കയം
text_fieldsകാട്ടുമരങ്ങളുടെ
കരിനിഴലുകൾക്കിടയിലേക്ക്
കൊഴുത്ത ഇരുട്ടിങ്ങനെ
ഒലിച്ചിറങ്ങി
ഒഴുകിപ്പരക്കുന്ന
ഒന്നാം യാമത്തിൽ
ഒച്ചയനക്കങ്ങളുണ്ടാക്കാതെ
കിളികളേതിനെയുമുണർത്താതെ
നിശാശലഭങ്ങളുടെ
രഹസ്യസഞ്ചാരത്തിനു വിഘ്നം നിൽക്കാതെ
മാനത്തുനിന്ന് ഊർന്നുവീണ
നിലാത്തോണിയിലിരുന്ന്
രാത്രിയെന്ന പേരിൽ
ഒരിക്കലുമവസാനിക്കാത്ത
ഒരു ഒറ്റവരിക്കവിതയെഴുതണമെനിക്ക്...
പിന്നെയും തുഴഞ്ഞുതുഴഞ്ഞ്
മെയ് തളർന്നു മയങ്ങവേ
കണ്ണിലേക്ക് തുളഞ്ഞു കയറുന്ന
പൊരിവെയിലിനെ വകഞ്ഞുമാറ്റി
പകൽവെട്ടത്തിലേക്കു ഞെട്ടിയുണർന്ന്
നടുക്കടലിൽ രൂപപ്പെട്ട
ചെറുചുഴിയിലൂടെ
ഉദയാസ്തമയങ്ങളില്ലാത്ത
മായാലോകത്തിന്റെ
നീലിമയിലേക്ക് പടികളിറങ്ങിച്ചെന്ന്
ജലജീവികൾക്കൊപ്പം നീന്തിത്തുടിക്കവേ
കവിതയുടെ പേര്
കയമെന്ന് തിരുത്തിയെഴുതി
ഒരു സ്വർണമത്സ്യമായി
ചിറകുവിരിച്ച്
മുത്തും പവിഴവും തേടി
പിന്നെയും
താഴേക്ക്
താഴേക്ക്
താഴേക്ക്...
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.