റാം കെയർ ഓഫ് ആനന്ദിയിൽ മുസ്ലിം കഥാപാത്രം ക്രൂരനായത് മനഃപൂർവമല്ല -അഖിൽ പി. ധർമജൻ
text_fieldsഷാർജ: റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലെ ഏക മുസ്ലിം കഥാപാത്രം ക്രൂരനായ പൊലീസുകാരനായി പോയത് മനഃപൂർവമല്ലെന്ന് രചയിതാവ് അഖിൽ പി. ധർമജൻ. വേദനയുണ്ടായ സമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നും അഖിൽ പറഞ്ഞു. ഷാർജ പുസ്തകോത്സവത്തിൽ വായനക്കാരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
താൻ മോശമായി ഒന്നും ചെയ്യുന്നില്ല. ആരെയും അക്രമിക്കുന്നില്ല. എന്നിട്ടും തനിക്കെതിരെ പല കോണുകളിൽനിന്നും അധിക്ഷേപങ്ങൾ വരുന്നു. ചിലർ തന്റെ ശബ്ദത്തെയും വേഷത്തെയും പരിഹസിക്കുന്നു. മറ്റു ചിലർ ‘ബോഡി ഷെയ്മിങ് ചെയ്യുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അവഗണിക്കാനും അതിജീവിക്കാനും പഠിച്ചു.
എഴുത്തുകാരനാവണം എന്നാഗ്രഹിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ട ഒരാളാണ് താൻ. മുമ്പ് തന്നെ ആക്രമിച്ചവർ ഇപ്പോൾ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഒപ്പംനിന്ന് ഫോട്ടോ എടുക്കുന്നത് തന്റെ മധുര പ്രതികാരമാണെന്ന് അഖിൽ പറഞ്ഞു.
മൂന്ന് ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ പുസ്തകം മുന്നൂറ് താളുകൾ എഴുതിയശേഷം പൂർണമായും ഒഴിവാക്കി വീണ്ടും എഴുതിയ പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് എഴുതിയപ്പോൾ കഥ പറയുന്ന രീതിയിൽ ഫലപ്രദമായ മാറ്റം കൊണ്ടുവരാൻ സാധിച്ചു. ആദ്യ രചന പൂർത്തിയാക്കിയശേഷം 2018 എന്ന സിനിമയുടെ തിരക്കഥ എഴുതി.
ഇതിനുശേഷം ഒരിക്കൽ കൂടി വായിച്ചപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ എഴുതാമായിരുന്നു എന്ന് ബോധ്യമായതുകൊണ്ടാണ് ആദ്യം എഴുതിയത് പൂർണമായും ഒഴിവാക്കിയതെന്നും അഖിൽ വിശദീകരിച്ചു. നോവൽ സിനിമയാക്കുമ്പോൾ പ്രണവ്, സായ് പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് മനസ്സിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇനി സംവിധായികയുടെ താൽപര്യം കൂടി മാനിച്ചാവും അഭിനേതാക്കളെ തിരഞ്ഞെടുക്കുക.
ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ നോവലിന് ഒരു ഫ്രഞ്ച് വെബ് സീരീസുമായി സാമ്യമുണ്ടെന്ന് വന്നതോടെ താൻ വിഷാദത്തിലേക്ക് വീണുപോയി. പിന്നീട് ചികിത്സയുടെ സഹായത്തോടെയാണ് എഴുത്തുജീവിതത്തിലേക്ക് തിരികെ വന്നത്. നോവൽ പുതിയ ഭാവുകത്വത്തോടെ എഴുതി പൂർത്തിയാക്കിയെന്നും അടുത്തവർഷം ജനുവരിയിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.