എം. സുധാകരൻ: മഹാ ഗുഹക്കുള്ളിലെ ചിത്രങ്ങൾ പോലെ... - കവിത
text_fieldsസാഹിത്യകാരൻ എം. സുധാരകനെ സ്മരിച്ചുകൊണ്ട് പ്രമോദ് കുറ്റിയിൽ എഴുതിയ കവിത
കൊട്ടാരം വീട്ടിൽ
രാവിലെ മുതൽ രാത്രി വരെ
കഥകളും കവിതകളും
തമാശകളുമായി
ഞാൻ ഇരുന്നിട്ടുണ്ട്.
ലോകനാർകാവ്
കൊട്ടാരം വീട്
ഒരുപാട് കഥകളുടെ
ഗ്രന്ഥപ്പുരയാണ്.
എത്രയെത്ര കഥകൾ
എത്രയെത്ര കഥാപാത്രങ്ങൾ.
ജീവസ്സുറ്റ കഥാപാത്രങ്ങൾ
എൻ്റെ ഹൃദയത്തിൽ പ്രവേശം നടത്തി
എന്നെ വിസ്മയപ്പെടുത്തിയിട്ടുണ്ട്. 'കഥകളുടെ
മഹാസാഗരം
കഥകളുടെ ചിദാകാശം.
മുറിയിൽ കിടക്കുന്ന കടലാസുതുണ്ടു പോലും
സുധാകരേട്ടൻ്റെ കഥ പറയും.
കൊട്ടാരത്തിൽ
എണ്ണിത്തീരാത്ത മുറികളുണ്ടു്.
എണ്ണിത്തീരാത്ത കഥകളുണ്ട്.
കഥാപാത്രങ്ങളുണ്ട്.
മഹാ ഗുഹക്കുള്ളിലെ ചിത്രങ്ങൾ പോലെ
വെളിച്ചം പെയ്യുന്ന ശില്പങ്ങൾ പോലെ
സുധാകരേട്ടൻ്റെ കഥകൾ
വായിച്ചാലും
വായിച്ചാലും
തീരാത്ത കഥാപ്രപഞ്ചം.
വരികൾക്കിടയിലൂടെ
വാക്കുകളുടെ
വരികളുടെ
പുറന്തോടു പൊട്ടിച്ചു
അകത്ത് പ്രവേശിക്കണം
അവിടെ
മുത്തുച്ചിപ്പിക്കുള്ളിലെ മുത്തു പോലെ
അർത്ഥതലങ്ങളുടെ
വിശാലമായ ആകാശം
മുന്നിൽ തെളിയും
ഇരുട്ടിൽ തെളിയുന്ന വഴിച്ചൂട്ടു പോലെ
വെളിച്ചം ഒഴുക്കുന്ന കഥകളുടെ ഗഹനത '.
കഥ നിവരുന്നത്
ഇരുട്ടിലൂടെ
കഥാന്ത്യത്തിൽ പ്രകാശത്തിൻ്റെ ഒരു കോടി സൂര്യൻ
ഇരുട്ടാണ്
സുധാകരേട്ടൻ്റെ കഥകളെ
ധ്വനി സാന്ദ്രവും
അർത്ഥദീപ്തവുമാക്കുന്നത്
ബനഡിക്ട്
സ്വസ്ഥമായുറങ്ങട്ടെ
രണ്ടു കുന്നുകൾ
അർത്ഥതലങ്ങളുടെ
പുതിയ ആകാശം
തീർക്കട്ടെ.
ദുരന്തകഥകളിൽ
എലിപ്പെട്ടിയുടെ സാധ്യതകൾ ഉണരട്ടെ.
മുറിവുകളിൽ
നമുക്കൊരായിരം
ഭ്രാന്തൻ സ്വപ്നങ്ങൾ കാണാം
പ്യൂപ്പയിലെ
ബാഹുലേയനും
അനസൂയയും
പുതിയ കഥകൾ
തീർത്തു കൊണ്ടേയിരിക്കട്ടെ.
സുധാകരേട്ടൻ
അമരനാണ്
കഥാലോകത്ത്
സുധാകരേട്ടൻ
എന്നും
അമരത്തിരിക്കും.
ഒരു സുഹൃത്തിന്റെ
ഹൃദയപൂർവുമായ സ്മരണാഞ്ജലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.