സ്വയം വരയ്ക്കുമ്പോൾ
text_fieldsമീൻചട്ടിയിലെ ചാറു
നക്കിയിട്ടവൻ പറഞ്ഞു
‘ഉപ്പ് ഇന്നുംകൂടി’
വായേ വെയ്ക്കാൻ
പറ്റണില്ല,
ന്റെ അമ്മേടെ ചാറു
കൂട്ടിക്കുഴച്ചുണ്ട കാലം.
ഏമ്പക്കത്തിൽ
അവന്റെ കണ്ണുകൾ തള്ളി
ഒന്നിനും കൊള്ളില്ല
എത്ര പറഞ്ഞാലും.
മേൽചുണ്ടിൽ
തട്ടിയ തുപ്പലിലെ മീൻനാറ്റം
കൊണ്ട്
ഒാക്കാനം വന്നവൾ
തിരിഞ്ഞുകിടന്നപ്പോൾ,
ഇതിനും മേലേൽ
താഴേ കിടന്നോ,
അല്ലെങ്കിലും എന്തിനാ പറ്റാ!
എന്നൊരാക്രോശം.
എല്ലാം കഴിഞ്ഞു
മേൽ കഴുകി
കിടന്നപ്പോൾ
അവളുടെ കണ്ണുകളിൽ
വാഴച്ചാൽ വെള്ളച്ചാട്ടം.
ഉടുത്തൊരുങ്ങി
വന്ന നാൾ മുതൽ
കേൾക്കുന്ന
ഒരേ വാക്ക്
‘അല്ലെങ്കിലും എന്തിനാ
പറ്റാ’
മനസ്സിടഞ്ഞു, ഇരു കാലുകളും
നിവർത്തി അവൾ കിടന്നു
സുവോളജി ലാബിൽ
തവളയെ പരീക്ഷണത്തിനു
കിടത്തിയ
അതേ മേശയിൽ
പച്ചമീൻ!
ഇടക്കിങ്ങനെ
സ്വപ്‌നങ്ങൾ വന്നു,
ഒരു വെള്ളക്കോട്ട്
അണിയിച്ച്
അവളുടെ കണ്ണുകെട്ടുന്നു.
കലങ്ങിയ കണ്ണുകൾ
തുറന്നു
കട്ടിങ് പലകയിൽ
മീനുകളെ കിടത്തി
കത്തികൊണ്ട് വരയുമ്പോൾ
അവൾ പറഞ്ഞു,
‘കണ്ണും തുറിച്ചുകിടന്നോ
കൂടെ പോരുമ്പം ഓർക്കണമായിരുന്നു:
എല്ലാം കഴിഞ്ഞു
വെറും മുള്ളാകുമെന്ന്;
പിന്നെ മണ്ണാകുമെന്നും!’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.