ബലിദാനം -കവിത
text_fieldsമകളേ! കത്തുന്നചിതയിലെയഗ്നിയുടെ
ഒരു തുണ്ട്
അണയാതെ നിൻ കരളിൽ കൊളുത്തുക.
നീതിയുടെ ശിബിരത്തിൽ
വാക്കമ്പന്റെ വിഷം പടർത്തിയ അഭിനവമന്ഥരമാർ
വാഴുന്ന കപടസ്ഥാനങ്ങളിൽ
പ്രത്യയ ശാസ്ത്രത്തിൻ്റെയനീതി
വിഷം തുപ്പുന്ന കാളിയക്കാകോള ഫണങ്ങൾ
കുടിലത ചീറ്റിയവിഷധൂമങ്ങളിൽ
ധർമ്മഭടന്റെ കാവൽപ്പുരകത്തിച്ച
ചുടുചാമ്പലിൽ നിന്നും
ഉയരട്ടെ പുതിയ രക്തപതാക .
മുഴക്കുക സത്യകാഹളം
ശിഖണ്ഡിയെ മുന്നിൽ നയിച്ച
നപുംസക ഭീഷ്മജന്മങ്ങൾക്കെതിരെ
നിരത്തുക സത്യത്തിന്റെ പടവാളേന്തിയ
അക്ഷൌഹിണികൾ
മുറതെറ്റാത്ത കർമ്മ നീതിയുടെ
രക്തസാക്ഷിത്വത്തിന്റെ അഭിമാനബോധത്തിന്റെ
മരണമില്ലാത്തശിരസ്സിൽ ചാർത്തുക
നീതിബോധത്തിൻ്റെയക്ഷയചൂഢാമണി.
മകളേ! കരയരുത്
ധീരോജ്ജ്വലം നയിക്കുക
കർമ്മധീരൻ്റെ പിന്മുറയെ.
കപടരാഷ്ട്രനീതിയുടെ
ഇരുതലവാളിൽ പിടഞ്ഞു തീർന്ന
നിരപരാധികളുടെയുറച്ചശബ്ദമായി
ആളുന്ന തീയായി പടരുക.
തുലയട്ടെ മദ കാമനയുടെ വെറിപിടിച്ച
മുദ്രാവാക്യധോരണികൾ
കാലം അമരവാഹിനിയിൽ ചേർത്തുപിടിച്ച
പിതൃസ്മരണയുടെയശാന്തിപർവ്വം പുകയുന്ന നെരിപ്പോടിനെ നെഞ്ചോടു ചേർക്കുക.
അച്ഛനമരനാണു കുഞ്ഞേ!
കൊളുത്തുക വേണമിനി നിൻ്റെ മനസ്സിലെ
നെയ് വിളക്കിൽ ജ്വാലാമുഖിയുടെ ഉയിർനാളം
ഉയിർക്കട്ടെ പുതിയ വീരചരിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.