മറവി
text_fieldsഭൂലോക തോൽവിയായാലും പ്രശ്നമില്ലായിരുന്നു
ഇതിപ്പോൾ അപാര മറവിയല്ലേ...
കാലൻകുട, എ.ടി.എം കാർഡ്,
പച്ചക്കറി, മത്തി, മുളകുപൊടി, പാൽ
വന്നുവന്ന് വാങ്ങിയ പൊറോട്ടയും ബീഫും വരെ മറന്നു.
ഒപ്പം കൂട്ടിയ മകനെ മറന്നു വന്നപ്പോൾ
ഭാര്യ പറഞ്ഞതുകേട്ട് എന്നോട് പുച്ഛം തോന്നി
ഓർമശക്തി വർധിപ്പിക്കാൻ
നൂറ്റൊന്നു വഴികൾ എന്ന പുസ്തകം
മറന്നതെവിടെയാവോ?
മറന്നുവെച്ചവയിൽ തിരിച്ചുകിട്ടിയത്
കവിതയെഴുതാറുള്ള നോട്ടുബുക്കുമാത്രം
ചാന്തുരുത്തിപ്പാടത്തെ വഴിയിൽ
കലുങ്കിനടുത്ത് മറന്നുവെച്ച പുസ്തകം
ഭദ്രമായി വീട്ടിലെത്തിച്ച കുട്ടി അതിലെ
ഉൾപ്പേജുകൾ വായിച്ചിരിക്കില്ല.
ഇന്നലെ കണ്ടപ്പോളും
ബഹുമാനത്തിനു കുറവില്ലായിരുന്നു.
മറന്നു മറന്നു എന്നാണു ഞാൻ
എന്നെത്തന്നെ മറന്നുവെക്കുക!
അങ്ങനെയുണ്ടായാൽ അറിയിക്കാൻ
അഡ്രസും വീട്ടുനമ്പറും പോക്കറ്റിൽ എഴുതിയിട്ടുനടന്നു.
നടന്നു പിന്നെ നമ്പറെഴുതിയ കടലാസും മറന്നു
കൈയിന്റെ പുറവടിവിൽ പണ്ടു പച്ചകുത്തിയ
മുരുകനു താഴെ ഫോൺ നമ്പറും കുത്തിവെച്ചായി
അവസാനം നടപ്പ്
മറവികൾ തൊങ്ങലു ചാർത്തിയ
തൊപ്പിയും കുപ്പായവുമായി രംഗബോധം മറന്ന
കോമാളിയായിത്തീർന്നിട്ടുണ്ടിപ്പോൾ ഞാൻ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.