ശൂന്യതാ ഭീകരവാദം -കവിത
text_fieldsഒഴിഞ്ഞ ഇടവേളകളാകെ പെരുത്ത് ശൂന്യസ്ഥലികളിൽ
നിറഞ്ഞ കള്ളിമുൾച്ചെടികൾ പോലെ
മനസ്സ് തൂവൽഭാരംപേറി
വറുതിപ്പെറ്റിഴഞ്ഞു നീറി.
ഇടവേളകൾ ദൈർഘ്യംകൂടി
ജീവിതമാകെ കാകോളത്താൽ നീലിച്ചു.
ഒരു ചോദ്യവും പുറത്താരോടും ചോദിക്കാനില്ലാതെ സ്വയം ചോദ്യശരങ്ങളെയ്തു
മനസ്സിനെ തളർത്തിയിട്ടു.
ഉത്തരവാദിത്വമില്ലാത്ത മനസ്സ് നാടോടിയായി.
ഒന്നും ചെയ്യുവാനില്ല എന്നൊരുതോന്നൽ.
സ്ഥായിയായ ഒന്നിനെ തേടിയലഞ്ഞ കിനാക്കാലം
കനവുകളൊക്കെ പൂട്ടി കദനഭാരത്താൽ നിറഞ്ഞ
അനുഭവ ഭാണ്ഡവും പേറി കഥപറഞ്ഞലഞ്ഞ യൗവ്വനം.
ചെത്തിയൊതുക്കി ചിന്തേരിട്ട വാക്കാൽ പലകാലം വായിച്ചു .....
ഇന്നിലുറയ്ക്കാത്ത വർത്തമാനം
ഇന്നിലിരതേടുന്ന ഭൂതം..
മുൻവിധികളും പ്രത്യാശകളും കരണ്ട ഭാവി.
ശരിതെറ്റുകൾക്കപ്പുറമുള്ള തെളിഞ്ഞാകാശം തേടിയിടയ്ക്കിടെ
ഒരു കൊള്ളിമീൻ ഉജ്ജ്വലമാം നിമിഷപ്രഭയേകാറുണ്ടെന്നുമാത്രം
ഒരു ചൂണ്ടയിലും കുടുങ്ങാത്ത മനസ്സ് ...
തനിക്കുവേണ്ടയിര താനെ കണ്ടെടുക്കുന്ന സഹജാവബോധം.
ഒന്നും മറയ്ക്കാനില്ലാത്ത
ഒന്നും ചേർത്തി വെയ്ക്കാത്ത
ഒന്നിലും പ്രതിപത്തിയില്ലാത്ത
ഒട്ടാത്ത മനസ്സ് .....
നിറഞ്ഞ ശൂന്യത നിലാവറിയുന്നു.
ജാഗ്രതയിൽ ജനിമൃതികൾക്കപ്പുറത്ത് ......
ഞാനിലെ ഞാണില്ലാതായ നിമിഷങ്ങളും ഞാനെന്നെ
ജ്ഞാനമെന്നറിഞ്ഞതുമെല്ലാംമെല്ലാം ....
രാവൊന്ന് വെളുത്തപ്പോൾ കണ്ട
പുലർകാല സ്വപ്നമായിരുന്നോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.