രാജീവ് മാമ്പുള്ളിയുടെ കവിതകൾ...
text_fieldsരാജീവ് മാമ്പുള്ളിയുടെ കവിതകൾ...
ഇറയത്ത്
കൽക്കണ്ട കല്ലുമഴയാലുള്ള നിൻ കണ്ണേറു കൊണ്ടു വീർപ്പുമുട്ടി
ഒരല്പ ശ്വാസത്തിനായി കേറി നിന്നതാണു കൂട്ടേ .....
ഉള്ളം പൊടിഞ്ഞൂർന്ന പ്രണയച്ചാലിൽ ഞാനെന്റെ
കളിത്തോണിയെ ഒഴുക്കി വിട്ടിരുന്നു .....
രാവേറെക്കഴിഞ്ഞും തോരാമഴതീരാൻ കാക്കാതെ
ഇറയത്തു നിന്നുഞാനീ കട്ടയിരുളിലിടവഴിയിലേക്കൂർന്നിറങ്ങി.
കനൽമാരിത്തണുപ്പിന്നും മാറിയിട്ടില്ല
മഴയിന്നും മേളപ്പെരുക്കമായി
കടുംതുടിയായി പെയ്തുനിറയുന്നു....
ഞാനീയിടവഴികളിലൂടെ കളിത്തോണിയെ തേടി ....
അമ്മാത്തെത്താതെ.... അങ്ങനെ ...!
വേനൽ മഴ
ചാമുണ്ണിയേ.... എന്നു വിളിച്ചു കൂവുന്ന നായാടിയമ്മ ആകാശത്തേക്ക്
കൈകളുയർത്തി മുകളിലേക്കു നോക്കി നിലവിളിച്ചു...
"കൊടും പാപി ചത്തില്ലേ, പിന്നെന്താ നിനക്ക് പെയ്താല് ....."
മഞ്ഞകതിരുള്ള പാടത്തെ വരമ്പില്
പട്ട പന്തലിലുച്ചയക്ക്
' ഇന്നലെത്തെ മഴ 'യിൽ നനഞ്ഞു കൊണ്ടിരിക്കുമ്പോൾ വഴിയേ വന്ന ജനാർദ്ദനേട്ടൻ, വായിക്കാനായി മാറ്റിവെച്ച
വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പുസ്തക തലക്കെട്ടുനോക്കി
'ഉഷ്ണ, ഉഷ്ണേന ശാന്തി' യെന്നുപറഞ്ഞ് തോർത്തുവീശി നടന്നുപോയി.
പാടവരമ്പത്തുള്ള കിണറ്റിൽ വെള്ളം കോരുന്ന അമ്മുവേടത്തി
'വിണ്ട പാടത്തി ഒരിത്തിരി തണ്ണീര് തരില്ലേ, പഗവാനേ' യെന്നു കേണു.
കറ്റ തല്ലി , മണിയാക്കി കാറ്റത്തു വീശി ചണ്ടി മാറ്റുമ്പോൾ അമ്മാളുവമ്മ പറയുന്നതു കേട്ടു -
'ഇത്തിരി മോരു വെള്ളം താടിയേ, എക്കി താഹിച്ചിട്ട് ബെയ്യാ'
കണ്ണാടിപ്പുഴയിൽ അന്തിക്ക് പൂത്താങ്കരി കളിക്കുമ്പോൾ ആതിര , അച്ചൂനോട് പറഞ്ഞൂ
'ഇന്നയ്ക്ക് മഴ വരുംന്ന് ഒറപ്പാ, ബെറ്റിണ്ടാ'
ചുടുകുരു മാറാനായ് കൊന്നയില മഞ്ഞളരച്ച് തേച്ച് പിടിപ്പിക്കുമ്പോൾ പൊന്നൂന്റെ അമ്മ പറഞ്ഞു
'വേനൽമഴ വേണം, ന്നാലേ ഇതൊക്കെ മാറുള്ളൂ'
എന്നു നീയെന്നിൽ മഴയായ് പെയ്തലിയുന്നതെന്ന് -അവൾ
അവൻ മേലോട്ട് നോക്കി
ആലിപ്പഴം വീഴുന്ന
ആദ്യ വേനൽമഴയും കാത്ത്.....
അന്നുരാത്രി,
പാരിലാകെ മിന്നലൊളിവെട്ടി
ഇടിവെട്ടി മുകിൽ തുകിൽകൊട്ടി
ആനന്ദമാം കൽമാരിയുതിർത്ത് വേനൽമഴ ഉലഞ്ഞാടിയാടിയാടി പെയ്തു ....
കനലാഴി കലങ്ങി ചുവന്നു ....
നിറഞ്ഞൊഴുകി .....!!
പ്രളയ ഒഴുക്കിൽ പൊങ്ങിക്കിടക്കുന്ന പൊങ്ങുതടിയിൽ
മൂലധനത്തിൽ ചുറ്റിയ കൊന്തയിൽ കുടുങ്ങിയ ചുണ്ടെലി
അനാഥമായി ഒഴുകി പോകുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.