പുറവാസം
text_fieldsഅയാൾ ഭാണ്ഡത്തിൽനിന്ന് ജാഗ്രതയോടെ എന്തോ പുറത്തെടുത്തു. ഒരു കനപ്പെട്ട ഡയറിയായിരുന്നു അത്.
ജീവിതത്തിലെ മഷിപുരണ്ട ഓർമകൾ മൗനമായി ഉറങ്ങിക്കിടക്കുകയാണ്. സ്നേഹം വിളയുന്ന വയൽവരമ്പുകൾ... നിയമം നാടുകടത്തിയ നാട്ടുചര്യകൾ....
അക്ഷരങ്ങളിൽ പറ്റിപ്പിടിച്ച മഷിക്കട്ടകൾക്ക് രക്തത്തിന്റെ ഗന്ധമുണ്ട്. വൃദ്ധൻ ഒട്ടകങ്ങളെ നോക്കി. ചുമലിലെ ഭാരമിറക്കി വെച്ച് എത്ര നേരം വിശ്രമിച്ചുവെന്ന് നിശ്ചയമില്ല. നിറമില്ലാത്ത സ്വപ്നങ്ങൾ മനസ്സിൽ ഒരു ചാരക്കൂനയായി കിടക്കുന്നുണ്ട്. ജന്മഭൂമിയിലെ കൊയ്ത്തുകാലവും കിളച്ചിട്ട മണ്ണിന്റെ മണവും ഏതോ ദിശയിൽനിന്നെത്തിയ കാറ്റിൽ അനുഭവപ്പെട്ടു. ക്ഷാമവും ക്ഷേമവും സഹചാരിയായിരുന്ന കാലം...
പെട്ടെന്നായിരുന്നു പരിഷ്കാരത്തിന്റെ യന്ത്രക്കൈകൾ കർഷകന്റെ പ്രതീക്ഷകൾ കാർന്നുതിന്നത്. ക്രമേണ നിയമങ്ങളുടെ വെട്ടുകിളികൾ സ്വപ്നങ്ങളുടെ ഇളം കതിരുകൾ ഒന്നടങ്കം നശിപ്പിച്ചുകൊണ്ടിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഇന്ന് ഒരു കുടിയേറ്റക്കാരനെപ്പോലെ ഈ മരുക്കാട്ടിൽ...
വിശപ്പിന്റെ കാഠിന്യം ചിന്തയിൽ നിന്നും അയാളെ തൊട്ടുണർത്തി. അയാൾ എഴുന്നേറ്റു. നടത്തം തുടർന്നു. ഉച്ചച്ചൂട് അസഹനീയമാകുന്നുണ്ട്. വെയിലിന്റെ രൂക്ഷമായ നോട്ടം അയാളെ വല്ലാതെ തളർത്തിക്കൊണ്ടിരുന്നു. വൃദ്ധൻ ഒട്ടകങ്ങൾക്കൊപ്പം ഇടറുന്ന കാലുകൾ മരുഭൂമിയിലൂടെ ചവിട്ടി നടന്നു. ആ കാലടയാളങ്ങൾ ദീനമായ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.