കവിത: ഇന്ദ്രജാലമായിരിക്കും...
text_fieldsഒരു സന്ദേശത്തെ,
ഇലയെ, പേരുകളെ,
ചരിത്രത്തെ
ഒറ്റച്ചുഴറ്റിൽ
മായ്ച്ചശേഷമയാൾ
ദ്രുതഗതിയിൽ
വിരലുകളുയർത്തി വീശി.
ചുറ്റും പച്ചമുള്ളിൻ വാസന
പടർന്നു.
സ്കൂൾമുറ്റം ആർത്തിരമ്പി.
തൊപ്പിയിൽനിന്ന്
മുയലുകളിറങ്ങിയോടുന്ന
പ്രാവ് പറക്കുന്ന മാസ്മരികതക്ക്
കാത്തിരുന്നവരാണവർ.
എങ്കിലും രസിച്ചിരിക്കുന്നു.
മറുചുഴറ്റിൽ പേരുകളിറങ്ങി
വരുമായിരിക്കും
കൈ പിറകോട്ടെടുത്തപ്പോൾ,
ചുവരിൽ കൈനിഴലിൽ വ്യാളി വാ പിളർന്നു.
കുട്ടികളാഞ്ഞു കൈയടിച്ചു.
അയാൾ കുട്ടികൂട്ടത്തിലേക്ക് ചൂണ്ടി മാടിവിളിച്ചു.
എന്നെയാണോ?
‘അതെ നീലത്തട്ടമിട്ട’
പതിഞ്ഞ ചിരിയിൽ വീണ്ടും പറഞ്ഞു.
ഞാൻ തൊപ്പിയിൽനിന്നിറങ്ങിയ മുയലായി വേദിയിലെത്തി.
നീർക്കുതിരയുടെ തേറ്റപോലുള്ള ഷൂസ്
അയാളൽപ്പാൽപ്പം പൊക്കി.
കുഴിഞ്ഞ മണ്ണിൽ ജയിൽ വലകൾ.
ഉള്ളിൽ, വെളിച്ചത്തിലേക്ക്
ദാഹിച്ചു നോക്കുന്നൊരു ലോകം.
അകത്തോ പുറത്തൊന്നറിയാതെ
വേരറ്റ ചെടിയായി ഞാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.