Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അരങ്ങിന്റെ ചുവരെ​ഴുത്തുകൾ
cancel
camera_alt

പ്രദീപ് കുമാർ കാവുംതറ

നാടകമെഴുത്തിന്റെ വഴികളിൽ 35 വർഷം പിന്നിടുകയാണ് പ്രദീപ് കുമാർ. അമ്പതോളം പ്രഫഷനൽ നാടകങ്ങൾ, നൂറോളം അമച്വർ, ആകാശവാണി നാടകങ്ങൾ. ഇത്രയാണ് കാവുംതറയുടെ ​ക്രെഡിറ്റ് പുസ്തകത്തിലുള്ളത്. വാകയാട് ഹൈസ്കൂളിൽ എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോൾ നടുവണ്ണൂർ യു.പി സ്കൂളിലെ കുട്ടികളെ സ്കൂൾ കലോത്സവങ്ങൾക്ക് നാടകം പഠിപ്പിച്ചുകൊണ്ടാണ് പ്രദീപ് കുമാറിലെ നാടകക്കമ്പത്തിന് തിരശ്ശീല ഉയർന്നത്. അഞ്ചുവയസ്സുള്ളപ്പോൾ മുതൽ നൃത്തനാടകത്തിന്റെ ശബ്ദതാള വിന്യാസങ്ങൾ കേട്ടു വളർന്ന ഒരു ബാല്യകാലം പ്രദീപ് കുമാറിനുണ്ടായിരുന്നു. അച്ഛൻ ബാലൻ കിടാവിന്റെ കുടുംബത്തിൽ കുട്ടമത്തിന്റെ ‘ബാലഗോപാലൻ’ എന്ന നൃത്ത നാടകത്തിൽ അച്ഛൻ അഭിനയിക്കുന്നുണ്ടായിരുന്നു. ബാലനായ പ്രദീപ് കുമാറിന്റെ മനസ്സിൽ ഇതൊക്കെ സ്വപ്നസമാനമായ ദൃശ്യങ്ങളായിരുന്നു.

വായനയും കവിതയും

വായനയും കവിത എഴുത്തുമായി കഴിഞ്ഞ കൗമാര കാലം. കെ.ടി. മുഹമ്മദ്, തോപ്പിൽ ഭാസി, എൻ.എൻ. പിള്ള തുടങ്ങിയവരുടെ നാടകങ്ങൾ കാണാൻ ആവേശത്തോടെ യാത്രചെയ്തു. പ്രദീപ് കുമാറിന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന നാടകകൃത്തിനെ ഉണർത്താൻ ഇവരുടെ നാടകങ്ങൾ കരുത്തു നൽകി. പിന്നീട്, കെ.പി.എ.സി, കോഴിക്കോട് സംഗമം, സ്റ്റേജ് ഇന്ത്യ, കലിംഗ, കാളിദാസ കലാകേന്ദ്രം എന്നീ സമിതികൾ അവതരിപ്പിച്ച നാടകങ്ങൾ കാണാൻ കി.മീറ്റർ താണ്ടി സഞ്ചരിച്ചു. നാട്ടിൻപുറത്തെ ക്ലബുകളുടെ വാർഷികാഘോഷങ്ങളിൽ പി.എം. താജിന്റെ ‘രാവുണ്ണി’ നാടകം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. സി.എൽ. ജോസ്, മരട് രഘുനാഥ്, ശ്രീമൂല നഗരം മോഹൻ എന്നിവരുടെ നാടകങ്ങൾ അമച്വർ നാടകങ്ങളായി അവതരിപ്പിക്കാൻ കാത്തുനിന്ന ഒരു കാലവും പ്രദീപിനുണ്ടായിരുന്നു. എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രദീപ് കുമാർ എഴുതിയ ‘അധ്യാപകർ ജാഗ്രത’ എന്ന നാടകം ഒന്നാം സ്ഥാനം നേടി. പിൽക്കാലത്ത് 2019ൽ ഇതേ നാടകം അക്ഷരങ്ങൾ എന്ന പേരിൽ പ്രഫഷനൽ നാടകമായി മാറ്റി എഴുതി സംഗീത നാടക അക്കാദമി മത്സരത്തിലും രചനക്കുള്ള അവാർഡ് നേടിയിരുന്നു.

കാവിലും കാവുംതറയും

കോഴിക്കോട് പേരാമ്പ്രക്കടുത്തുള്ള രണ്ടു ഗ്രാമങ്ങൾ. കാവിൽ, കാവുംതറ. ഖാൻ കാവിൽ എന്ന നാടക പ്രതിഭ കാവുംതറക്കാരൻ പ്രദീപിനെ പ്രഫഷനൽ നാടകമെഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നു. അങ്ങനെയാണ് ബോർഡ് വെച്ച് പായുന്ന നാടകവണ്ടികൾ കൊതിയോടെ നോക്കിനിന്ന് സ്വപ്നം കണ്ട പ്രദീപ് കുമാർ നാടക രചയിതാവാകുന്നത്. ഇരുപതാമത്തെ വയസ്സിൽ ആദ്യമായി പ്രഫഷനൽ നാടകമെഴുതി -‘കർക്കിടകം ഒന്ന് കഴിഞ്ഞോട്ടെ’. തുടർന്ന് രണ്ടാമത്തെ നാടകവും അധികം വൈകാതെ പ്രദീപ് കുമാറിന്റെ തൂലികയിൽനിന്നും പിറവിയെടുത്തു -‘സർപ്പസത്രം’. പിന്നെ തറവാട്ടച്ഛൻ, ഉദ്ദം സിങ്, ജാലിയൻ വാലാ ബാഗ് തുടങ്ങിയ നാടകങ്ങൾ. ഇതുകൂടാതെ ആകാശവാണി സംഘടിപ്പിച്ച അഖില കേരള നാടകോത്സവത്തിൽ പ്രദീപ് കുമാർ രചിച്ച ‘ക്ഷമാശീലന്റെ പേക്കിനാവുകളിൽ ചിലത്’, ‘എന്റെ പ്രതിശ്രുത വധുവിന്’, ‘ബാല്യം ഒരു വിലാപം’ തുടങ്ങിയ നാടകങ്ങൾ ഇടംപിടിച്ചു.

പുരസ്കാരപ്പെരുമ

1999ൽ ആഗോളവത്കരണ/ഉദാരവത്കരണ നയങ്ങൾ ചർച്ചചെയ്യുന്ന ‘പാച്ചു പരേതനായി’ എന്ന പ്രദീപ് കുമാർ രചിച്ച നാടകം ഏറെ ചർച്ച ചെയ്തിരുന്നു. പ്രദീപ് കുമാർ കാവുംതറക്ക് ആദ്യമായി സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ച നാടകം ‘ഉത്തരവാദിത്തപ്പെട്ട ഉത്തമൻ’ ആയിരുന്നു. ജോസ് ചിറമേൽ ആയിരുന്നു സംവിധായകൻ. തുടർന്ന് ‘കരിങ്കുരങ്ങ്’, ‘കരളേ മാപ്പ്’ ഈ മൂന്ന് നാടകങ്ങളും തുടർച്ചയായി മികച്ച രചനക്കുള്ള ഹാട്രിക് പദത്തിൽ മുത്തമിട്ടു. ഖാൻ കാവിൽ നിലയത്തിനുവേണ്ടി എഴുതിയ കരിങ്കുരങ്ങ് സംഗീത നാടക അക്കാദമി അവാർഡ് നേടിയിരുന്നു. അതുവരെയുള്ള പ്രഫഷനൽ നാടക രചനാ ശൈലിയിൽനിന്നും വ്യത്യസ്തമായിരുന്നു കരിങ്കുരങ്ങ്. കണ്ണേ മടങ്ങുക, കരളേ മാപ്പ് , കടവാതിൽ, അച്ഛൻ മികച്ച നടൻ, അവൻ അടുക്കളയിലേക്ക് കണക്ക് മാഷ്, കുഴിയാനകൾ, മാക്ബെത്ത്, പുരനിറഞ്ഞ പയ്യൻ, രാമേട്ടൻ, പത്ത് പൈസ, അക്ഷരങ്ങൾ, എം.ടിയും ഞാനും തുടങ്ങിയവയാണ് മറ്റു പ്രശസ്ത നാടകങ്ങൾ. ‘പണ്ട് രണ്ട് കൂട്ടുകാരികൾ’ എന്ന നാടകമാണ് ഈ വർഷത്തെ മികച്ച രചനക്ക് പ്രദീപ് കുമാറിനെ തിരഞ്ഞെടുത്തത്. മതവും ജാതിയും പറഞ്ഞ് നഷ്ടപ്പെട്ട മാനുഷികമൂല്യങ്ങളെ വീണ്ടെടുക്കുകയാണ് ‘പണ്ട് രണ്ട് കൂട്ടുകാരികൾ’ എന്ന് പ്രദീപ് കുമാർ പറയുന്നു.

ഒരുവർഷം ഒന്നോ രണ്ടോ നാടകങ്ങൾ മാത്രം രചിക്കുന്ന എഴുത്തു രീതിയാണ് പ്രദീപ് കുമാറിന്റേത്. ‘‘എന്നെ നാടകലോകത്തേക്ക് കൊണ്ടുവന്നത് ഖാൻ കാവിലായിരുന്നു. എന്നെ മാത്രമല്ല, എന്റെ നാട്ടിലെ നിരവധി പേരെ അദ്ദേഹത്തിന്റെ പേരിലുള്ള സമിതിക്ക് നാടകം എഴുതി ആദ്യ അവാർഡ് വാങ്ങിക്കാൻ കഴിഞ്ഞത് മറ്റൊരു ഭാഗ്യം. ജോസ് ചിറമ്മേൽ എന്ന വലിയ നാടക സംവിധായകനാണ് നാടകത്തിന്റെ രചനകളിൽ പാലിക്കേണ്ട കർത്തവ്യങ്ങളെ കുറിച്ച് പറഞ്ഞുതന്നത്. കോഴിക്കോട് വിക്രമൻ നായരാണ് സ്ക്രിപ്റ്റ് എങ്ങനെ എഡിറ്റ് ചെയ്യണമെന്ന് പഠിപ്പിച്ചത്’’ -പ്രദീപ് പറയുന്നു.

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം, അയാൾ ഞാനല്ല, പടച്ചോനെ കാത്തോളിൻ, പുതുമുഖങ്ങൾ എന്നീ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് പ്രദീപ് കുമാറാണ്. ‘നീലക്കുയിൽ’ എന്ന സീരിയലിന് അവാർഡും ലഭിച്ചിരുന്നു. ബാലൻ കിടാവ്, മാളു അമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജ്യോതി. മക്കൾ: വേദജ്, ദേവദർശ്.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pradeep Kumar Kavunthura
News Summary - Pradeep Kumar Kavunthura special story
Next Story