വേരുകൾ തേടിയെത്തി; ഒടുവിൽ അറത്തിൽ ഗ്രാമത്തിെൻറ പ്രിയങ്കരനായി
text_fieldsപയ്യന്നൂർ: ''താതൻ കശ്യപ ഗോത്രീയൻ
വിഷ്ണുനാരായണദ്വിജൻ
അവിടം വിട്ടിറങ്ങുന്നി-
തൊരു പൂർവ്വാഹ്നവേളയിൽ''
പിതൃയാനം എന്ന കവിതയിൽ കവി വിഷ്ണുനാരായണൻ നമ്പൂതിരി ഇങ്ങനെ കുറിച്ചിട്ടപ്പോൾ വിട്ടിറങ്ങിയ 'അവിടം' കണ്ണൂർ ചെറുതാഴം അറത്തിൽ ഗ്രാമമെന്നറിഞ്ഞവർ വിരളം. എന്നാൽ, അറത്തിൽ ഗ്രാമത്തിലും ഗ്രാമദേവത കുടികൊള്ളുന്ന ഭദ്രപുരം ക്ഷേത്രത്തിലും സ്ഥിരമായി വരാൻ തുടങ്ങിയപ്പോഴാണ് കാവ്യഭാഗത്തിലെ അവിടം ആസ്വാദകർ തിരിച്ചറിയുന്നത്.
200 വർഷം മുമ്പാണ് കവിയുടെ പൂർവികർ അറത്തിൽ ഗ്രാമംവിട്ട് തിരുവല്ലയിലേക്ക് പോകുന്നത്. വേര് കണ്ണൂർ ജില്ലയിലെ അറത്തിലാണെന്ന് തിരിച്ചറിഞ്ഞ കവി ആദ്യമായി ഇവിടെയെത്തുന്നത് 1964ൽ. തുടർന്ന് നിരവധി തവണ ഇവിടെയെത്തി ബന്ധം പുതുക്കിയിരുന്നു. പിതൃയാനം എന്ന കവിത തന്നെ വേരുകൾ ഇറങ്ങിയ ഗ്രാമത്തെപ്പറ്റിയാണ്.
അറത്തിൽ ഗ്രാമവും ചിറക്കൽ രാജാവും ഇന്നത്തെ തളിപ്പറമ്പായ പെരിഞ്ചെല്ലൂർ ഗ്രാമവുമൊക്കെ കവിതയിൽ ഇടംകണ്ടു. കുടുംബത്തിന് സാക്ഷി ഊരാളൻ അധികാരമുള്ള അറത്തിൽ ഭദ്രപുരം ക്ഷേത്രത്തിലെ ദേവിയെക്കുറിച്ച് എഴുതിയ അറത്തിൽ ദുർഗ എന്ന കവിതയിലും ഗ്രാമബന്ധം ദൃഢം.
'ദുർഗേ ജയ നിന്നരികിലാകുന്നു ഞാൻ ദുർഗമവീഥികൾ താണ്ടിക്കുതിക്കിലും' എന്നെഴുതി കവിത അവസാനിപ്പിക്കുമ്പോൾ കവിയുടെ മനസ്സ് അറത്തിലമ്പലത്തിെൻറ മുറ്റത്താണെന്ന് വ്യക്തം. ഒപ്പം എെൻറ പാരമ്പര്യ സൗവർണ സൽക്ഷേത്ര സന്താന ദുർഗേ എന്നും കവി ദേവിയെ സ്തുതിക്കുന്നുണ്ട്.
കവിയുടെ സഹോദരിയും പുറച്ചേരി യു.പി സ്കൂൾ അധ്യാപികയുമായ സരസ്വതി ദേവി അറത്തിലിലാണ് താമസം. മാതമംഗലം ഗവ. ടി.ടി.ഐ റിട്ട. പ്രിൻസിപ്പലും കവിയുമായ കാരക്കാട് കേശവൻ നമ്പൂതിരിയുടെ ഭാര്യയാണ് ഇവർ.
കണ്ണൂർ, കാസർകോട് ജില്ലകളിൽ എത്തിയാൽ ഇവിടെയെത്തി താമസിക്കാറുണ്ടെന്നും അപ്പോഴെല്ലാം അറത്തിലമ്പലത്തിൽ തൊഴുക പതിവാണെന്നും കേശവൻ നമ്പൂതിരി 'മാധ്യമ'ത്തോടു പറഞ്ഞു. ഗ്രാമത്തിലെത്തിയാൽ തികച്ചും സാധാരണക്കാരിൽ സാധാരണക്കാരനാവാൻ സാധിച്ചുവെന്നതും വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മാത്രം പ്രത്യേകത.
വേരുകൾ വേദസംസ്കാരത്തിലും പഠനം ആംഗലേയത്തിലുമാണെങ്കിലും സ്വന്തം ഗ്രാമത്തിലെ പച്ചമണ്ണിൽ ചവിട്ടിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി കാവ്യ സഞ്ചാരം നടത്തിയതെന്നതിന് ഈ രണ്ടു കവിതകൾ മാത്രം വായിച്ചാൽ മതി.
ഒപ്പം ജാതി മതത്തിനതീതമായ ചിന്തയും വെച്ചുപുലർത്തി. പരിസ്ഥിതി നാശത്തിനെതിരെയുള്ള പോരാട്ടത്തിൽ സുഗതകുമാരി ടീച്ചർക്കൊപ്പവും എൻ.വിക്കൊപ്പവും നിലയുറപ്പിച്ചു. ഇതിലൂടെ അത്യുത്തര കേരളത്തിലെ കാവ്യാസ്വാദകരുടെ മാത്രമല്ല, പരിസ്ഥിതി പ്രവർത്തകരുടെ മനസ്സിലും കവി ഇടം കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.