ചുറ്റിപ്പിടിക്കുന്ന ലഹരികൾ -കവിത
text_fieldsലഹരി വലിയ ഭീഷണിയായി തീർന്ന സമകാലിക അന്തരീക്ഷത്തിൽ രജിൽ കെ.പി എഴുതിയ കവിത
ലഹരി
ആഘോഷങ്ങളിലാറാടുന്ന
നിമിഷങ്ങളിൽ
മനുജരെ ചുറ്റിപ്പിടിക്കുന്നൊരു
ലഹരികൾ
മദ്യമായും കഞ്ചാവായും
വ്യത്യസ്തമാം വേഷങ്ങളിൽ
ലഹരിതൻ നീരാളിക്കൈകളാൽ
വരിഞ്ഞു മുറുകും മർത്യർ
അവനവനെയറിയാതെ
അപരന്റെ സന്താപത്തിലാനന്ദം
കണ്ടെത്തുന്നവരായ്
കനിവിന്നുറവ വറ്റിയവരായ്
ശരിതെറ്റുകളറിയാത്തവരായ്
മാറ്റപ്പെടുന്നൊരു മാനവജന്മങ്ങൾ
നിറങ്ങളറിയാതെ
ഭാവങ്ങളറിയാതെ
ലഹരിക്കായലയുന്ന നിമിഷങ്ങളിൽ
കൈവിട്ട പ്രണയവും
കൈയൊഴിഞ്ഞ മോഹങ്ങളും
അന്യമായ സ്വപ്നങ്ങളും
കുമിളപോലുയരുമ്പോൾ
തിരിച്ചുവരവിനായ്
കൊതിക്കുന്നൊരു മനസ്സുകൾ.
നീക്കിയിരിപ്പില്ലാത്തൊരു കാലചക്രത്തിൽ
നഷ്ടങ്ങളൊക്കെയും
തിരിച്ചെടുക്കുവാനായ്
പാഴ്ശ്രമം നടത്തുമ്പോൾ
നഷ്ടസ്വപ്നങ്ങളൊക്കെയും
നഷ്ടങ്ങളായവശേഷിക്കുമെന്നവനറിയുന്നു
സ്വർഗ്ഗകുമാരികളാമൊരു
സ്വപ്നത്തിൻ തേരേറി
നല്ലൊരു നാളേക്കായ്
ലഹരിമുക്തലോകത്തിനായ്
ജീവിതവഞ്ചികളിലൊന്നിച്ചു തുഴയുന്ന
മാലോകർ
സ്നേഹത്തിൻ ഗന്ധമുള്ളൊരു
നിറമാർന്ന കാഴ്ചകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.