പെണ്ണിന്‍റെ നിറം
text_fieldsനസ്രേത്തിൽ ജോസ് വർഗ്ഗീസ്
ശൂന്യത ആകാശത്തെ മനോഹരമാക്കുന്നു!
നിറവ് ഭൂമിയെ ചേതോഹരമാക്കുന്നു!
സ്നേഹം മനുഷ്യനെ സുന്ദരമാക്കുന്നു,
അവയിലുമെത്രയോ അധികം!
ആകാശത്ത് ശൂന്യത
ചിത്രങ്ങൾ വരയ്ക്കുന്നു,
ചിലപ്പോൾ മൃദുലമായ വരകൾകൊണ്ട്
പ്രേമിക്കുന്നവന്റെ മനസ്സു-
നീറിയവർണങ്ങൾകൊണ്ട്
ഉപേക്ഷിക്കപ്പെട്ടവന്റെ മനസ്സ്,
കറുപ്പും വെളുപ്പും നീലയും കലർത്തി
പ്രേമിക്കാത്തവന്റെ!
പെണ്ണിനായ് ശൂന്യത
ഒരു നിറം തേടിയലഞ്ഞു;
ആകാശവും ഭൂമിയും നിരാശപ്പെടുത്തി!
ഉണർന്നിരിക്കുന്ന മനുഷ്യന്റെ
നെഞ്ചിൽനിന്നും ആഴിയെടുത്തു,
സൂര്യനുനേരെ കണ്ണാടി-
തിരിക്കുകയും മറിക്കുകയും
ചെയ്യുന്നതുപോലെ
ശൂന്യത അതിൽ കയറുകയും
ഇറങ്ങുകയും ചെയ്തു,
എന്നിട്ടും...!
നിരാശനായവൻ
ഭൂമിക്കുമപ്പുറത്തേക്കു പറന്നു
അപ്പോൾ ഒരശരീരികേട്ടു;
‘‘പ്രപഞ്ചത്തെ
ഒരു മയിൽപ്പീലിത്തണ്ടിലെടുക്കൂ!’’
അവൻ വരച്ചു,
ദംഷ്ട്രങ്ങളേറ്റ ഉടലടയാളങ്ങൾ,
ചോരപൊടിക്കുന്ന
നഖക്ഷതങ്ങൾനിറഞ്ഞ ആത്മാവ്,
ഒരിഴക്കയറുപോലെ
പിരിഞ്ഞിറങ്ങിയ ജീവനിൽ
ഒരായിരം തിരുമുറിവുകൾ!
അവന്റെ കൈവിറച്ചു
രക്തമുണങ്ങിയ തൂവൽ താഴെവീണു!
ശൂന്യത പിന്നീടൊരിക്കലും
മടങ്ങിവന്നതേയില്ല
അവൻ ഉപേക്ഷിക്കപ്പെട്ടവളുടെ
മനസ്സിലൊളിച്ചു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.