പൂന്താനം പുരസ്കാരം സ്വീകരിക്കുന്നില്ലെന്ന് പ്രഭാവർമ; പുരസ്കാരം നൽകുന്നത് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് തീരുമാനം
text_fieldsകൊച്ചി: ഗുരുവായൂർ ദേവസ്വത്തിെൻറ പൂന്താനം ജ്ഞാനപ്പാന പുരസ്കാരം ലഭിക്കാൻ അർഹതയുണ്ടെങ്കിലും ഇതു സ്വീകരിക്കാൻ താൽപര്യമില്ലെന്ന് കവി പ്രഭാവർമ ഹൈകോടതിയിൽ. പ്രഭാവർമക്ക് പുരസ്കാരം നൽകുന്നത് ചോദ്യം ചെയ്ത് ചാവക്കാട് സ്വദേശി രാജേഷ് എ. നായരടക്കം നൽകിയ ഹരജികളിലാണ് വിശദീകരണം. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജികൾ തീർപ്പാക്കി.
2020ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാരത്തിന് പ്രഭാവർമയുടെ ശ്യാമമാധവമെന്ന കൃതിയാണ് ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി തെരഞ്ഞെടുത്തത്. ഈ കൃതിയിൽ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് കൃഷ്ണനെ വർണിച്ചിരിക്കുന്നതെന്നാണ് ഹരജിക്കാരുടെ ആരോപണം. മാത്രമല്ല, അവാർഡ് നിർണയത്തിന് വ്യക്തമായ മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് തനിക്ക് അവാർഡ് സ്വീകരിക്കാൻ താൽപര്യമില്ലെന്ന് പ്രഭാവർമ അറിയിച്ചത്.
വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതു ദൗർഭാഗ്യകരമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതു രേഖപ്പെടുത്തി ഹൈകോടതി ഹരജികൾ തീർപ്പാക്കുകയായിരുന്നു. അതേസമയം, 2023ലെ പുരസ്കാരം കവി വി. മധുസൂദനൻ നായർക്ക് നൽകാനുള്ള ദേവസ്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് എറണാകുളം ഉദയംപേരൂർ സ്വദേശി രതീഷ് മാധവൻ നൽകിയ ഹരജി ഡിവിഷൻ ബെഞ്ചിലുണ്ട്. ഈ ഹരജിയിൽ നടപടികൾ തുടരുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.