വിഷ്ണുനാരായണൻ നമ്പൂതിരി; മനുഷ്യനെയും പ്രകൃതിയെയും സ്നേഹിച്ച കവി
text_fieldsതിരുവനന്തപുരം: ഭാരതീയ കാവ്യപൈതൃകത്തിലും വേദസംസ്കാരത്തിലുമാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ അസ്തിത്വം. എങ്കിലും ആധുനിക കാവ്യസങ്കൽപങ്ങളിലായിരുന്നു അദ്ദേഹത്തിെൻറ വേരുകൾ. അദ്ദേഹത്തിെൻറ കവിത അഭിസംബോധന ചെയ്യുന്നത് മനുഷ്യനെയാണ്. ഉൗരോ പേരോ ജാതിയോ വേർതിരിക്കാത്ത പച്ചമനുഷ്യനെ.
അതുകൊണ്ടാണ് പേരെടുത്ത കവിയുടെയോ പ്രഗല്ഭനായ അധ്യാപകെൻറയോ ജാടകളില്ലാതെ അദ്ദേഹത്തിന് മണ്ണിൽച്ചവിട്ടി നടക്കാനായത്. സൈലൻറ് വാലി പദ്ധതിക്കെതിരെ കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയിലെ പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി.
എൻ.വി. കൃഷ്ണവാര്യരുടെയും സുഗതകുമാരിയുടെയും നേതൃത്വത്തിലുണ്ടായ പ്രകൃതിസംരക്ഷണസമിതി എന്ന കൂട്ടായ്മയെ പദ്ധതി അനുകൂലികൾ അന്ന് പരിഹസിച്ചത് മരക്കവികൾ എന്നായിരുന്നു. അത്തരം പരിഹാസങ്ങളെ നേരിട്ട് വിഷ്ണുനാരായണൻ നമ്പൂതിരി അടക്കമുള്ളവർ സമരത്തിലുറച്ചുനിന്നു.
അവരുടെ നിലപാടാണ് ശരിയെന്ന് പിൽക്കാലത്ത് കേരളത്തിലെ പ്രകൃതിസ്നേഹികൾ തിരിച്ചറിഞ്ഞു. സൗമ്യനാണെങ്കിലും മൂർച്ചയുള്ള കവിതകളായിരുന്നു അദ്ദേഹത്തിെൻറ മുഖമുദ്ര. എഴുത്തുകാരനായും അധ്യാപകനായും ഒരുപോലെ ശിരസ്സുയർത്തി അദ്ദേഹത്തിന് നിൽക്കാനായതും അതുകൊണ്ടാണ്.
എം.എ പഠനത്തിനുശേഷം കോളജ് അധ്യാപകനായി. ഇംഗ്ലീഷ് ആണ് ഇഷ്ടവിഷയം. കാറിലും സ്കൂട്ടറിലുമൊക്കെ പ്രഫസർമാർ കോളജിലെത്തും. വിഷ്ണുനാരായണൻ നമ്പൂതിരി സൈക്കിളിലാണ് വരുന്നത്.
അതും വെളുത്തമുണ്ടും നീണ്ട ഖദർ ജുബ്ബയും വേഷം. ഇംഗ്ലീഷ് അധ്യാപകന് പറ്റിയതല്ല ഇൗ വേഷമെന്ന ആക്ഷേപം കോളജിൽ പലകോണിൽനിന്ന് ഉയർെന്നങ്കിലും അദ്ദേഹം സ്വന്തം താൽപര്യത്തിൽനിന്ന് തെല്ലിട വ്യതിചലിക്കാൻ കൂട്ടാക്കിയില്ല. യാത്രകളും പ്രിയമായിരുന്നു കവിക്ക്. അമേരിക്ക, ഇംഗ്ലണ്ട്, അയർലൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എട്ടുതവണ ഹിമാലയത്തിലേക്കും പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.