികൾ ആകാശത്തു നിന്നും താഴേയ്ക്ക് നിരന്തരം പതിച്ചു കൊണ്ടിരിക്കുന്നു. വായുമർദ്ദത്തിൽ നിന്ന് സ്വതന്ത്രമായ ആഹ്ലാദം വാഹനങ്ങളുടെ റബ്ബർ ടയറുകൾ മണൽത്തരികളോട് ഉച്ചത്തിൽ പങ്കിട്ടു കൊണ്ടിരിക്കുന്നു.
അപ്പോഴാണ് ഞങ്ങളുടെ വണ്ടി മണലിൽ താഴ്ന്നത്. കേരളക്കരയുടെ സസ്യശ്യാമളതയിൽ ഭൂരിഭാഗവും കഴിച്ചു കൂട്ടിയ ജീവി എന്ന നിലയിൽ വളരെ സ്വാഭാവികമായ ഒരു പരിഭ്രമം ഒരു പുതിയ ജീവിയെപ്പോലെ കാൽപ്പെരുവിരലിൽ കടിക്കാൻ തുടങ്ങി. എന്നാൽ പരിഭ്രമം ഏതുമേശാതെ ആഹ്ലാദത്തിലേയ്ക്ക് കൂപ്പുകുത്തുന്ന ചുറ്റുമുള്ളവർ എന്നെ അത്ഭുതപ്പെടുത്തി. നാട്ടിൽ ഒരിക്കൽ കാർ സ്റ്റാർട്ടിങ്ങ് ട്രബിളിൽ പെട്ടപ്പോൾ നട്ടുച്ചയ്ക്ക് മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞാണ് സഹായ ഹസ്തം ലഭിച്ചത്. ഇവിടെ ,പാതിരാവ് കഴിഞ്ഞിരിക്കുന്നു .മരുഭൂമിയാണ്. എന്നിട്ടും ചിരിച്ചു കളിക്കുന്നു.
മരുഭൂമിയുടെ അത്ഭുതം അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഉയർത്തിക്കാട്ടിയ ചുവപ്പു വെളിച്ചത്തിൻ്റെ കാഴ്ചയിൽ കാക്കക്കൂട്ടത്തെപ്പോലെ കാറുകൾ പാഞ്ഞു വന്നു. വടമെടുക്കുന്നു , ബന്ധിപ്പിക്കുന്നു, വലിച്ചു കയറ്റുന്നു. അറിയാത്ത ഭാഷകളിൽ എന്തൊക്കെയോ പറയുന്നു. പേരും ഊരും ദേശീയതയും ഊരിക്കളഞ്ഞ് സ്വതന്ത്രരായ മനുഷ്യരുടെ ചേരിയിലേയ്ക്ക് നമ്മൾ അതിവേഗം പതിക്കുന്നു. തീർന്നില്ല . ഗൂഗിളിന് പോലും വഴി തെറ്റുന്ന മണൽക്കടലിൽ ഞങ്ങൾ വീണ്ടും തുഴയാനിറങ്ങി. താത്ക്കാലികമായി രൂപം കൊണ്ട മണൽക്കുന്നുകളുടെ പള്ളയിൽ കാലുറപ്പിച്ച് കയറുന്ന പ്രാചീന ജീവിയെപ്പോലെ ഞങ്ങളുടെ വാഹനങ്ങൾ അക്കരയിൽ എവിടെയോ ഉള്ള കടലിന് കാതോർത്ത് മുന്നോട്ട് നീങ്ങി. പേരില്ലാത്ത ഒരു മണൽക്കുന്നിൻ്റെ കീഴിൽ അത്രയ്ക്കും മൃദുവായ മണ്ണിൽ വീണ്ടും മുങ്ങിത്താഴും വരെ.
അത് ഒരു കാണാമൂലയായിരുന്നു. മരുഭൂവിൽ അലയുന്ന വാഹനവ്യൂഹത്തിന് പെട്ടെന്ന് കണ്ണെത്താൻ കഴിയാത്ത ഇടം. പ്രഭാതമാകുന്നതും കാത്ത് ഞങ്ങൾ ഇരുന്നു. ഇത്തവണ പരിഭ്രമം എന്നെ വിട്ടൊഴിഞ്ഞിരുന്നു. ഒരു ആദിമശുദ്ധി ,അതിൻ്റെ കരുണയിൽ ഞങ്ങളെ കഴുകിയെടുക്കുന്ന അനുഭവം ഒന്നിച്ചനുഭവിച്ചു. നീതു ഒരു ഷഡ്പദത്തിനെ കണ്ടു പിടിച്ചു. മനോജ് , ആകാശത്തിലെ ഖഗോളങ്ങളെ ഒന്നൊന്നായി പരിചയപ്പെടുത്തി. മരുഭൂമിയിലെ വിഷപ്പാമ്പുകളുടെ ഇഴയടയാളം സിത്താര കാണിച്ചു തന്നു. ഞങ്ങൾ എല്ലാവരും ചിരിച്ചു കൊണ്ടിരുന്നു.
ചന്ദ്രനും അസ്തമയമുണ്ടെന്ന് പ്രദോഷ് കണ്ടെത്തിയപ്പോൾ ,പ്രഭാതം എങ്ങനെയാണ് ഭൂമിയിലെത്തുന്നതെന്ന് ഇക്ബാൽ കാണിച്ചു തന്നപ്പോൾ ഞാനും മുർഷിദും ഷാനും നിദ്രയിൽ നിന്നുണർന്നു. വീണ്ടും വളരെപ്പെട്ടെന്ന് വാഹനങ്ങളിൽ ഒരു കൂട്ടം മനുഷ്യർ വന്നടുത്തു. മരുഭൂമിയിൽ കളിച്ചു വളർന്ന ഒരാളെപ്പോലെ ഒരുവൻ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു. വാഹനം അയാളിൽ അനുസരിക്കുന്ന ഒരു വീട്ടുമൃഗമായി.
കെ എ ജയശീലൻ്റെ വിശ്വരൂപം എന്ന കവിതയിൽ ' ഉദാരാലുബ്ധഹസ്തം ' എന്നൊരു വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഒട്ടും പിശുക്കില്ലാത്ത കൈ. മരുഭൂമി ആ രാത്രിയിൽ അതിൻ്റെ അനേകായിരം ഉദാരാലുബ്ധ ഹസ്തങ്ങളാൽ ഞങ്ങളെ ഊട്ടി. ഉറക്കി. മറക്കില്ല, ആ രാത്രി . തിരിച്ചു വരുമ്പോൾ ,പണ്ട് മതിലകം പള്ളിയിൽ നിന്നും ഉയർന്ന ഒരു വാങ്കുവിളി ആകാശത്തിൽ തങ്ങി നിൽക്കുന്നത് ഞാൻ കണ്ടു. " ഭക്ഷണം കഴിക്കണ്ടേ " ആരോ ചോദിച്ചു. " പല്ലു തേച്ചില്ല " എൻ്റെ ഉള്ളിൽ അപ്പോൾ തിരിച്ചു വന്ന നാഗരികൻ സാന്നിദ്ധ്യമറിയിച്ചു. എല്ലാവരും ചിരിച്ചു. ഓർമ്മയിൽ ഒരു കാലത്തുമില്ലാതിരുന്ന പോലെ, ഞങ്ങളെല്ലാവരും പല്ലു തേയ്ക്കാതെ ഭക്ഷണം കഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.