കവിതകൾ
text_fields1. ചെരിപ്പ്
എത്ര ചവിട്ടിയിട്ടും ഞാൻ കെട്ടിപ്പിടിച്ചിട്ടേയൊള്ളൂ
എന്നിട്ടും ഒന്ന് കാലൊടിഞ്ഞപ്പോൾ
വലിച്ചെറിഞ്ഞില്ലേ
2. മിക്സി
ചേട്ടാ മിക്സി കേടായി
പോരുമ്പോൾ ഊണ് വാങ്ങിപ്പോര്
മണ്ണിൽ പുതഞ്ഞു കിടന്ന അമ്മിയും
കുട്ടിയും അതുകേട്ട് പൊട്ടി ചിരിച്ചു
3. കല്ലുകൾ
മുറത്തിലിട്ട്
എത്ര ചേറ്റിയിട്ടും
റേഷനരിയിലെ കല്ലുകൾ പോകുന്നില്ല
അയാൾ മുറത്തെ ആഞ്ഞു തൊഴിച്ചു
ആദ്യം സ്വന്തം മനസ്സിലെ കല്ലുരുക്കി കളയുക
മുറം പിറുപിറുത്തു
4. വിരുന്ന്
കപ്പക്കും മത്തിക്കും പഞ്ചനക്ഷത്ര ഹോട്ടലിൽ
ഗൃഹാതുരത്വ വിരുന്ന്
മൺചട്ടിയിലെ കഞ്ഞിയിൽ വറ്റ് തിരയുന്നുണ്ട്
പഴയൊരു മരത്തവി
5. വെള്ളിയാഴ്ച
ബിരിയാണി തിന്ന് സെന്റര്‍ ഏസിയിൽ ചുരുണ്ടുകൂടാൻ
ഒരു വെള്ളിയാഴ്ച
ഇന്നലത്തെ റൊട്ടിയുടെ പകുതി തിരയുന്നുണ്ടൊരു ലേബര്‍ ക്യാമ്പ്
6. മറവി
ബിരിയാണിക്ക് ഉപ്പ് കുറഞ്ഞതിനാൽ
കുപ്പത്തൊട്ടിക്കടുത്ത് പൂച്ചക്ക്
സമൃദ്ധമായ സദ്യ
കഞ്ഞിയിൽ വറ്റ് തിരഞ്ഞ്
നെടുവീർപ്പിടുന്നുണ്ട്
പഴയൊരു ബാല്യം
7. പിശാച്
നീ അകന്നകന്ന് പോകുമ്പോള്‍
ഞാൻ ഏറെ സന്തോഷിക്കുന്നു
ചെകുത്താനും മാലാഖയും
ഒന്നിച്ചുള്ള യാത്ര ദുഷ്കരമാണ്
8. ബലി
അടുപ്പിൽനിന്നും മാംസത്തിന്റെ
വെന്ത മണം
സ്നേഹിക്കാതെ കത്തി വെച്ചുവെന്ന്
ഏകനോട് പരാതി പറയുന്നുണ്ട്
ബലിമൃഗം
9. നഷ്ടം
ഇഷ്ടപ്പെട്ടവർ ഹൃദയം കീറിമുറിച്ചു
പുറത്തുപോയപ്പോൾ
മനസ്സിന്റെ കോണിൽനിന്നും ആരോ വിളിച്ചുപറഞ്ഞത്
10. ദയ
വെട്ടിമാറ്റുന്ന കൈകൾക്കും
അറുത്തെടുക്കുന്ന നാവുകൾക്കും
വിലപേശുന്നവർ അറിയാതെ പോകുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.