കവിത: പുതുവർഷം
text_fieldsനീറിയുറഞ്ഞുമുടഞ്ഞുമുരുകിയും
പോയവർഷത്തിൻ ബാക്കിപത്രമെഴുതിയും
എതിരേറ്റിടാമൊരു പുതിയ വർഷത്തെ
പ്രത്യാശതൻ പ്രകാശബിന്ദുപോൽ
രാസായുധത്തിൻ ഗർജനം ദൂരെ
തെരുവിലെ യുദ്ധങ്ങൾ പോർവിളികൾ
സിരകളിൽ ലഹരിതൻ വീര്യം നിറച്ചു
നിലതെറ്റിയാടും മർത്യജന്മം
ധാർമിക മൂല്യങ്ങളെരിഞ്ഞടങ്ങീടുന്നു
സ്നേഹചോദനകളസ്തമിച്ചീടുന്നു
ജാതിസ്പർധയും വ്യർത്ഥതവാക്യങ്ങളും
സ്ഥിരചിത്തയില്ലാത്ത കുറ്റകൃത്യങ്ങളും
കർമഫലത്താലീ ലോകമത്രയും
വർധിച്ചതൊക്കെയും കൊലയും കലാപവും
നീറുന്ന പുകയിൽ പിടയുന്ന നോവിൽ
വെള്ളരിപ്രാവിൻ ചിറകുകൾ തളരുന്നു
കണ്ണുകളിലഗ്നിയുടെ കനലാഴമേന്തി
പുതുവർഷമേ നീ കാവലാളാകുക
പുതിയൊരു പിറവിയിൽ പ്രപഞ്ചമാകെ
നിറഞ്ഞിടട്ടെ ശുഭപ്രതീക്ഷകൾ
ലോകമേ.. മിഴികൾ തുറക്കൂ പ്രാർത്ഥനയേകൂ
ഇനിയുള്ള ദിനങ്ങളിൽ സ്വസ്ഥിയേകാൻ
പുതുവർഷ സന്ദേശമതുതന്നെയാവട്ടെ
ലോകാഃ സമസ്താഃ സുഖിനോഭവന്തു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.