കവിത: പുസ്തകത്താളുകൾ
text_fieldsകാലം മാറിയതറിയാതെ കാർമേഘങ്ങൾ ആകാശമാകെ നിറഞ്ഞു....
നേരിയ ചാറ്റൽ മഴഇടക്ക് വരുന്ന മിന്നലും...
പതിയെ മഴ ശക്തിപ്രാപിക്കുന്നതും നോക്കി അവൾ പുറത്തേക്കു നോക്കി നിന്നു...
ഇതിനേക്കാൾ ശക്തമായ മഴ പെയ്യുന്നത് അവളുടെ മനസ്സിലാണെന്നു തോന്നി.
പുതുമഴയുടെ കുളിരിൽ ഒരു പെരുമഴക്കാലം പോലെ ഓർമകൾ അവളിലേക്ക് തണുത്ത കാറ്റുപോലെ കടന്നുവന്നു.
പ്രകൃതിയുടെ മനോഹാരിതയിലേക്കവൾ ഒരു നിമിഷം അക്ഷമയോടെ നോക്കിനിന്നു.
നേർത്ത രാഗം മീട്ടുന്നപോലെ മഴത്തുള്ളികൾ ഭൂമിയിൽ പതിക്കുന്ന സ്വരം കാതുകളെ വല്ലാതെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.
ഏതോ ഒരു കോണിൽനിന്ന് ഇളം കാറ്റ് പതിയെപ്പതിയെ തഴുകിത്തലോടുന്നതുപോലെ തോന്നി.
പുസ്തകത്താളുകളിലൊളിപ്പിച്ചുവെച്ചതൊക്കെ മനസ്സിൽ ഓർത്തെടുക്കാൻ തുടങ്ങി.
മനസ്സ് അവൾക്ക് പിടികിട്ടാത്ത വേഗത്തിൽ എന്തിനെയൊക്കേയോ തേടിയലഞ്ഞു.
ഓരോ പുസ്തകത്താളുകളും വേഗത്തിൽ മറിച്ചുകൊണ്ടിരുന്നു.
സുഖവും ദുഃഖവും വേദനയും സമ്മാനിച്ചിരുന്ന ഒാരോ ഓർമയും നിമിഷനേരത്തിനുള്ളിൽ മനസ്സിൽ മിന്നിമറിഞ്ഞു.
കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും മധുരമുള്ള നോവുകളും
ഈ സമയത്തെ അവളുടെ മനസ്സിൽ എന്ത് വികാരമാണുള്ളതെന്നറിയാതെ പുസ്തത്താളുകൾ വീണ്ടും മറിച്ചു കൊണ്ടേയിരുന്നു.
വീണ്ടും എഴുതാത്ത പുസ്തകത്താളിലെഴുതി
ഇനിയും ഓർമകൾ മാത്രമാകാൻ പോകുന്നവയെ എഴുതിച്ചേർക്കാൻ ഒരു ദിനവുംകൂടി എന്നെഴുതി തുടങ്ങി...
മനസ്സിൽ തോന്നിയതൊക്കെ കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു...
പുസ്തത്താളുകൾ മറിഞ്ഞുകൊണ്ടേയിരുന്നു.
എന്നെങ്കിലുമൊരിക്കൽ പുസ്തകത്താളുകൾ മറിക്കുമ്പോൾ
ഇതും ഒരു ഓർമ മാത്രം ആകുമെന്നവൾക്കറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.