കവിത; കറുത്തകുട്ടി
text_fieldsപ്രസവമുറിക്കു മുമ്പിൽനിന്നുതന്നെ
കറുത്ത കുട്ടി ചുളിയുന്ന നെറ്റികൾ
കണ്ടു ശീലിച്ചിട്ടുണ്ട്.
കാണാൻ വരുന്നവരുടെ ഊറിച്ചിരിയിൽ
ഏഴഴകാണെന്റെ കുട്ടിക്കെന്നമ്മ
പൊൻകുഞ്ഞിനായി വിതുമ്പുന്നത്.
നിലവിളക്കിന്റെടുത്ത് കരിവിളക്കെന്ന്
ബഞ്ചു മാറിയിരുന്നവരുടെ
അകറ്റിച്ചിരി.
തൊട്ടു കണ്ണെഴുതാം, കാക്ക തേങ്ങാപ്പൂളു
കൊത്തിയതോർമിപ്പിച്ച
കളിയിടങ്ങൾ.
നിറംകൊണ്ടു മുറിഞ്ഞ ആലോചനകൾ
തൊഴിലിടങ്ങളുടെ
ഇരുണ്ട ഗ്രഹനിലകൾ.
രാത്രിയെ പുണർന്ന് കറുത്ത കുട്ടി,
നിഴലുകളുടെ നൃത്തത്തിൽ
പ്രതീക്ഷയുടെ ഒരു വിളക്കുമാടം കണ്ടെത്തുന്നു.
വെളുപ്പിനെതിരെയുള്ള ഓരോ തുഴയേറിലും
മുൻവിധിയുടെ ആഴം
തകർക്കുന്നു.
മണ്ണടരുകളിൽനിന്ന്
അവൻ സ്വർണം കുഴിച്ചെടുക്കുന്നു.
വേഗപാതകളിൽ പുതിയ സമയം കുറിക്കുന്നു.
എല്ലാ പതാകകളുടെയും മേലെ
അവന്റെ കറുത്ത കൊടി പാറുമ്പോൾ.
അവന്റെ നിറമാണ് തന്റെ നിറമെന്നും
അവന്റെ ചിരിയാണ്
ഏറ്റവും മനോഹരമായ ചിരിയെന്നും
അവന്റെ കണ്ണുകളിൽനിന്നാണ്
വെളിച്ചമുണ്ടാകുന്നതെന്നും
എല്ലാ വെളുത്ത വേദങ്ങളെയും തിരുത്തി
പ്രകൃതിയുടെ
വിളംബരം മുഴങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.