കവിത: ജാലകങ്ങൾക്കപ്പുറത്തെ മഴ
text_fieldsജാലകങ്ങൾക്കപ്പുറം മഴക്കാലമാണ്
കെടുതി വിതച്ച പാടം നനച്ച്
വറുതി പൂത്ത നിലം മെതിച്ച്
തേങ്ങലടിച്ചെത്തുന്നൊരു മഴക്കാലം
കാലം തെറ്റി പെയ്ത മഴയുടെ
കുത്തേറ്റടർന്നു, അപ്പോൾ
മാത്രം വിരിഞ്ഞൊരു പുഷ്പം
പുറത്തിറങ്ങരുതെന്ന നിബന്ധന
പാലിച്ചിട്ടും പുറത്തേക്കിറങ്ങി
പോകേണ്ടി വന്നവർ...
പറഞ്ഞിട്ടും പറഞ്ഞിട്ടും
തീരാത്ത നോവുമായ് വർഷതാപം
മൂർച്ച കൂട്ടിയ ചിന്തയുടെ വാൾതലപ്പ്
കുതിരാതെ കരുതലാകുന്ന വായ്ത്താരി
പറയാതെ വന്ന മൗനം തച്ചുടച്ച
സ്വപ്നം കൊത്തിെവച്ച രണ്ട് ഹൃദയങ്ങൾ
തറയ്ക്കുന്ന ഗന്ധമുയർത്തി
പതയ്ക്കുന്ന പശിമ കലർത്തി പെയ്യുന്ന
പെരുമഴക്കാലത്താരോ
വരച്ചിട്ട മഴക്കാല ചിത്രങ്ങൾ
ഉച്ചകോടികൾ ചീറിപ്പൊഴിക്കുന്നു തീമഴ
ഉച്ചിയെ പൊള്ളിച്ചൊഴുകുന്നു മിഴിമഴ
കാലദേശഭേദമില്ലാതെ
ഒളിഞ്ഞും ഒരുങ്ങിയുമെത്തുന്ന
മഴപ്പെയ്ത്തിനെന്നും
ഒരേ നിറം
ഒരേ രുചി
ഒരേ ഭാവം
ജാലകങ്ങൾക്കപ്പുറം മഴക്കാലമാണ്
തിരണ്ട പെണ്ണിന് കൽപിച്ച
അശുദ്ധിയില്ലാതെ
പീഡിതന്റെ മേൽ പതിക്കുന്ന
ചാട്ടവാറടിപോലെ
ചോര വാർന്നൊരു മഴക്കാലം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.