ഒരു പെൺകുട്ടി അഥവാ നിലവിളി...
text_fieldsകടൽക്കരയിൽ നടക്കുകയാണ്
ഒരു പെൺകുട്ടി
അവൾക്കൊരു കുടുംബമുണ്ട്.
കുടുംബത്തിനൊരു വീടുണ്ട്.
വീടിന്
ഒരു വാതിലും
രണ്ട് ജാലകങ്ങളുമുണ്ട്.
കടലിൽനിന്ന്
യുദ്ധക്കപ്പൽ
കടൽക്കരയിൽ നടക്കുന്നവർക്ക് നേരെ
നേരമ്പോക്കായി വെടിയുതിർക്കുന്നു.
നാല്, അഞ്ച്, ഏഴ്...
പലരും
കടൽക്കരയിൽ മരിച്ചുവീഴുന്നു.
പെട്ടെന്നൊരാൾ
ഒരു ദിവ്യകരംപോലെ
വന്നില്ലായിരുന്നുവെങ്കിൽ
അവളും വീണിട്ടുണ്ടാകും.
അവളപ്പോൾ ഉച്ചത്തിൽ
കരഞ്ഞുകൊണ്ടിങ്ങനെ പറയുകയാണ്.
‘‘ബാപ്പാ
ബാപ്പാ...
നമുക്ക് തിരിച്ചുപോകാം
ഉല്ലാസനടത്തമോ
ബീച്ചാ,
നമുക്ക് വിധിച്ചതല്ല’’.
ബാപ്പയിൽനിന്ന്
മറുമൊഴികളൊന്നും വന്നില്ല.
അസ്തമയച്ഛായയിൽ
കാറ്റാടിക്ക് കുറുകെ
ഈന്തപ്പന മരങ്ങളിൽ
നിറയെ ചോരത്തുള്ളികൾ...
മേഘപാളികളിലും
ചോരത്തുള്ളികൾ...
അവളുടെ നിലവിളി
ദൂരേക്ക് ദൂരേക്ക്
പറന്നുപോയി.
രാത്രി മുഴുവനുമവൾ
നിലവിളിച്ചുകൊണ്ടേയിരുന്നു.
എവിടെനിന്നും
മറുവിളി വന്നില്ല.
ഒടുവിൽ
അവസാനിക്കാത്ത നിലവിളിയായി
ചാനൽവാർത്തയിലെ
ബ്രേക്കിങ് ന്യൂസിലെത്തിയവൾ.
പക്ഷേ,
അതും
അധികം നീണ്ടുനിന്നില്ല.
തിരികെ വന്നൊരു
ബോംബിങ് വിമാനം
ഒരൊറ്റ വാതിൽ മാത്രമുണ്ടായിരുന്ന,
രണ്ടു ജാലകങ്ങളുടെ
ആ കൊച്ചുവീടും തകർത്തിരുന്നു...
വിവർത്തനം: കെ.ടി. സൂപ്പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.