കവിത: അമ്മ
text_fieldsഒരിക്കലെന്നിൽ വന്നു നിറഞ്ഞു
ബാല്യത്തിൻ ഓർമകൾ
പഠിച്ചു ഞാൻ മിടുക്കനായി...
വളർന്നു ഞാൻ ഉന്നതനായി...
എന്നിലെ ഉയർച്ച കണ്ട്
മന്ദഹാസം പൊഴിച്ചൂ
ഇരവും പകലും
എന്നമ്മ...
പറന്നകന്നു ഞാൻ പറുദീസ തേടി...
പിറന്ന മണ്ണിനോടും
അമ്മതൻ സ്നേഹത്തോടും
വിടചൊല്ലി
നേടിയെടുത്തു ഞാൻ
വിദേശത്തൊരു ജോലി
കണ്ടെത്തിയവിടെവെച്ചെൻ
നവ വധുവിനെയും
കാണാത്ത മരുമകൾക്കായി
ഫോണിലൂടെ നേർന്നു എന്നമ്മ
‘ദീർഘ സുമംഗലീ ഭവ...’
ജീവിച്ചു ഞാൻ ആർഭാടമായി...
കിടപ്പിലായെന്നമ്മ
എന്നറിഞ്ഞപ്പോഴും
പലവുരി കാണണമെന്നാഗ്രഹം
പറഞ്ഞപ്പോഴും
സമയത്തെ പഴിചാരി
സ്വയം മറന്നുവോ
ഞാനാ ഭൂമിയിലെ സ്വർഗത്തെ...
അറിഞ്ഞില്ല ഞാനൊരിക്കലും
അമ്മക്കയച്ച
മണിയോർഡറുകളൊക്കെയും
വേലക്കാരി
കൈക്കലാക്കിയെന്നതും
ഒരുനാൾ ദൈവം തിരികെയെടുത്തു
സർവതും എന്നിൽനിന്നും
കണ്ടെത്തിയെൻ പ്രിയതമ
മറ്റൊരു പ്രതിശ്രുത വരനേയും
എല്ലാം നഷ്ടപ്പെട്ട ഞാൻ
തിരികെയണയാനാശിച്ചു
അമ്മതൻ കാൽക്കൽ വീണു
പൊട്ടിക്കരഞ്ഞൊന്നു
മാപ്പിനായുരചെയ്തിടാൻ
തിരികെയെത്തി
ഞാനാ പിറന്ന മണ്ണിൽ
അവിടെവെച്ചു ഞാൻ കണ്ടതോ
അന്തിത്തിരി വെക്കാനാളില്ലാതെ
അന്ത്യവിശ്രമം കൊള്ളുമെൻ
അമ്മതൻ അസ്ഥിത്തറയും
വാടാതെ എന്നമ്മ കാത്തുസൂക്ഷിച്ച
തുളസിത്തറയും മാത്രം...
കേഴുന്നുവോ അവ രണ്ടുമെന്നോട്
ഒരിറ്റു ദാഹജലത്തിനായി.
വീടിന്നകത്തളത്തു
കണ്ടെത്തി ഞാൻ
അമ്മതൻ ചിതലരിക്കും
ഡയറിക്കുറിപ്പ്
വിറയാർന്ന കൈകളാൽ
ഞാനതൊന്നു മറിച്ചുനോക്കവേ
എൻ നനവാർന്ന നയനങ്ങളാൽ
ഞാൻ വായിച്ചെടുത്തതോ
അമ്മയാം മഹാസാഗരം
എഴുതിവെച്ചതൊക്കെയും
നേരുന്നു മകനേ നിനക്കായ്
എന്നും നന്മകൾ മാത്രം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.