എന്നെ കുരിശിൽ തറച്ചു -കവിത
text_fieldsമുപ്പത് വെള്ളിക്കാശിന്
യൂദാസ്
യേശു ദേവനെ
കുരിശിൽ തറച്ചു.
ഞാൻ
കുരിശിലേറ്റപ്പെട്ട
മഹാ ത്യാഗി.
എന്റെ
രതിലയ ഭോഗ രസതന്ത്ര പുസ്തകം
പണ്ടേ കളവു പോയി.
എനിക്കു കിട്ടിയത്
എല്ലാവരും
മധുരം നുകർന്നെടുത്ത
ഒരു കരിമ്പിൻതുണ്ട്.
അത്
കരിമ്പിൻ ചണ്ടി.
നെഞ്ചിലെ തീ കെടുന്നില്ല.
എനിക്ക്
അഭിനയിക്കാനറിയില്ല.
സമൂഹം
ഇന്ന് നന്നായ് അഭിനയിക്കുന്നു.
'എൻ്റെ മുഖമെവിടെ?
ഞാൻ
എല്ലാം നഷ്ടപ്പെട്ടവൻ.
അശ്വത്ഥാമാവിനെ പോലെ
ശാപഗ്രസ്തൻ
ഈ
പ്രപഞ്ച നടനവേദിയിൽ
ആരോ കറക്കി വിട്ട പമ്പരം പോലെ
ഞാൻ കറങ്ങുന്നു.
ഞാൻ നല്ല നാടക നടൻ
നല്ല വേഷങ്ങളൊന്നും
എനിക്കിന്നേവരെ കിട്ടിയിട്ടില്ല
ഞാനെന്നും
വിദൂഷകനായി ആടുന്നു.
ഞാനാണ്
ജീവിതനാടകം
തുറക്കുന്നത്.
തിരശ്ശീല
താഴ്ത്തുന്നതും
ഞാൻ
തന്നെ.
നീ കപട നാടകം
തുറന്നു വിട്ട
കൊടുംവിഷ വിത്ത്
എന്റെ സ്വപ്നമോഹങ്ങൾ
പ്രണയത്തിൻ
തീക്കാറ്റിൽ
കത്തിക്കരിഞ്ഞു വീണു
ജീവിതത്തിൽ
അഭിനയിക്കാൻ
എനിക്കറിയില്ല.
നീ ,അഭിനയ ത്തിൽ
ഓസ്കാർ നേടിയവൾ.
ജീവിതത്തിൽ
എനിക്കൊരേയൊരു മുഖം.
എന്റെ പ്രാണപ്രേയസിയുടെ മുഖം.
നിനക്ക് എന്റെ
മുഖം കാണാൻ കഴിഞ്ഞിരുന്നില്ല.
നിന്നിൽ
എത്രയെത്ര മുഖങ്ങൾ.
എന്റെ പകുത്തെടുത്ത മുഖം
നീ ഉള്ളം കൈയിൽ വെച്ചു
കത്തിച്ചു.
എൻ്റെ
പകുതി ചീന്തിയെടുത്ത ഹൃദയം
സമൂഹമധ്യത്തിൽ വെച്ച്
നീ ചവിട്ടിയരച്ചു
ഞാൻ
ആൾക്കൂട്ടത്തിൽ തനിയെ
എന്റെ
ശവമഞ്ചമെടുക്കാൻ
സമയമായി
നീ ഇപ്പൊഴും
എന്നെ വിട്ടുമാറാത്ത
പ്രേതബാധ.
നീ ബാക്കി വെച്ച
എല്ലാ അടയാളങ്ങളും
ഇന്ന്
ഉയിർത്തെഴുന്നേൽക്കുന്നു.
ഞാൻ
ഈ സർക്കാർ ആശുപത്രി
മോർച്ചറിയിൽ കിടക്കും ശവം
നാളെ
ശവം പുനർജനിക്കും
എല്ലാ കഥകളും
ഞാൻ
മാലോകരോട് വിളിച്ചു പറയും.
അന്ന്
ഈ നാടുണരും
ആ ഉണർച്ചക്കായി
നമുക്ക് കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.