കവിത- വട്ടപ്പൂജ്യം
text_fieldsഹൃദയത്തിന്നാഴത്തിൽ
നിന്നെടുത്തതാണാ കവിത.
അക്ഷരത്തെറ്റുകളാൽ
വികൃതമാകുമോയെന്നാശങ്ക.
തെറ്റിനെ തിരുത്തിയും തുരത്തിയും
പാകമാക്കാനാണവനു നൽകിയത്.
പതിരെന്നും പായാരമെന്നും പറഞ്ഞൊരേറ്.
ഇനിയില്ലൊരു വരിപോലുമെന്നാണ് നിനച്ചത്.
പാകപ്പെടുത്തിയെടുത്തതാദ്യം
നൊന്തുപോയ മനസ്സാണ്.
പ്രതിഭകളേറെ മുന്നിലൂടെ കടന്നുപോയിട്ടും
വഴിയറിയാത്ത യാത്രക്കാരനെപ്പോൽ പകച്ചുവോ?
എഴുതാനിരിക്കുമ്പോൾ വിറയ്ക്കുന്നത്
പേനയോ എൻ ഹൃദയമോ!
അക്ഷരങ്ങളെ അടുക്കിവച്ച
വാക്കുകൾക്ക് അതൃപ്പമുള്ളത്
തന്നെയാണെൻ കരുത്ത്!
പിന്നെയും പിന്നെയും ഞാനെന്ന മണ്ടൻ
ആദ്യ സമർപ്പണം അവനു തന്നെ.
ഒടുവിലൊരുനാളവൻ, നീയൊരു ‘വട്ടപ്പൂജ്യം’
എന്നൊരു തുണ്ടുകടലാസ്
എന്റെ നെറ്റിയിൽ പതിച്ചു.
ഞാൻ കണ്ണാടിക്കു മുന്നിൽ ചെന്നുനിന്നു
മുഖവും മുടിയും മാത്രം കണ്ട
ഞാനന്നാദ്യമായ് എന്നെ കണ്ടു.
പിഴച്ചുപോയതെന്റെ വരികളല്ല
പറിച്ചുനടേണ്ടത് അനിവാര്യമാണ്.
ഹാ എന്തത്ഭുതം!
മുഖപുസ്തകത്തിലിന്നു ഞാനിട്ട നാലുവരിക്ക്
നാൽപതു വാക്കിൻ മേനിയിൽ
അവന്റെ വാഴ്ത്തുപാട്ട്!
പിന്നെയും താഴേക്കു താഴേക്ക്
പൂക്കളാലലങ്കാരം,
വാക്കുകൾ മനോഹരം!
അറിയില്ലെനിക്കാഹ്ലാദിക്കണോ
ആനന്ദിക്കണോ
കാരണം, ആ താളിനിട്ട പേര്
തരുണിയുടേതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.