വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗം തിരുവല്ലക്കും തീരാനഷ്ടം
text_fieldsതിരുവല്ല: ശ്രീവല്ലഭ ക്ഷേത്ര മുൻ മേൽശാന്തി കൂടിയായ കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗം അദ്ദേഹത്തിെൻറ ജന്മനാടായ തിരുവല്ലക്ക് തീരാനഷ്ടമായി.
വ്യാഴാഴ്ച ക്ഷേത്രത്തിലെ ആറാട്ടിെൻറ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കവിയുടെ വിയോഗം ജന്മനാട് അറിഞ്ഞത്. തിരുവല്ല കാരയ്ക്കലിലെ ശീരവള്ളിയിൽ മഠത്തിൽ വിഷ്ണുനമ്പൂതിരിയുടെയും അദിതി അന്തർജനത്തിെൻറയും മകനായി 1939 ജൂൺ രണ്ടിനാണ് ജനനം.
പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ സ്കൂളിലാണ് പഠിച്ചത്. മലയാള ബ്രാഹ്മണരായ കവിയുടെ ശീരവള്ളി കുടുംബം, ശ്രീവല്ലഭ ക്ഷേത്രത്തിലെ കാരാഴ്മ മേൽശാന്തി അവകാശമുള്ള അഞ്ചു കുടുംബങ്ങളിൽ ഒന്നാണ്. പിതാവും ശ്രീവല്ലഭ ക്ഷേത്രത്തിൽ പൂജകൾ ചെയ്തിരുന്നു.
പിന്നീട് ശ്രീവല്ലഭ ക്ഷേത്രത്തിനുസമീപം സ്ഥലം വാങ്ങി വീട് െവക്കുകയായിരുന്നു. ഇരിങ്ങോലിൽ ശ്രീവള്ളി ഇല്ലത്ത് താമസിച്ചിരുന്ന കുടുംബം പിന്നീട് തിരുവനന്തപുരം വെള്ളയമ്പലത്തേക്ക് താമസം മാറുകയായിരുന്നു.
യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലീഷ് പ്രഫസറായി വിരമിച്ചശേഷം 1995 മുതൽ രണ്ടുവർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിക്കാരനായി.
ഇക്കാലയളവിൽ കവിസംഗമവും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു. '97ൽ ലണ്ടനിൽ നടന്ന സെമിനാറിൽ ശ്രീവല്ലഭ ക്ഷേത്രത്തിലെ പുരുഷ സൂക്തത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കാൻ പോയത് വിവാദമായിരുന്നു. മേൽശാന്തി മതിലകം വിട്ട് കടൽകടന്ന് പോയത് ആചാരലംഘനമാണെന്ന് ആരോപണം ഉയർന്നു. പിന്നീട് അവരോഹണം നടത്തി വീണ്ടും മേൽശാന്തിയായി. 2014ൽ പത്മശ്രീ ലഭിച്ചപ്പോൾ ക്ഷേത്രത്തിൽ സ്വീകരണവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.