100 രൂപ കടത്തിന് ഈടായി ലൂയിസ് പീറ്റർ നൽകിയ കവിതകൾ
text_fieldsലൂയിസ് പീറ്ററിൻെറ കവിതകൾ
പി.എസ്.സി ക്ലാസിൽ എൻെറ വിദ്യാർഥിയായിരുന്ന അസർ എന്ന കുട്ടിയിൽനിന്നും ലൂയിസ് പീറ്റർ നൂറ് രൂപ കടംവാങ്ങിയതിന് ഈടായി കൊടുത്ത കവിതകളാണിത്. ഒരിക്കൽ ഈ കവിതകൾ തിരിച്ചുകൊടുക്കാൻ ശ്രമിച്ചപ്പോൾ, വേണ്ട എൻെറ മരണശേഷം അവ പ്രസിദ്ധീകരിച്ചാൽമതി എന്ന പ്രതികരണമായിരുന്നു അേദ്ദഹത്തിൽനിന്നും ഉണ്ടായത്. ലൂയിസ് പീറ്ററിൻെറ മരണവാർത്ത അറിഞ്ഞപ്പോൾ ഇവ പ്രസിദ്ധീകരിക്കാൻ ശ്രമിക്കൂ മാഷേ എന്ന് പറഞ്ഞ് അസർ എനിക്കയച്ച കവിതകളാണിവ.
കവിയും സാംസ്കാരിക പ്രവർത്തകനുമായ ലൂയിസ് പീറ്റർ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന് 59 വയസ്സായിരുന്നു. കേരളത്തിലെ സാഹിത്യസദസ്സുകളിലും ജനകീയസമരങ്ങളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായിരുന്നു. ''ലൂയിപ്പാപ്പൻ'' എന്നാണ് അടുപ്പമുള്ളവർ അദ്ദേഹത്തെ വിളിച്ചിരുന്നത്. മുൻ ഫെഡറൽ ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം ജോലി രാജിെവച്ച് മുഴുവൻസമയ സാഹിത്യകാരനായി. കൂട്ടായ്മകളിലൂടെയും സൗഹൃദങ്ങളിലൂടെയും ജീവിച്ചു. കുറച്ചുകാലമായി വീട്ടിൽ അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും തിരികെ വീട്ടിലെത്തി വിശ്രമം തുടർന്നു. ഏറെ നാൾ കഴിയും മുമ്പേ ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തു.
1986ലാണ് ലൂയിസ് പീറ്റർ ആദ്യ കവിതയെഴുതുന്നത്. പിന്നീട് ഇരുപത് വർഷത്തെ നീണ്ട ഇടവേള. ഇതിന് ശേഷമാണ് വീണ്ടും കവിതയുമായി രംഗത്തെത്തിയതും, ജോലി രാജി വെച്ച് സാഹിത്യ, സാംസ്കാരികക്കൂട്ടായ്മകളിലും കേരളത്തിലെ ചലച്ചിത്രോത്സവങ്ങളിലും സജീവമായതും. പിന്നീട് അദ്ദേഹത്തിൻെറ കവിതകളെല്ലാം ചേർത്ത് 'ലൂയിസ് പീറ്ററിെൻറ കവിതകൾ' എന്ന പുസ്തകം തൃശൂരിലെ 3000 ബി.സി സ്ക്രിപ്റ്റ് മ്യൂസിയം എന്ന പ്രസാധകസംഘം പുറത്തിറക്കി. 67 കവിതകളാണ് ഇതിൽ സമാഹരിക്കപ്പെട്ടത്.
''നരകം സമ്മാനമായിത്തന്ന
നാരായംകൊണ്ടാണ് ഞാനെഴുതാറുള്ളത്
അതിനാലാണ് എൻെറ കവിതകളില് ദൈവത്തിെൻറ
കൈയക്ഷരമില്ലാതെ പോയത്'' എന്ന് ആ പുസ്തകത്തിന് നാന്ദിയായി ലൂയിസ് പീറ്റർ കുറിച്ചു.
കവിതകൾ ലൂയിസ് പീറ്റർ
01
പാതയായിപ്പോയതു
കൊണ്ടാകാം
നിരന്തരം
ചവിട്ടേൽക്കുന്നത്
ഇനി
ഒരാകാശമാകണം
നക്ഷത്രങ്ങൾ മാത്രം പൂക്കുന്ന
ഒരു മഹാശാഖി.
നിദ്ര
ഒരു കളിക്കളമാണ്
സ്വപ്നങ്ങൾ
നിരന്തരം എന്നെ
തോൽപിക്കുന്ന ഒരിടം.
03
വിശപ്പു ചുമക്കുന്നവന്
അത്താണിയാകുവാൻ
നെൽമണികളെ
പ്രസവിക്കുന്നവളാണ്
നെല്ല്
അവളുടെ പാർപ്പിടം
കവർന്നെടുക്കുന്നവർക്കുള്ള
ശിക്ഷയാണ്
പൊറോട്ട.
04
നശിച്ച കാറ്റ്
എെൻറ തീപ്പെട്ടി തീർത്തു
ആ കാറ്റുതന്നെ
എെൻറ
വിയർപ്പുമൊപ്പി
നല്ല കാറ്റ്.
05
കെട്ടിക്കെട്ടി
മടുത്ത
കെട്ടാണ് ജീവിതം
നിരന്തരം
അഴിഞ്ഞുപോകുന്നു.
06
നിരയൊത്തു
നിൽക്കുന്ന
വൃക്ഷങ്ങൾ
വനമല്ല
ഒറ്റപ്പെടണം എന്നല്ല
പറയുന്നത്
കുതറി മാറണം
എന്നാണ്.
07
സ്വരം
നന്നായിരിക്കുേമ്പാൾ
നിർത്തേണ്ടതല്ല പാട്ട്
സ്വയം തിരിച്ചറിയുേമ്പാൾ
നിർത്തേണ്ടതാണ്
അതുവരെ
പുഴപോലെ ഒഴുകുക
എൻെറ പ്രിയ സംഗീതമേ.
08
തുമ്പികൾ
പറന്നുപാറുന്നത്
കാണുവാൻ
മഴമേഘങ്ങൾക്കു പിറകിൽ
സൂര്യൻ
മറഞ്ഞിരിക്കുന്ന
കാലമാണ്
മഴക്കാലം.
09
ഒരു നിറമേയുള്ളൂ
ഭൂമിയിൽ
പച്ച.
മറ്റുള്ളവയെല്ലാം
അതിൽനിന്നുണ്ട്
വിശപ്പുമാറ്റുന്നവരാണ്
വീമ്പുപറച്ചിൽ
സത്യത്തിനുള്ള
മറുപടിയേയല്ല.
10
ഒറ്റുകാരനോടുപോലും
ഇഷ്ടമുണ്ട്
നിന്നോടില്ല.
നീ മാത്രമാണ്
എന്നെ
ഇഷ്ടമാണെന്നു
വെറുതെ പറഞ്ഞത്.
11
നിെൻറ പേര്
എനിക്കറിയാം
എെൻറ പേര്
എനിക്കറിയില്ല
എന്നു നീ കരുതി
തെറ്റ്
എെൻറ പേര്
ഏത് ഉറവയിൽനിന്നാണ്
ഉയിരുകോരുന്നത്
എന്നുപോലും
എനിക്കറിയാം.
12
സ്വപ്നം പറയും
ഞാനിന്നലെ രാത്രി
എത്രനേരമുറങ്ങിയെന്ന്
അതെന്നോടൊപ്പമുണ്ടാ-
യിരുന്നതിെൻറ
കണക്കാണത്
പ്രണയത്തിെൻറ
ആൾജിബ്ര.
13
നിനക്കൊരു
മയിൽപ്പീലി
നിനക്കൊരു വളപ്പൊട്ട്
നിനക്കൊരു തുടലിക്കായ്
നിനക്കൊരു
കവുങ്ങിൻ പാളത്തേര്
ഒന്നും സമ്മാനമല്ല
ഓർമയെന്നാലെന്താ
ണെന്നോർക്കുവാൻ
ഓർമിപ്പിക്കാൻ
ഒരു നുള്ള്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.