ജ്ഞാനോപാസന
text_fieldsപുസ്തകശാലതൻ വാതിലിൽ ചാരി ഞാൻ
ഉത്സുകനായ് കാത്തൂ സാകൂതം വരവിന്നായ്
മുറ്റുമായ് പകുത്തു നൽകുവാൻ അഭിവാഞ്ഛ
ചുറ്റുമായ് മിഴികൾ പരതി, ഇമയനങ്ങാതെ
നീർത്തടം തേടും മൃഗത്തിൻ ഹൃത്തുപോൽ
ഉൾത്തടം മിടിക്കയായ്, ഉദ്വേഗഭരിതമായ്
അനുപമ പുസ്തകം പുൽകുന്നോരോർമയാൽ
അതുല്യ മന്ദസ്മിതം ഊറീ അധരങ്ങളിൽ
കാത്തിരുപ്പിനു വിരാമമായ്, കാമിനിയെത്തി
കരങ്ങൾ പരതി വിറയാൽ, പുറംചട്ടമേലാകെ
നെഞ്ചോടു ചേർത്തുപിടിച്ചു ചുംബിച്ചു
അൻപോടു നിർവൃതി പൂണ്ടൂ മനോജ്ഞമായ്
ചുണ്ടിൻ ചലനത്താൽ ഓരോ വരിയിലും
ചുംബനമേകി തഴുകി മെല്ലെ
താളുകൾക്കിടയിലായ് തെളിഞ്ഞുവന്നിടയ്ക്കിടെ
ഒളിവിതറീടും വിജ്ഞാന വചസ്സുകൾ
അറിവാം മലരുകൾ അകതാരിൽ വിരിഞ്ഞു
നിറവാൽ മാനസം പുഷ്പിണിയായ്
ആശ്ലേഷിച്ചുണർത്തിയെൻ പ്രജ്ഞയെ പൂർണമായ്
ആവേശനിശ്വാസം പ്രതിധ്വനിച്ചുച്ചത്തിൽ
സൗരഭ്യം, മധുമയം ആസ്വദിച്ചുന്മത്തനായ്
സുഷുപ്തിതൻ മൂർധന്യമെത്തുവോളം
ഉന്മാദത്തികവിൽ വായിച്ചു തീർത്തു ഞാൻ
അവസാന വരികളും മെല്ലെ മെല്ലെ
ഉറങ്ങീ ഞാനേതോ രാവിൻ യാമത്തിൽ
പുണർന്നിരുകരങ്ങളാൽ പുസ്തകത്തെ
നുകരാം നമുക്കീ ജ്ഞാനമാം അമൃതം
പകരാം സദ്ബുദ്ധി മാനവനന്മക്കായ്
ഉണരും നിൻ മസ്തിഷ്കം ധാരണാശക്തിയാൽ
പുണരുമോ പുസ്തകം ആജീവനാന്തം?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.