ആർ. രാമചന്ദ്രൻ മാഷും പി.എ. നാസിമുദ്ദീനും!
text_fieldsഒന്ന്
പി.എ. നാസിമുദ്ദീൻ എന്ന ഏതർഥത്തിലും മലയാളത്തിലെ വേറിട്ട കവിയെ ഒരു ചുഴലിപ്രതിഭ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. എല്ലാറ്റിനേയും കടപുഴക്കിയെറിയുന്ന ചുറ്റിഅടിക്കുന്ന എന്നർഥമുള്ള ചുഴലിക്കാറ്റും, അതുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലെന്ന് തോന്നുമെങ്കിലും ബന്ധമുള്ള ചുഴലിദീനവും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന സർഗാത്മകസ്ഫോടനം എന്നർഥത്തിലാണ്, ചുഴലിപ്രതിഭയെന്ന് അടയാളപ്പെടുത്തുന്നത്. കള്ളികളിലൊന്നും കൊള്ളാത്ത കുതറൽ പ്രകൃതം ചുഴലിക്കാറ്റിലെന്നപോലെ ചുഴലിദീനത്തിലും പ്രകടമാണ്. നാഗരികത കണ്ടെടുത്ത ഇരുമ്പിന് ചുഴലിദീനത്തെ ശമിപ്പിക്കാനാവുമെന്നൊരു വിശ്വാസമുണ്ട്! എന്നാൽ, ഒരു ഇരുമ്പുചങ്ങലകൊണ്ടും കൂടോത്രംകൊണ്ടും ചുഴലിക്കാറ്റിനെ ആർക്കും പിടിച്ചുകെട്ടാൻ കഴിയില്ല. വട്ടംചുറ്റിക്കുന്ന ഒരു വട്ടുണ്ട് ചുഴലിക്ക്. അതുപോലുള്ളൊരു വട്ടത്തരം പി.എ. നാസിമുദ്ദീന്റെ കവിതകളിലും കണ്ടെത്താൻ കഴിയും. ഒരിക്കൽ ഒന്നിച്ച് ഒരു സാംസ്കാരിക പരിപാടിയിൽ പോവുന്നതിനിടക്ക് ‘കല്ല്’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതയെക്കുറിച്ച് സംസാരിക്കാമെന്നുകരുതി ആ കവിതയെക്കുറിച്ച് ചോദിച്ച് തുടങ്ങിയപ്പോഴേക്കും അദ്ദേഹം പറഞ്ഞത്, അത് എനിക്ക് വട്ടുള്ള, അതായത് ഭ്രാന്ത് ബാധിച്ച കാലത്തെഴുതിയൊരു കവിതയാണെന്നാണ്. ചതുരത്തിലുള്ളതിനെ വൃത്തത്തിൽ കാണുന്നതുകൊണ്ട് കൂടിയാവണം മലയാളഭാഷ ഭ്രാന്തിന് വട്ട് എന്ന ചന്തമുള്ളൊരു പേരുകൂടി കണ്ടെത്തിയത്. അതെന്തായാലും കല്ല് എന്ന കവിതയിലെ വട്ടത്തരം അപ്പോഴെന്നപോലെ ഇപ്പോഴും വായനയിലൊരു വട്ടംകറക്കലായി ഒപ്പമുണ്ട്. പട്ടണത്തിൽനിന്ന് പോരുമ്പോൾ/ഒരു മാസികതേടി പീടികയെല്ലാം കേറി/ഒന്നും കിട്ടാതെ ഒരു കല്ലെടുത്ത് കീശയിലിട്ടു/ വീട്ടിലെത്തിയയുടനെ/അത് നിവർത്തിവായിക്കാനാരംഭിച്ചു.
തേടിയത് എല്ലാം കിട്ടുന്ന പട്ടണത്തിൽ ഒരു മാസിക, പക്ഷേ അത് മാത്രം കിട്ടാനില്ല! എന്നാൽ, കിട്ടിയതാവട്ടെ വഴിയിൽനിന്നും ഒരു കല്ല്! പിന്നെ പുസ്തകങ്ങൾക്കപ്പുറമുള്ള കല്ലിനുള്ളിലെ കരള് കണ്ടെടുക്കുംവിധമുള്ള ഒരു ഗമണ്ടൻ വായനയാണ് ആ കവിതയിൽ സാന്ദ്രപ്പെടുന്നത്! എവിടെയൊക്കെയോ സഞ്ചരിച്ചെത്തിയ ആ കല്ലിനുള്ള സ്വാഗതം കഴിഞ്ഞശേഷം, ഒരു നന്ദിപ്രകടനത്തിനും മിനക്കെടാതെ കല്ല് ജനവാതിലിലൂടെ പുറത്തേക്കെറിയുന്നതോടെയാണ് കല്ല് കവിത അവസാനിക്കുന്നത്. അനുഭവത്തെ സർഗതാപംകൊണ്ട് ആവിയാക്കുന്ന, തന്നെയുൾപ്പെടെ എല്ലാറ്റിനേയും ഒന്നുമില്ലായ്മയിലേക്ക് ചുഴറ്റിയെറിയുന്ന കല്ല് എന്ന കവിതയുടെ തുടർച്ചയായാണ്, അതുമായി ഒരുവിധ ബന്ധവുമില്ലാത്ത ആർ. രാമചന്ദ്രൻ എന്ന അനാർഭാടമായ പി.എ. നാസിമുദ്ദീന്റെ പുതിയ കവിത നമ്മുടെ മുന്നിൽ വന്നുനിൽക്കുന്നത്. മണ്ണറിയാതെ നമുക്കിടയിൽനിന്നും നടന്നുപോയ ഇപ്പോഴും നമുക്കിടയിൽ ഒരു ദുഃഖശാന്തനിർവൃതിയായി നിൽക്കുന്ന, ഒരടിക്കുറിപ്പും ആമുഖവും ആവശ്യമില്ലാത്ത ആർ. രാമചന്ദ്രൻമാഷെന്ന മഹാകവിയെ, നമ്മുടെ കാലത്തെ ഒരു വട്ട കവിമല്ലൻ കണ്ടെടുക്കുമ്പോൾ അത് ഉണ്ടാക്കുന്നത് വല്ലാത്തൊരു കോരിത്തരിപ്പാണ്. ബഹളമില്ലാതെ വാതുവെപ്പില്ലാതെ വിവാദങ്ങളില്ലാതെ പ്രദർശനപരതയില്ലാതെ, തന്നിൽ നിറഞ്ഞുതുളുമ്പി, അപരവിദ്വേഷകറ പുരളാത്ത സ്വയംവരിച്ച പരമ്പരാഗത ജീവിതമാർഗങ്ങളിൽ ദുഃഖസംതൃപ്തനായി കടന്നുപോയൊരു മഹാപ്രതിഭക്ക്, അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികവേളയിൽ നിർമിതമായ സ്മാരകമാണ് സത്യത്തിൽ ആർ. രാമചന്ദ്രൻ എന്ന നാസിമുദ്ദീന്റെ കവിതമാത്രമല്ലാത്ത കവിത!
ഔപചാരിക സൗഹൃദത്തിലെ യാന്ത്രികതയെയും ഉപരിപ്ലവതയെയും, സ്വന്തം പ്രകൃതത്തിലെ ഒതുങ്ങലവസ്ഥ മറന്ന് പരിഹസിച്ച് എഴുതിയ രാമചന്ദ്രൻ മാഷിന്റെ സൗഹൃദം എന്ന കവിത, സ്വപ്നം കണ്ട ശരിക്കുള്ള സൗഹൃദമാണ് ആർ. രാമചന്ദ്രൻ എന്ന നാസിമുദ്ദീൻ കവിതയിൽ അനുഭൂതിയായി നിറയുന്നത്. മാഷിന്റെ സൗഹൃദം എന്ന കവിതയിലെ അസന്നിഹിത സ്വപ്നമാണ് മറ്റൊരു വിധത്തിൽ നാസിമുദ്ദീന്റെ മാഷെക്കുറിച്ചുള്ള കവിതയിൽ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. എന്തൊക്കെയുണ്ട് എന്ന ചോദ്യത്തിന് ഒന്നുമില്ല എന്ന കവിതയിലൂടെ എല്ലാമുണ്ടെന്ന് അനുഭവിപ്പിച്ചൊരു കവിയെയാണ് മുമ്പേ പറഞ്ഞ സൗഹൃദത്തിനൊപ്പം ആർ. രാമചന്ദ്രൻ എന്ന കവിതയിൽ പി.എ. നാസിമുദ്ദീൻ ചേർത്തുവെച്ചിരിക്കുന്നത്. എന്റെ കവിതയിൽ സാമൂഹികബോധം തീരെയില്ല. എനിക്ക് എഴുതാൻ കഴിയില്ല എന്ന് മാഷ് സാക്ഷ്യപ്പെടുത്തുമ്പോഴും, അദ്ദേഹം ആവിഷ്കരിക്കുന്ന മൗനവും ഏകാന്തതയും നിത്യദുഃഖവുമെല്ലാം അഗാധമാംവിധം സാമൂഹികമാണ് എന്നതാണ് സത്യം. മാഷ് കവിതയെഴുതുമ്പോഴോ പിന്നീടോ ലോകത്ത്, ഏകാന്തതക്കൊരു വകുപ്പുമന്ത്രിയും ഉണ്ടായിരുന്നില്ല. വലിയ പ്രയോജനമൊന്നുമില്ലെങ്കിലും ഇപ്പോൾ അതും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. വൈലോപ്പിള്ളിയെ ഇഷ്ടമാണെന്നും എന്നാൽ, അദ്ദേഹം തന്നെ സ്വാധീനിച്ചിട്ടില്ലെന്നും മാഷ് ഒരഭിമുഖത്തിൽ പറഞ്ഞത് സത്യസന്ധമാവാമെങ്കിലും ആ സത്യസന്ധതയെ അബോധതലത്തിൽവെച്ച് പിളർക്കുന്ന ഒരു വൈലോപ്പിള്ളിസ്പർശം മാഷിന്റെ കവിതയിലുമുണ്ട്. വൈലോപ്പിള്ളി നാടുവാഴിത്തത്തിൽനിന്ന് മുതലാളിത്ത കാലത്തിലേക്കുള്ള പരിവർത്തനത്തിന്റെ പിടച്ചിലും പുളകവുമാണ് പൂർണമായും പങ്കുവെക്കുന്നത്. മലയാളകവിതയിലെ സംക്രമപുരുഷൻ എന്ന ഡോ. ലീലാവതി ടീച്ചറുടെ വിശേഷണം ആ അർഥത്തിൽ പൂർണമായും പ്രസക്തമാണ്.
രണ്ട്
ഒന്നാകെതിരക്കാണു ലോകത്തിൽ/ ഈ ലോകത്തെ നന്നാക്കാനിബിപ്പീല ഞാൻ/ സ്വയം നന്നാകാനും/ ഞാനൊരു കുട്ടിത്തേവാങ്ക്/ എന്റെ മേൽപ്പതിക്കൊല്ലേ/ ഭാനുമൽക്കരങ്ങളും/ നിങ്ങടെ നോട്ടങ്ങളും. നിർദയമാകും പാരിൽ/ നിദ്രചെയ്വതേ സുഖം/ ഇത്തിരി ഭക്ഷിക്കണം വല്ലതും/ അതേ സൊല്ല എന്ന വൈലോപ്പിള്ളിയൻ സംക്രമകാല സംഘർഷ സങ്കടം തന്നെയാണ്, സ്വയം സ്വാംശീകരിച്ച ആധ്യാത്മിക പൊരുളിനൊപ്പം രാമചന്ദ്രൻ മാഷിലും പ്രകടമായത്. ഒരർഥത്തിലും പരസ്പരം താരതമ്യപ്പെടുത്തുക സാധ്യമല്ലാത്ത രണ്ട് മഹാകവികളാണിവർ എന്നറിഞ്ഞുതന്നെയാണ്, സംക്രമണകാല സങ്കടസംഘർഷത്തിൽ ഇവരിരുവർക്കുമുള്ള യോജിപ്പ് കണ്ടെടുക്കുന്നത്! സ്വയം തീർത്ത/ഊടുവഴികളിൽകൂടി/ ഞാൻ കടന്നുപോവുന്നു/ അതാണെന്റെ വിജയം/പെരുവഴിയിൽകൂടി/ നടന്നുപോവുന്നവരെക്കുറിച്ചാണ്/ എന്റെ ചിന്തയെല്ലാം/ അതാണെന്റെ പരാജയം എന്ന ആർ. രാമചന്ദ്രൻ മാഷിന്റെ കാഴ്ചപ്പാടും, ഈ ലഹളയിൽ സ്വൈര–/ജീവിതഗീതത്തിന്റെ താളവും ലയവും പോയ്/നമ്മളമ്പരന്നാലും/ തിരുത്തപ്പെടാം തീക്ഷ്ണ–/ വാദങ്ങളി,വരോടു/ പൊരുത്തപ്പെടാം നമു–/ക്കെന്നു ഞാനാശിക്കുന്നു, എന്ന വൈലോപ്പിള്ളിയൻ സമീപനവും തമ്മിലുള്ള അകലം നമ്മളറിയുന്നതിലും അധികമാണ്. അപ്പോഴും പക്ഷേ രണ്ടുപേരും വ്യത്യസ്തതലങ്ങളിൽ നിന്നുകൊണ്ടാണെങ്കിലും പങ്കുവെക്കുന്നത്, കായിൻ പേരിൽ പൂമെതിക്കുന്ന ഒന്നും പുണ്യമായി എണ്ണീടാത്ത പ്രയോജനവാദത്തിൽ അധിഷ്ഠിതമായ ജീവിത വീക്ഷണത്തിന്നെതിരായ സമീപനമാണ്. വൈലോപ്പിള്ളിയിൽ എതിരിടൽ പ്രകടമാവുമ്പോൾ രാമചന്ദ്രൻ മാഷിലത് ഗുപ്തമാണ്. കുത്തിയൊഴുക്കിനേക്കാളത് തീവ്ര ഉൾവലിയലിലാണ് അകപ്പെട്ടിരിക്കുന്നത്.
ആർ. രാമചന്ദ്രൻമാഷെന്ന കവിയുടെ സർവ വായനക്കാരും വിമർശകരും പൊതുവിൽ ശരിവെച്ച ആ കവിതകളിലെ മൗനാഭിമുഖ്യവും, ഏകാന്തസ്നേഹവും, ആകാശവാസമോഹവും, നിത്യദു:ഖവും ഭൂബന്ധങ്ങൾക്കും സാമൂഹികബന്ധങ്ങൾക്കും അകത്താണ് ഇരമ്പിമറിയാതെ ഒരു സാന്ദ്രമന്ത്രമായി ജീവിതഗന്ധിയാവുന്നത്. മാഷുടെ കവിതയിൽ എല്ലാംകൂടിയിട്ട് എന്തു ദർശനം കടഞ്ഞെടുക്കാൻ കഴിയും? എന്ന മേലത്ത് ചന്ദ്രശേഖരന്റെ ചോദ്യത്തിന് കവി നൽകിയ ഉത്തരത്തിലെ ഒതുങ്ങാത്ത ഉത്കണ്ഠയിൽ ഒരു നീറ്റലായി പടരുന്നതും ഈ ഭൂബന്ധവും വേഷം മാറിവരുന്ന സാമൂഹികസംഘർഷങ്ങളുമാണ്. മേലത്ത് മാഷിന്റെ ചോദ്യത്തിനുത്തരമായി കവിയുടെ പ്രതികരണം ഇങ്ങനെ: എനിക്ക് പറയാൻ അറിയില്ല, ദു:ഖമൂർത്തി എന്ന കവിതയിൽ ഭൂമിയെക്കുറിച്ച്, ഭർതൃനിരാകൃതയാകിന സതിപോൽ എന്നൊരു വരിയുണ്ട്. ഇപ്പോൾ എനിക്ക് തോന്നുകയാണ്, ആ പോൽ വേണ്ടിയിരുന്നില്ലാ എന്ന്, അതുതന്നെയാണ് ഭൂമി. ജീവിതത്തിന്റെ ആ അനാഥത്വം എന്റെ കവിതയിൽ നിറയെ ഉണ്ട് എന്നുമാത്രം പറയാം. കക്കാട് സഫലമീയാത്ര എഴുതിയപ്പോൾ, ഞാനെഴുതിയത്, എന്തിനീ യാത്ര എന്ന കവിതയാണ്. കക്കാടിന് ജീവിതം സഫലമാണ്. എനിക്ക് ജീവിതത്തിന്റെ അർഥം മനസ്സിലാവണില്ല. ആ കവിത നിറയെ ചോദ്യങ്ങളാണ്(ആർ. രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ: എം. ശ്രീഹർഷൻ). മനസ്സിലാകൽപോലെ മനസ്സിലാകായ്കലും ചിലപ്പോൾ സാമൂഹികവിമർശനത്തിന്റെ വീര്യമാർന്ന ചോദ്യമാവും. എനിക്കിതൊന്നും അങ്ങട്ട് മനസ്സിലാവണ്ല്യ എന്ന് നിസ്സഹായമാവുന്ന നേരങ്ങളിൽ മനുഷ്യർ പ്രതികരിക്കുന്നത്, അവർക്കൊന്നും മനസ്സിലാവാത്തതുകൊണ്ടല്ല, മറ്റുള്ളവർക്ക്, സ്വന്തം പ്രിയപ്പെട്ടവർക്കടക്കം ഇനിയും കാര്യങ്ങൾ വേണ്ടുംവിധം മനസ്സിലാവുന്നില്ലല്ലോ എന്ന അവരനുഭവിക്കുന്ന വിനിമയവിധേയമല്ലാത്ത കഠിന വ്യസനത്തിൽ വെച്ചാണ്. ആത്മീയ േസ്രാതസ്സിൽ വെച്ചാണ് രാമചന്ദ്രൻ മാഷ് ശക്തി, അതായത് ദുഃഖ അശാന്തികളെ പ്രിയദുഃഖഅശാന്തികളാക്കി മാറ്റാനുള്ള കഴിവ് ആർജിച്ചതെന്നുള്ളത് സത്യമാവാം. പക്ഷേ, എന്തിനെന്നറിയാത്ത ആ പ്രിയ ദുഃഖഅശാന്തികളുടെയും വേരുകൾ തിരിച്ചറിയപ്പെടാത്തവിധം ഭൗതികപശ്ചാത്തലത്തിൽ കൂടിയാവാം പടർന്നുകിടക്കുന്നത്.
മൂന്ന്
സാഹിത്യംകൂടി ഉൾപ്പെടുന്ന കല തന്നെയും പ്രശസ്ത ചിത്രകാര പ്രതിഭ മോൺഡ്രിയാൻ വിശദമാക്കിയപോലെ, വിശാലമായ അർഥത്തിൽ അസന്തുലിതമായ ജീവിതത്തിന് സ്വന്തം സന്തുലിതാവസ്ഥ കാത്തുരക്ഷിക്കാനുള്ള ഒരസാധാരണ പകരമാണ്. മുങ്ങുന്ന ജീവിതകപ്പലിനെ ചിലപ്പോഴെങ്കിലും കൊടുങ്കാറ്റിൽ ഉറപ്പിച്ചുനിർത്താനാവുന്നൊരു നങ്കൂരംപോലെയാണ് അസ്വസ്ഥജീവിതങ്ങൾക്ക് കല ഒരാശ്വാസമാവുന്നത്! ജീവിതം ഏതെങ്കിലും വിദൂരഭാവിയിൽ സന്തുലിതാവസ്ഥ കൈവരിച്ചാൽ, മോൺഡ്രിയാന്റെ കാഴ്ചപ്പാടിൽ അതോടെ കലയും ഇല്ലാതാവും. Art will disappear as life gains more equilibrium. വിശാലമായ അർഥത്തിൽ കല ജീവിതസന്തുലിതാവസ്ഥ നിലനിർത്താനുള്ള ഒന്നാകയാൽ അതെത്രമേൽ ജീവിതത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഇതേ അനിവാര്യതതന്നെയാണ് സർഗപ്രതിഭകളിൽ ഏറിയും കുറഞ്ഞും ആത്മകേന്ദ്രിത സമീപനമായി, ആത്മീയതയായി മാറുന്നത്. ചിലകാലങ്ങളിൽ ചിലരിൽ ഇത് കൂടുന്നതും, മറ്റ് ചിലരിൽ ഇതത്ര കൂടാത്തതും പലരും കരുതുന്നതുപോലെ അകാരണമല്ല. ചറപറാ എഴുതുന്നവരും, കുറച്ച് എഴുതുന്നവരും, എഴുതാനെത്രയോ ആവുമായിരുന്നിട്ടും ഒന്നുമേ എഴുതാത്തവരും പ്രതിഭാശാലികൾക്കിടയിൽ ഉണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ, അതിനെ കേവലമായി ആഘോഷിക്കുകയോ ആദർശവത്കരിക്കുകയോ ചെയ്യുന്നതിനുപകരം, മഹാകാല, വ്യക്തികാല സന്ദർഭങ്ങൾക്കിടയിൽവെച്ച് അപഗ്രഥിക്കുകയാണ് വേണ്ടത്. ആർ. രാമചന്ദ്രൻമാഷ് ഏറെ എഴുതാൻമാത്രം കഴിവുണ്ടായിട്ടും കുറച്ച് മാത്രം എഴുതുകയും ഒരു ഘട്ടത്തിൽ എഴുത്തുതന്നെ ഉപേക്ഷിക്കുകയും ചെയ്ത മലയാളത്തിലെ മഹാപ്രതിഭയാണ്. അതും അകാരണമാവാനിടയില്ല. പെട്ടെന്നൊരു കാരണം കണ്ടെത്താനാവാത്തതുകൊണ്ട് സാംസ്കാരിക വിമർശകർക്ക് അന്വേഷണം റദ്ദ് ചെയ്യാനാവില്ല. അതേസമയം വ്യത്യസ്തമായ വായനകൾക്ക്, ഹൃദ്യമായ ആസ്വാദനാനുഭവങ്ങൾക്ക് ഇതൊന്നും മുമ്പും ഇന്നും തടസ്സമല്ല. ഫാറൂഖ് കോളജിലെ ഞങ്ങളുടെ പ്രിയ മലയാളം വിദ്യാർഥിയായിരുന്ന സന്ധ്യ പി.ഡിക്ക് രാമചന്ദ്രൻ മാഷെക്കുറിച്ചുള്ള ഗവേഷണത്തിന് അദ്ദേഹത്തിന്റെ ശതാബ്ദി അനുസ്മരണ സന്ദർഭത്തിൽ പിഎച്ച്.ഡി ലഭിച്ചത് ആഹ്ലാദത്തോടെ ഓർക്കുന്നു.
നാല്
മാപ്പു നൽകുക, നീ പൊറുക്കു-കെൻ മർത്യതാ ദർപ്പം എന്നുള്ളിൽ ദൃഢമായി ഉൾക്കൊണ്ട്, അതിനേക്കാളുമാഴത്തിൽ അതിനെ സ്വന്തം ജീവിതപ്രമാണമാക്കി, അതിനുമപ്പുറം പറഞ്ഞതിലും എഴുതിയതിലും ജീവിച്ചതിലുമെല്ലാം അതിന്റെ പൊരുൾ അലിയിച്ച്, നമുക്കിടയിൽനിന്ന് (1923 മേയ്28 – 2005 ആഗസ്റ്റ് 3) കടന്നുപോയിട്ടും, കടന്നുപോവാതെ നിൽക്കുന്ന ആ കവിക്കുള്ള സ്മാരകം എന്ന അർഥത്തിലാണ്, പി.എ. നാസിമുദ്ദീന്റെ ആർ. രാമചന്ദ്രൻ എന്ന കവിത പതിവ് അനുസ്മരണത്തിന്റെ ചട്ടവട്ടങ്ങൾ പൊളിച്ച് നമ്മുടെ തീപിടിച്ച തിരക്കുകളെയും പ്രദർശനപരതകളെയും പരവശമാക്കി വേറിട്ടൊരു പ്രതിരോധകാവ്യമായി മാറുന്നത്. ഒരു സാംസ്കാരിക വിമർശകൻ എന്ന നിലയിൽ ആദ്യമായാണ് ഈ വിധമുള്ള ഒരു കവിത വായിച്ചുകൊണ്ട്, മലയാള സാഹിത്യ വിമർശനം: അധികാരവും പ്രതിരോധവും എന്ന വിഷയത്തിൽ 2024 ജൂലൈ മൂന്നിന് മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിന്റെ ദേശീയ സെമിനാറിൽ ഞാൻ പങ്കെടുത്തത്. പ്രത്യക്ഷത്തിൽ പി.എ. നാസിമുദ്ദീന്റെ കവിതയിൽ എങ്ങനെ മുങ്ങിത്തപ്പിയാലും പ്രതിരോധത്തിന്റെ പൊട്ടുന്ന ഒരു പടക്കംപോലും കണ്ടെത്താൻ കഴിയില്ല. എന്നാലൊന്ന് അതിലേക്ക് ഇറങ്ങിനിന്നാൽ എല്ലാ മർത്യദർപ്പങ്ങളെയും ഒഴുക്കിക്കൊണ്ടുപോവുന്ന കടപുഴക്കുന്ന ചുഴലി കാണാനാവും.
ആർ. രാമചന്ദ്രൻ എന്ന പേരിലുള്ള പി.എ. നാസിമുദ്ദീന്റെ കവിത സാധാരണ പ്രസ്താവനകളുടെയും ആവർത്തനങ്ങളുടെയും, വേണമെങ്കിൽ രാമചന്ദ്രൻ മാഷിൽനിന്നും വ്യത്യസ്തമായ വാചാലതയുടെയും തള്ളിച്ചകൾ കൊണ്ടാണ് മലയാള കാവ്യലോകത്ത് വേറിട്ടുനിൽക്കുന്നതും ശ്രദ്ധേയമാവുന്നതും! അൽപംകൊണ്ട് കൂടുതലുണ്ടാക്കുന്ന ബ്ലേഡ് കേമം, കൂടുതൽകൊണ്ട് കുക്കൂടുതലുണ്ടാക്കുന്ന കൃഷി കുഴപ്പം, മന്ത്രസമാനത ഒകെ. മുദ്രാവാക്യസമാനത പോര, സ്ഥൂലത ശക്തിക്ഷയം, സൂക്ഷ്മത ശക്തിവർധനവ്, പ്രത്യക്ഷപരാമർശം പാപം പരോക്ഷപരാമർശം മാത്രം പുണ്യംഇത്യാദി ബൈനറി സ്തംഭനത്തെയാണ്, അതായത് പരസ്പരം വെച്ചുമാറാവുന്ന, ഇല്ലാതാവുന്ന, ഇരട്ടകൾക്കിടയിൽവെച്ചുള്ള ഇടികളെയാണ്, സൗന്ദര്യശാസ്ത്ര വിശാരദന്മാരുടെ ശാപവചസ്സുകളൊന്നും കാര്യമാക്കാതെ ചുഴലിപ്രതിഭ പി.എ. നാസിമുദ്ദീൻ, ആർ. രാമചന്ദ്രൻ എന്ന മലയാളത്തിലെ, പല കാരണങ്ങളാൽ മികച്ചുനിൽക്കുന്ന പ്രതിരോധകവിതയിൽ പൊടിച്ചുകളഞ്ഞിരിക്കുന്നത്. സത്യത്തിൽ ഇത്തരമൊരു വിശകലനത്തിൽ പി.എ. നാസിമുദ്ദീന്റെ കവിത പൂർണമായും ഉദ്ധരിക്കാവുന്നതാണ്. വിസ്താരഭയത്താലും അതിലുപരി അത് വായനക്കാരോടുള്ള വെല്ലുവിളിയാവുമെന്ന ഭയത്താലും അത്തരമൊരു ശ്രമത്തിന് തുനിയുന്നില്ല.
സൗകര്യത്തിനുവേണ്ടി ആർ. രാമചന്ദ്രൻ എന്ന കവിതയെ രണ്ടായി തിരിക്കാം. രണ്ടിനെയും ചേർത്തുനിർത്തുന്നതാകട്ടെ ഒരൊറ്റ വാക്യവും! അധികാരത്തേയും സർവ പരസ്യപ്രലോഭനങ്ങളെയും പ്രതിരോധിക്കുന്ന എനിക്ക് നേരമില്ല/ ഞാൻ ഈ ലോകത്തിന്റെ ആളല്ല എന്ന ആ ഒറ്റവരിമാത്രമെടുത്താൽ, ഇതിലെന്തോന്ന് കവിതയെന്ന് തോന്നും. എന്നാൽ, ഈയൊരറ്റ വരിയുടെ പല സന്ദർഭങ്ങളിലായുള്ള ആവർത്തനമാണ് കവിതയെ വിരസമാക്കാതെ വ്യവസ്ഥാവിരുദ്ധമാക്കുന്നത്. കവിത തുടങ്ങുന്നത് ഇങ്ങനെ: ചെറുപ്രായത്തിൽ/ മിഠായിതെരുവിൽ വെച്ച്/ ഞാൻ കവി/ ആർ. രാമചന്ദ്രനെ കണ്ടു/ ഭസ്മംപൂശി/ കാലൻകുട നിലത്തൂന്നി നടന്നുപോകുകയായിരുന്നു/ ഞാൻ പിന്നാലെ വെച്ചടിച്ചു/അദ്ദേഹം വേഗത്തിൽ നടന്നു/ മാഷേ! മാഷേ!/ ഞാൻ ആരാധനയോടെ വിളിച്ചു/ അദ്ദേഹം വേഗം കൂട്ടി/ മാഷേ! മാഷേ!! /ഞാൻ ഉറക്കെ വിളിച്ചു/ എനിക്ക് നേരമില്ല/ ഞാൻ ഈ ലോകത്തിന്റെ ആളല്ല/ അദ്ദേഹം വിളിച്ചുപറഞ്ഞു. കവിത അവസാനിക്കുന്ന രണ്ടാംഭാഗം ഇങ്ങനെ: നടന്ന് നടന്ന്/ അദ്ദേഹം കോഴിക്കോട് കടപ്പുറത്തെത്തി/ ചക്രവാളത്തിൽ/ ഒരുമേഘം/ അദ്ദേഹത്തെ/ കാത്തുനിന്നിരുന്നു/ അതിനെ/ കണ്ണിമവെട്ടാതെ/ നോക്കി/ അദ്ദേഹം/ ആനന്ദാധിക്യനായി/ ഒടുവിൽ അതിനോട്/ പറഞ്ഞു/ സന്തോഷം മറ്റുള്ളവരാലും/ പണത്താലും/ മേൽക്കോയ്മയാലും/ കിട്ടുമെന്ന്/ അവർ കരുതുന്നു/ എനിക്ക് നിന്നെ കാണാൻ/ ഇതൊന്നും വേണ്ടല്ലോ/ കവിയുടെ വാക്കുകൾ കേട്ട്/ കാർമേഘം കരഞ്ഞു/ അന്ന്/ ഉഷ്ണത്തിൽ/ മഴ തകർത്തുപെയ്തു/ അതിൽ ഞാൻ കുതിർന്നു/ അതിന്റെ ഇത്തിരി/ തണുപ്പ്/ ഉള്ളിൽ ഇപ്പോഴും ഈ രണ്ട് ഭാഗങ്ങൾക്കിടയിൽ കടന്നുപോവുന്നവർക്കിടയിൽ, കവിയെ വിളിച്ചുനിർത്താൻ നോക്കുന്ന വായനക്കാർ, നിരൂപകർ, പ്രസാധകർ, അക്കാദമിക്കാർ, സ്വീകരണ ചടങ്ങുകാർ, ആവാർഡ് ദാതാക്കൾ തുടങ്ങി എത്രയോ പേരുണ്ട്. അവരെയൊന്നും ശ്രദ്ധിക്കാതെ അവരോടൊക്കെ കവി പറയുന്നത് മുമ്പേ സൂചിപ്പിച്ച, എനിക്ക് നേരമില്ല, ഞാൻ ഈ ലോകത്തിന്റെ ആളല്ല എന്ന അഹന്തയെന്ന് പോലും കരുതാവുന്ന സ്ഥിരം പ്രദർശന പ്രതിരോധ പ്രതികരണമാണ്. എന്നാൽ, കവിതയിൽ ബാക്കിയാവുന്നത് ഉഷ്ണത്തിൽ പെയ്ത മഴയുടെ ഇത്തിരി തണുപ്പാണ്. അതാവട്ടെ വ്യാജതിരക്കുകൾക്കും, നഗ്നമായ പ്രയോജനമാത്ര കാഴ്ചപ്പാടുകൾക്കും, ഫാൻസ്-ഗാങ് മാനസികാവസ്ഥകൾക്കുമെതിരായ ചൂടുള്ള ഒരു അസ്സൽ പ്രതിരോധവുമാണ്. ഏതു സന്ധ്യയാണ്/ എന്റെ കവിതയെ/ കൊത്തിക്കൊണ്ടുപോയത്?/ ഞാൻ അതിനെതേടി/ നടക്കുകയാണ് നക്ഷത്രങ്ങളിൽ/ ഞാൻ നിഴലായ്/ മാറുന്നു. ഒരു സമാഹാരത്തിലും ഇല്ലാത്ത ഈ വരികൾ 1997ൽ കവി എഴുതിയതാണ്. രാമചന്ദ്രൻ മാഷിന്റെ മകൻ മോഹനന് യാദൃച്ഛികമായി കിട്ടിയത് അദ്ദേഹം ഹർഷൻ മാഷിന് അയച്ചുകൊടുത്തു. അദ്ദേഹത്തിൽനിന്നും എനിക്ക് പകർന്നുകിട്ടിയ ഈ വരികളും പകുക്കുന്നത്, പി.എ. നാസിമുദ്ദീന്റെ ആർ. രാമചന്ദ്രൻ എന്ന കവിത പങ്കുവെക്കുന്ന അതേ ഭാവലോകം തന്നെയാണ് എന്നുള്ളത് മറ്റൊരു യാദൃച്ഛികതയുമാവാം.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.