ഇരുണ്ട നിഴലും നിറമുള്ള കനവും
text_fieldsകനവുകൾ ചേർന്നിരുന്നതു കൊണ്ടാവാം
നിഴലിനൊരു നിറഭേദം
ഇരുണ്ട നിഴലുകൾ മേൽ നിറമുള്ള കനവുകൾ
വർണം ചാർത്തിയതുമാവാം
നീയെന്തേ കറുത്തിട്ടെന്ന് നിഴലിനോട് കനവുകൾ
നിറത്തിലെന്ത്, നിറമെല്ലാം ഉള്ളിലല്ലേ
വർണാഭമെങ്കിലും,
നീയെന്നോടു ചേർന്നതല്ലെയെന്ന് കനവിനോട് നിഴലും
നിറമെല്ലാം തന്നിലൊതുക്കി
നിഴൽ തുടർന്നു പ്രയാണം
അന്ധകാരത്തിനുമപ്പുറമുള്ള
അനന്തവിഹായസ്സിലേക്ക്
അനുസ്യൂതമൊഴുകും മായാപ്രപഞ്ചത്തിലേക്ക്
കനവുകളിൽ നിറഞ്ഞ വർണങ്ങൾ
ജീവനത്തിനു വെളിച്ചമേകി
മധുര, സുന്ദര ദിനങ്ങൾ മനം കവർന്നു
മോഹക്കൊട്ടാരത്തിൽ
കനവിൻ തേരോട്ടം തുടർന്നു
ഉന്മാദചിന്തകൾ
നിഴൽ വീശിത്തുടങ്ങിയപ്പോൾ
ഉപജീവനം മങ്ങി, ജീവനതാളം തെറ്റി
നിറം പൊലിഞ്ഞ കനവുകളും
നില തെറ്റിയ നിഴലുകളും
മോഹനസ്വപ്നങ്ങൾ തകർത്തെറിഞ്ഞു
ഇനി വേണ്ട ദുർവൃത്തി
ഇനിയും കാണാം നമുക്ക് കനവുകൾ
ഇരുളാം നിഴലുകൾ ഓടിയൊളിക്കട്ടെ
ഇരുണ്ടമനം സദ്കർമങ്ങളാൽ തെളിയട്ടെ
എന്തിനു നാം അണക്കുന്നു
സ്വന്തം നിഴലും കനവുകളും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.