കവിതയുടെ ശരീരഭാഷ -കവിത
text_fieldsപ്രണയം ഹൃദയത്തിൽ
എത്ര ആഴത്തിൽ വേരോടും.
സ്വാനുഭവം പറയുന്നു.
ആഴക്കടൽപോലെ അപാരത.
ആകാശം പോലെ അതി വിശാലം.
കാനന സന്നിഭം
അതിനിഗൂഢം.
പ്രണയത്തിന് ശരീരമുണ്ടോ?
അമൂർത്തമാണ് പ്രണയം.
അമേയം, അദൃശ്യം, അരൂപം
അനുരാഗത്തിെൻറ
ശരീര ഭാഷ തേടുന്നു ഞാൻ.
രാഗം ആദ്യമുണരുന്നത്
കണ്ണുകളിലാണ്.
പെൺ ശരീരത്തിൽ
എനിക്ക് പ്രിയം
കണ്ണുകളോടാണ്.
സുജാതയുടെ മിഴികളിൽ നോക്കി
ഞാൻ
മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട്.
മൗനത്തിന്റെ ഭാഷ എത്ര മനോഹരം.
രാഗനദിയിലൂടെ ഒഴുകുമ്പോൾ
എല്ലാം സുന്ദരം .
പൂക്കളോടും കിളികളോടും
എല്ലാറ്റിനോടും
നമുക്കിഷ്ടം തോന്നും.
പ്രണയത്തിന്
ഗന്ധമുണ്ട്.
ജീവിത സൗരഭം
നാം അനുരാഗത്തിൽ
അനുഭവിക്കുന്നു.
ഒരു സങ്കല്പലോകം
നമ്മുടെ മുമ്പിൽ
പുതിയ ആകാശം പോലെ
നി വരുന്നു.
നീയും ഞാനും ആകാ ശ
വർണ്ണക്കുട ചൂടി
എത്ര നേരം
കടലോരത്തിരുന്നു.
നീലവാനം
സ്വപ്നത്തിൻ മഴവില്ലഴക്
ചൂടി നിന്നു.
എത്ര കുറിമാനം
ഞാൻ
നിനക്കായെഴുതി.
പിന്നെ
നീണ്ട കാത്തിരിപ്പിന്റെ സുഖദ നിമിഷങ്ങൾ.
അന്ന്
പ്രണയത്തിൽ
സഹനവും കാത്തിരിപ്പുമുണ്ട്.
ഓരോ നിമിഷത്തിനും
അർത്ഥവും അർത്ഥാന്തരവും
കൈവന്നിരുന്നു.
ഹൃത്തടം
അമൃത സരോവരമായ് മാറുന്നു.
പുലരൊളി, പൂന്തെന്നൽ
കിളിപ്പാട്ട്, വെള്ളാമ്പൽപ്പൊയ്ക
ഇന്ദുപുഷ്പം
കളഹംസങ്ങൾ
കാല്പനികതയുടെ സൗഗന്ധികം
പൊഴിക്കുന്നു.
ഹൃദയം തല്ലജമായ്
സൗരഭംചൊരിയുന്നു
ജീവിതം
അർത്ഥവത്തായ കാവ്യപുസ്തകമായ്
മാറുന്നു.
പരിണയ ശേഷം
സ്ത്രീ ശരീരഭാഷ
നമ്മോട് സംസാരിക്കുന്നു.
അവിടെ സങ്കല്പത്തോടൊപ്പം
യാഥാർത്ഥ്യവും
നമ്മോട് സംവദിക്കുന്നു
കവിതയുടെ ശരീര ഭാഷ പോലെ
പെണ്ണുടൽ ചോദ്യചിഹ്നമായ്
നില്ക്കുന്നു
പും ലിംഗവും
സ്ത്രീലിംഗവും
കാമവും കാമദഹനവും
അത് നൽകുന്ന സ്വപ്നങ്ങളുമാണ്
ജീവിതത്തിന്
അർത്ഥം നല്കുന്നത്.
കാവ്യ ശരീരം പോലെ
രൂപഭാവങ്ങളുടെ
സമ്പൂർണ്ണ ലയനം
സമ്പൂർണ ദഹനം
ദാമ്പത്യത്തെ സുന്ദരമാക്കുന്നു
ശരീരം യഥാർത്ഥo
പ്രണയം സങ്കല്പം.
എൻ്റെ ജീവിതത്തിൽ
ശരീരഭാഷ
വലിയ ചോദ്യ ചിഹ്നമായ് മാറുന്നു.
എൻ്റെ ജീവിതം
പെണ്ണുടൽ വിചാരണയായ്
മാറിയിരിക്കുന്നു.
അന്ന് പ്രണയം
ഹൃദയവും ഹൃദയവും
ഒന്നാകുന്ന കവിത.
ഇന്ന് പ്രണയം
ശരീരവും
ശരീരവും
ഒന്നാകുന്ന
രൂപഭാവങ്ങളില്ലാത്ത ക്ഷണികമായ
കവനം മാത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.